മനുഷ്യരെ വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞു കൊടുത്ത വനം വകുപ്പ് മന്ത്രി രാജിവയ്ക്കണം: വി. ഡി സതീശന്‍ 

കാസര്‍കോട്- മാനന്തവാടിയില്‍ ആനയുടെ കുത്തേറ്റ് ഒരാള്‍ മരിച്ച സംഭവം ദൗര്‍ഭാഗ്യകരമാണെന്നും വനാതിര്‍ത്തികളില്‍ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുകയാണെന്നും പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ പറഞ്ഞു. സമരാഗ്നിയുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കാര്‍ഷിക മേഖലയിലെ 30 ലക്ഷത്തോളം ജനങ്ങളുടെ ജീവനും അവരുടെ കാര്‍ഷിക ഉത്പന്നങ്ങളുമാണ് വന്യജീവി ആക്രമണത്തിന് ഇരയാകുന്നത്. എന്നിട്ടും സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്. ജില്ലയില്‍ കടുവയുടെ ഭീഷണിയുണ്ടെന്ന വിഷയം നിയമസഭയില്‍ അവതരിപ്പിച്ച എം. എല്‍. എയെ ആക്ഷേപിക്കുന്ന രീതിയിലാണ് വയനാട് ജില്ലയുടെ ചാര്‍ജുള്ള വനം മന്ത്രി എ. കെ ശശീന്ദ്രന്‍ സംസാരിച്ചത്. 

ആനയെ ട്രാക്ക് ചെയ്യുന്നതില്‍ വനം വകുപ്പ് പരാജയപ്പെട്ടതാണ് ഒരാളുടെ ജീവന്‍ നഷ്ടമാക്കിയത്. ഒന്നും ചെയ്യാതെ മനുഷ്യരെ വനം വകുപ്പും വകുപ്പ് മന്ത്രിയും വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞു കൊടുക്കുകയാണ്. വനം വകുപ്പ് മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ല. രാജിവയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നത്. വിഷയം നിയമസഭയില്‍ അവതരിപ്പിക്കുമ്പോള്‍ നടപടി സ്വീകരിക്കാതെ യാന്ത്രികമായ മറുപടിയാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. വന്യജീവി സംഘര്‍ഷത്തില്‍ മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം പോലും നല്‍കുന്നില്ല. കര്‍ഷകരുടെ സങ്കടങ്ങള്‍ കാണാതെ കണ്ണും കാതും മൂടി വച്ചിരിക്കുന്ന സര്‍ക്കാരാണിത്. ബജറ്റില്‍ പോലും ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങളില്ല.

സര്‍ക്കാര്‍ എവിടെയൊക്കെയാണ് പരാജയപ്പെട്ടതെന്ന വിഷയങ്ങളാണ് സമരാഗ്‌നിയുടെ ഭാഗമായി ചര്‍ച്ച ചെയ്യുന്നത്. സമൂഹിക സുരക്ഷാ പദ്ധതികളെല്ലാം തകര്‍ന്നു. പെന്‍ഷനും ക്ഷേമനിധി ആനുകൂല്യങ്ങളും പൂര്‍ണമായും ഇല്ലാതായി. അംഗന്‍വാടി ക്ഷേമനിധിയില്‍ അംശാദായം അടച്ച് റിട്ടയര്‍ ചെയ്തവര്‍ക്ക് ഒരു വര്‍ഷമായി ഒരു ആനുകൂല്യങ്ങളും ഇല്ല. കാരുണ്യ പദ്ധതി അനുകൂല്യങ്ങള്‍ ആര്‍ക്കും ലഭിക്കുന്നില്ല. വികസന പദ്ധതികള്‍ പൂര്‍ണമായും തടസപ്പെട്ടു. 

കേന്ദ്ര സര്‍ക്കാര്‍ വിദ്വേഷത്തിന്റെ കാമ്പയിന്‍ നടത്തി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കേന്ദ്രത്തിലെ ഫാഷിസ്റ്റ് സര്‍ക്കാരും കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരും സന്ധി ചെയ്തിരിക്കുകയാണ്. ഇതും ജനങ്ങള്‍ക്ക് മുന്നില്‍ അനാവരണം ചെയ്യും. 

കാസര്‍കോട്ടം ജനങ്ങളുടെ പരാതികള്‍ ബന്ധപ്പെട്ട സര്‍ക്കാരുകളെയും വകുപ്പുകളെ അറിയിച്ച് പരിഹാരമുണ്ടാക്കും. അതിനായി എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ളവരെ ചുമതലപ്പെടുത്തും. പ്രതിപക്ഷത്ത് ഇരിക്കുന്നു എന്നതിന്റെ പരിമിതിയും നേട്ടവുമുണ്ട്. അത് മനസിലാക്കി പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്നും വി. ഡി. സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സ്വീകരിക്കാനും യാത്ര അയയ്ക്കാനും പോയതിനെ വിമര്‍ശിച്ചിട്ടില്ല. പക്ഷെ മുഖ്യമന്ത്രിയുടെ ഒരു നില്‍പ്പുണ്ട്. അത് സാധാരണ കാണുന്ന പിണറായി വിജയനല്ല. അതു പോലുള്ള പിണറായി വിജയന്റെ ഒരി ചിത്രവും കാണിച്ചു തരാന്‍ പറ്റില്ല. ആ നില്‍പിനെ കുറിച്ചാണ് പറഞ്ഞത്. 

