നടപടിക്രമം പാലിക്കാതെ വീടുകള്‍ തകര്‍ത്തു; ഹരജിക്കാരന് നഷ്ടപരിഹാരം; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ഭോപാല്‍- നടപടിക്രമങ്ങളില്ലാതെ അനധികൃതമായി വീടുകള്‍ തകര്‍ത്ത സംഭവത്തില്‍ ഹരജിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉജ്ജയിന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനോട് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ്.

നഷ്ടപരിഹാരം നല്‍കുമ്പോള്‍ പഞ്ചനാമ കെട്ടിച്ചമച്ചതില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാനും ജസ്റ്റിസ് വിവേക് റുസിയ ഉജ്ജൈന്‍ മുന്‍സിപ്പല്‍ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സിവില്‍ കോടതി മുഖേന കൂടുതല്‍ നഷ്ടപരിഹാരം വാങ്ങാന്‍ ഹര്‍ജിക്കാര്‍ക്ക് കോടതി അനുമതി നല്‍കി.

നടപടിക്രമങ്ങള്‍ പാലിക്കാതെ തദ്ദേശ സ്ഥാപനങ്ങള്‍ വീടുകള്‍ പൊളിക്കുന്ന പ്രവണതയും പത്രങ്ങളില്‍ നോട്ടീസ് പ്രസിദ്ധീകരിക്കുന്ന പ്രവണതയും കോടതി വിമര്‍ശിച്ചു. റെഗുലറൈസേഷന്‍ നേടിയെടുക്കുന്നതിലൂടെ സാഹചര്യം ശരിയാക്കാന്‍ വീട്ടുടമസ്ഥന് അവസരം നല്‍കണമെന്നംും പൊളിക്കല്‍ അവസാനത്തെ പദ്ധതിയായിരിക്കണമെന്നും കോടതി ഊന്നിപ്പറഞ്ഞു. 

ഉജ്ജയിനില്‍ തന്റെ വീടുകള്‍ തകര്‍ത്തതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് രാധാ ലാംഗ്രി സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. കൃത്യമായ അനുമതിയില്ലാതെയാണ് വീടുകള്‍ നിര്‍മിച്ചതെന്നാണ് നഗരസഭ വാദിച്ചത്. 

എന്നാല്‍, പൊളിക്കുന്നതില്‍ അപാകതയുണ്ടെന്ന് കോടതി കണ്ടെത്തി. പൊളിക്കലിനെ ന്യായീകരിക്കാന്‍ ഉപയോഗിച്ച പഞ്ചനാമ കെട്ടിച്ചമച്ചതാണെന്നും ശരിയായ സ്ഥലം സന്ദര്‍ശിക്കാതെ നല്‍കിയതാണെന്നും വിധിയില്‍ ചൂണ്ടിക്കാട്ടി. വസ്തുനികുതി രേഖകളില്‍ നിന്നുള്ള പരിശോധനയുടെ അഭാവത്തെയും യഥാര്‍ഥ ഉടമകള്‍ക്ക് നോട്ടീസ് നല്‍കാത്തതിനെയും കോടതി വിമര്‍ശിച്ചു.

ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ നല്‍കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും കോടതി മുന്‍സിപ്പല്‍ കോര്‍പറേഷനോട് നിര്‍ദ്ദേശിച്ചു. കെട്ടിടനിര്‍മ്മാണാനുമതിയോ അവയുടെ നിര്‍മ്മാണം ക്രമപ്പെടുത്തുന്നതിനോ അപേക്ഷ സമര്‍പ്പിക്കാനും ഹര്‍ജിക്കാരോട് നിര്‍ദ്ദേശിച്ചു.

Latest News