തിരുവന്തപുരത്തെ തമ്പിയും ഡല്‍ഹിയിലെ അണ്ണനും തമ്മില്‍ അന്തര്‍ധാര: വി. ഡി സതീശന്‍  

കണ്ണൂര്‍- കേന്ദ്രത്തിലും കേരളത്തിലുമുള്ളത് അണ്ണനും തമ്പിയുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്റെ പരിഹാസം. തിരുവന്തപുരത്തെ തമ്പിയും  ഡല്‍ഹിയിലെ അണ്ണനും കൂടി ഇവിടെ അന്തര്‍ധാരയുണ്ടാക്കിയിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. സമരാഗ്നി ജാഥക്ക് കണ്ണൂരില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു വി. ഡി. സതീശന്‍. 

പിണറായി സര്‍ക്കാര്‍ അഴിമതി നടത്തി കേരളത്തെ തകര്‍ത്തു. തനിക്കെതിരെ ഒരു ആരോപണം സി. പി. എം നിയമസഭയില്‍ കൊണ്ടു വന്നു. കെ. റെയില്‍ വന്നിരുന്നുവെങ്കില്‍ അയല്‍ സംസ്ഥാനത്തെ ഐ. ടി കമ്പനികള്‍ പൂട്ടിപ്പോകുമെന്ന് പറഞ്ഞ് തനിക്ക് പണം തന്നെന്നും അത് ബംഗളൂരുവില്‍ നിക്ഷേപിച്ചെന്നുമായിരുന്നു ആരോപണം. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണം നിയമസഭയില്‍ വന്നപ്പോള്‍ അതിനെ പ്രതിരോധിക്കാനായിരുന്നു ഇത്തരത്തിലൊരു ആരോപണം അവര്‍ കൊണ്ടുവന്നത.് അത് അന്നുതന്നെ ചീറ്റിപ്പോയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

എല്‍. പി സ്‌കൂള്‍ അധ്യാപികയുടെ പെന്‍ഷന്‍ കൊണ്ട് 100 കോടിയുടെ കമ്പനി തുടങ്ങാമെങ്കില്‍ എത്ര അധ്യാപകരുടെ മക്കള്‍ ഇവിടെ കമ്പനി തുടങ്ങിയിട്ടുണ്ടാവും. വര്‍ഷത്തില്‍ നിരവധി അധ്യാപകരാണ് ഇവിടെ വിരമിക്കുന്നത.് ശങ്കരാടി പറഞ്ഞത് പോലെ കൈരേഖ കാട്ടി തന്റെ  കൈകള്‍ ശുദ്ധമാണെന്ന് പറഞ്ഞ് നടക്കുകയാണെന്നും സതീശന്‍ പറഞ്ഞു.

ബി. ജെ. പിയുടെയും സി. പി. എമ്മിന്റെയും ഒറ്റ ലക്ഷ്യം കോണ്‍ഗ്രസ് മുക്ത ഭാരതമാണ്. ഇതിനെതിരെ നമ്മള്‍ പോരാടണം. കര്‍ഷകരുടെ കണ്ണുനീരില്‍ നിന്നാണ് ഈ അഗ്നിയുണ്ടായത.് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിക്കാതവരുടെ കണ്ണില്‍ നിന്നുടലെടുത്ത അഗ്നിയാണ് ഈ സമരാഗ്നിയെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ഡി. സി. സി പ്രസിഡണ്ട് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു.

Latest News