Sorry, you need to enable JavaScript to visit this website.

VIDEO - ചെങ്കടലിൽ രഹസ്യങ്ങൾ തേടി ദശാബ്ദത്തിന്റെ യാത്ര 

ജിദ്ദ - ചെങ്കടലിന്റെ രഹസ്യങ്ങളുടെ പെട്ടി തുറന്ന് നാഷണൽ സെന്റർ ഫോർ വൈൽഡ്‌ലൈഫിന്റെ പര്യവേക്ഷണ യാത്ര. ആഗോള ഗവേഷണ കപ്പലായ ഓഷ്യൻ എക്‌സ്‌പ്ലോററുമായും അൽഅസീസി കപ്പലുമായും സഹകരിച്ചാണ് നാഷണൽ സെന്റർ ഫോർ വൈൽഡ്‌ലൈഫ് ചെങ്കടലിന്റെ രഹസ്യങ്ങൾ തേടി ദശാബ്ദത്തിന്റെ യാത്ര എന്ന് പേരിട്ട പര്യവേക്ഷണ യാത്ര സംഘടിപ്പിച്ചത്. 19 ആഴ്ച നീണ്ടുനിന്ന പര്യവേക്ഷണ യാത്ര, സമുദ്ര പരിതസ്ഥിതിയിലും ധാതുക്കളിലും മറ്റും അതിശയകരമായ നിരവധി കണ്ടെത്തലുകൾ നടത്തി. ചെങ്കടലിന്റെ പരിതസ്ഥിതികൾ, സസ്തനികൾ, ജൈവവൈവിധ്യങ്ങൾ, പാരിസ്ഥിതിക സവിശേഷതകൾ എന്നിവയെ കുറിച്ച യഥാർഥ കാഴ്ചപ്പാട് വികസിപ്പിക്കാനും കടൽ പുല്ലുകൾ, കടലാമകൾ, പവിഴപ്പുറ്റുകൾ, മറ്റു ജീവികൾ എന്നിവയുടെ ജൈവഭൂപടങ്ങൾ തയാറാക്കാനും ലക്ഷ്യമിട്ട് മുമ്പ് പഠന വിധേയമാക്കിയിട്ടില്ലാത്ത പ്രദേശങ്ങളിൽ, പ്രത്യേകിച്ച് ചെങ്കടലിന്റെ തെക്കേ അറ്റം മുതൽ വടക്ക് അൽഅഖബ ഉൾക്കടൽ വരെയുള്ള പ്രദേശങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചായിരുന്നു പര്യവേക്ഷണ യാത്ര. 

3,783 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന പ്രദേശത്തിന്റെ കൃത്യമായ ആകാശ സർവേയും ആളുകളുള്ള അന്തർവാഹിനികളുടെ 44 യാത്രകളും റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന അന്തർവാഹിനികളുടെ 133 യാത്രകളും അസാധാരണമായ പര്യവേക്ഷണ യാത്രയിൽ ഉൾപ്പെടുന്നു. പവിഴപ്പുറ്റുകളുടെ സർവേ നടത്തിയതിലൂടെ ഡൈവിംഗിനുള്ള ആകർഷകമായ നിരവധി സ്ഥലങ്ങളും നിരവധിയിനം മനോഹരമായ പവിഴപ്പുറ്റുകളും കണ്ടെത്തി. 

വിവിധ തരം സ്രാവുകൾ, തിമിംഗലങ്ങൾ എന്നിവയുൾപ്പെടെ നിരവധി വലിയ ജീവികളെയും ചെങ്കടലിൽ കണ്ടെത്തി. ചെങ്കടലിന്റെ തെക്കൻ തീരത്ത് നിരവധി നീല ദ്വാരങ്ങളും കണ്ടെത്തി. കടലാമകൾ, മത്സ്യങ്ങൾ, സമുദ്ര സസ്തനികൾ എന്നിവയുൾപ്പെടെ നിരവധി സമുദ്ര ജീവികൾക്ക് സുരക്ഷിതമായ അഭയസ്ഥാനം നൽകുന്ന മനോഹരമായ ഭൂഗർഭ രൂപങ്ങൾ ആകർഷകമായ ജൈവവൈവിധ്യം സൃഷ്ടിക്കുന്നു. റെഡ് സീ ഡീകേഡ് എക്‌സ്‌പെഡിഷൻ എന്ന് പേരിട്ട പര്യവേക്ഷണ യാത്രയിൽ നിന്നുള്ള ദൃശ്യങ്ങൾ കോർത്തിണക്കിയ വീഡിയോ നാഷണൽ സെന്റർ ഫോർ വൈൽഡ്‌ലൈഫ് പുറത്തുവിട്ടു. 
 

Latest News