രാജ്മോഹന്‍ ഉണ്ണിത്താന്‍ എം. പി എന്ന നിലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിക്കും യു. ഡി. എഫിനും അഭിമാനമുണ്ട്. അതുകൊണ്ടാണ് വന്നു കണ്ടു കീഴടക്കിയെന്ന് കെ. സി വേണുഗോപാല്‍ പറഞ്ഞത്. ഇപ്പോഴാണ് കാസര്‍കോടുകാര്‍ എം. പിയെ കാണുന്നത്. എല്ലാ വിഷയങ്ങളിലും എം. പി ഇടപെട്ടിട്ടുണ്ടെന്നാണ് പരാതി പറയാന്‍ എത്തിയവരെല്ലാം പറഞ്ഞത്. രാജ്മോഹന്‍ ഉണ്ണിത്താന്‍ പാര്‍ലമെന്റില്‍ ആദ്യം അവതരിപ്പിച്ചതും എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ട വിഷയമാണ്. 

നവകേരള സദസിലെ പൗരപ്രമുഖരുമായുള്ള ബ്രേക്ക് ഫാസ്റ്റ് മീറ്റിങ് പോലെയല്ല സമരാഗ്‌നിയുടെ ഭാഗമായി സാധാരണക്കാരുമായി സംവദിച്ചത്. ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി എല്ലാവരുമായും സംസാരിച്ചു. അതാണ് നവകേരള സദസില്‍ പിണറായി കോപ്പിയടിച്ചതെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. നവകേരള സദസില്‍ മുന്‍കൂട്ടി തീരുമാനിച്ച പത്ത് പൗരപ്രമുഖരുമായാണ് സംസാരിച്ചത്. അവിടെ മാധ്യമ പ്രവര്‍ത്തകരെ പോലും കയറ്റിയില്ല. എന്നാല്‍ സമരാഗ്നിയുമായി ബന്ധപ്പെട്ട് എത്തിയ എല്ലാവരുമായും ഞങ്ങള്‍ സംസാരിച്ചു. ഇതുമായി നവകേരള സദസിന് ഒരു താരതമ്യവുമില്ല. 

സി. പി. എം ദേശീയ തലത്തില്‍ വലിയൊരു ചലനമുണ്ടാക്കും എന്ന ഭയമൊന്നുമില്ല. ബി. ജെ. പി ചെയ്യുന്നത് പോലെ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് കേരളത്തില്‍ സി. പി. എമ്മും നടത്തുന്നത്. മോഡിയുടെ വര്‍ഗീയ കാമ്പയിന്‍ നേരിടുന്നതു പോലെ മതേതരത്വം കൊണ്ടാണ് പിണറായിയെയും നേരിടുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ധൂര്‍ത്തും അഴിമതിയും മറച്ചു വച്ചാണ് എല്ലാ പ്രതിസന്ധിക്കും കാരണം കേന്ദ്രമാണെന്ന് പറയുന്നത്. 14, 15 ധനകാര്യ കമ്മീഷനുകള്‍ തമ്മിലുള്ള ഡെവലൂഷന്‍ ഓഫ് ടാക്സുമായി ബന്ധപ്പെട്ട പ്രശ്നം 18 യു. ഡി. എഫ് എം. പിമാരും കേന്ദ്ര ധനകാര്യ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യമാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വവും കര്‍ണാടക, ഹിമാചല്‍ സര്‍ക്കാരുകളും പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകളും ഉന്നയിക്കുന്നത്. 57800 കോടി കേന്ദ്രത്തില്‍ നിന്നും കിട്ടാനുണ്ടെന്ന് പറയുന്നത് പച്ചക്കള്ളമാണ്. ഇക്കാര്യം നിയമസഭയില്‍ യു. ഡി. എഫ് പൊളിച്ചടുക്കിയതുമാണ്. അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും മറയ്ക്കാനാണ് ഡല്‍ഹിയില്‍ സമരം ചെയ്തത്. കേന്ദ്രത്തില്‍ നിന്നും കിട്ടിയ പണം പോലും ഫലപ്രദമായി ഉപയോഗിച്ചിട്ടില്ല. സര്‍ക്കാര്‍ പ്രതിരോധത്തിലായപ്പോഴാണ് സമരത്തിന് പോയത്. നവകേരള സദസ് ഗംഭീരമായിരുന്നെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ഇത് ജനങ്ങളാണ് വിലയിരുത്തേണ്ടതെന്നും വി. ഡി. സതീശന്‍ പറഞ്ഞു.

Latest News