Sorry, you need to enable JavaScript to visit this website.

ടിക്കറ്റും പാസ്‌പോർട്ടും വേണ്ട; വിമാനത്തിൽ കയറാം, മുജാഹിദ് സമ്മേളനത്തിലെ കിഡ്‌സ് പാർക്കിലേക്ക് സന്ദർശകപ്രവാഹം

കരിപ്പൂർ (മലപ്പുറം) - ടിക്കറ്റും പാസ്‌പോർട്ടുമില്ലാതെ കുട്ടികൾക്ക് വിമാനത്തിൽ കയറാം. ഈമാസം 15 മുതൽ നാലുദിവസം കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഇന്നു മുതൽ ആരംഭിച്ച കിഡ്‌സ് പാർക്കിലാണ് കുട്ടികൾക്ക് ആവേശവും ആഹ്ലാദവും സമ്മാനിക്കുംവിധം വിമാനത്തിൽ കയറാൻ അവസരം ഒരുക്കിയത്.
 15000 ചതുരശ്ര അടി വിസ്തൃതിയുള്ള പ്രത്യേക പവിലിയനിൽ നടക്കുന്ന കിഡ്‌സ് പോർട്ടിൽ അഞ്ച് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. പൂർണ്ണമായും എയർപോർട്ട് മാതൃകയിലാണ് കിഡ്‌സ് പോർട്ടിലെ ക്രമീകരണങ്ങളെല്ലാം. വിജ്ഞാനവും വിനോദവും കോർത്തിണക്കിയ ആകർഷകമായ കാഴ്ചകൾ, കളികൾ, പ്ലേലാൻഡ്, കിഡ്‌സ് എക്‌സ്‌പോ, എ ഐ, റോബോട്ടിക്‌സ് തുടങ്ങി നിരവധി ഇനങ്ങൾ കിഡ്‌സ് പോർട്ടിൽ ഒരുക്കിയിട്ടുണ്ട്. പരിശീലനം നേടിയ അഞ്ഞൂറിലധികം വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് കിഡ്‌സ്  എഡുടൈൻമെന്റ് പാർക്ക് പ്രവർത്തിക്കുന്നത്. ഉദ്ഘാടനദിവസം തന്നെ ആയിരക്കണക്കിന് കുട്ടികളാണ് കിഡ്‌സ് പാർക്കിലേക്ക് ഒഴുകിയെത്തിയത്. വിവിധ വിദ്യാലയങ്ങളിൽ നിന്ന് പ്രത്യേക വാഹനത്തിൽ ആയിരക്കണക്കിന് കുട്ടികളാണ് കിഡ്‌സ് പോർട് സന്ദർശനത്തിനെത്തിയത്. വരും ദിവസങ്ങളിൽ ഇത് വലിയ തോതിലുണ്ടാവും. സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും വിവിധ മുജാഹിദ് മദ്രസകളിൽനിന്നും മറ്റും നേരത്തെതന്നെ ബുക്ക് ചെയ്തും അല്ലാതെയും കുട്ടികളുമായി അധ്യാപകരും രക്ഷിതാക്കളും സംഘടനാപ്രവർത്തകരും കരിപ്പൂരിലെ വെളിച്ചം സമ്മേളന നഗരിയിലേക്ക് പ്രവഹിക്കുകയാണെന്ന് സംഘാടകർ പറഞ്ഞു.
 ഇന്റർനാഷണൽ ചിൽഡ്രൻ പീസ് പ്രൈസ് ഫൈനലിസ്റ്റും ഉജ്ജ്വലബാല്യ പുരസ്‌കാര ജേതാവുമായ ആസിം വെളിമണ്ണ കിഡ്‌സ് പോർട്ട് ഉദ്ഘാടനം ചെയ്തു. ഫാത്തിമ മിൻഹ മുഖ്യാതിഥിയായി. എൻ.എം അബ്ദുൽജലീൽ അധ്യക്ഷത വഹിച്ചു. ഐ ജി എം ഭാരവാഹികളായ ഫാത്തിമ ഹിബ, നദ നസ്‌റീൻ, എം എസ് എം ജനറൽ സെക്രട്ടറി ആദിൽ നസീഫ്, നബീൽ പാലത്ത്, ഷഹീം പാറന്നൂർ പ്രസംഗിച്ചു.
 കാർഷിക സംസ്‌കൃതി പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന കാർഷിക മേളയും ഇതോടനുബന്ധിച്ച് പ്രത്യേകം സംഘടിപ്പിച്ചിട്ടുണ്ട്. ഫഌവർ ഷോ, തൈകളുടെയും വിത്തിനങ്ങളുടെയും പ്രദർശനവും വില്പനയും, മൺപാത്ര നിർമ്മാണം, ഫോട്ടോ എക്‌സിബിഷൻ, ചെറുധാന്യങ്ങൾ തുടങ്ങി നാല്പതോളം വൈവിധ്യമാർന്ന വിഷയങ്ങൾക്കാണ് കാർഷിക മേളയിൽ ഊന്നൽ നൽകിയിരിക്കുന്നത്. ഖുർആൻ പരാമർശിച്ച ഭക്ഷ്യവസ്തുക്കളുടെ പ്രദർശനവും കാർഷിക മേളയിലുണ്ട്. മജാഹിദ് യുവജന വിഭാഗമായ ഐ എസ് എമ്മിന്റെ പരിസ്ഥിതി വിഭാഗമായ ബ്രദർനാറ്റ് ആണ് കാർഷിക മേളയുടെ സംഘാടകർ.
 അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ് ഡയറക്ടർ ടി കെ സൈഫുന്നീസ മേള ഉദ്ഘാടനം ചെയ്തു. പ്രഫ. എം ഹാറൂൺ അധ്യക്ഷത വഹിച്ചു. ഡോ. റജുൽ ഷാനിസ്, ഡോ. ലബീദ് അരീക്കോട്, യൂനുസ് നരിക്കുനി, ഡോ. യൂനുസ് ചെങ്ങര, സിദ്ദീഖ് തിരുവണ്ണൂർ, കെ പി ഖാലിദ് പ്രസംഗിച്ചു. കാർഷിക മേളയോടനുബന്ധിച്ച് എല്ലാ ദിവസവും സായാഹ്ന സെമിനാറുകളുമുണ്ട്.
 സമ്മേളനഗരിയിലെ ദി മെസേജ് എക്‌സിബിഷൻ, ബുക്സ്റ്റാൾജിയ എന്നിവയിലേക്കും കാലത്ത് മുതൽ സ്ത്രീകളും കുട്ടികളുമടക്കം വൻ ജനപ്രവാഹമാണുണ്ടായത്. രാത്രിയും സന്ദർശകപ്രവാഹം തുടർന്നു. ബുക്സ്റ്റാൾജിയയിലും കാർഷിക മേളയിലും കിഡ്‌സ് പാർക്കിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. മുജാഹിദ് സമ്മേളനങ്ങളുടെ ചരിത്രത്തിലാദ്യമായാണ് സമ്മേളനത്തിനു ദിവസങ്ങൾക്ക് മുമ്പേ ഇത്രയും വലിയ ജനപ്രവാഹം അനുഭവപ്പെടുന്നത്.
 

Latest News