പാക്കിസ്ഥാനില്‍ മുസ്‌ലിം ലീഗ്-പി.പി.പി സഖ്യസര്‍ക്കാരിന് വഴി തെളിയുന്നു

ലാഹോര്‍ - പാകിസ്ഥാനില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫീന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ മുസ്ലിം ലീഗും ബിലാവര്‍ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പിപിപിയും സര്‍ക്കാര്‍ രൂപീകരണത്തിനായി ചര്‍ച്ച നടത്തി.
ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നയിക്കുന്ന പാകിസ്ഥാന്‍ തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്ന് വ്യക്തമായതോടെയാണ് മറുപക്ഷത്തുള്ള പ്രധാന പാര്‍ട്ടികള്‍ ഒന്നിക്കാന്‍ തീരുമാനിച്ചത്.
നവാസ് ഷരീഫിന്റെ സഹോദരനും പിഎംഎല്‍എന്‍ പ്രസിഡന്റുമായ ഷഹബാസ് ഷരീഫും ബിലാവല്‍ ഭൂട്ടോയും നടത്തിയ ചര്‍ച്ചയില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയായി. മുന്‍ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും കൂടിക്കാഴ്ചയില്‍ പങ്കാളിയായി.
സ്വതന്ത്രരുടെയും മറ്റുപാര്‍ട്ടികളുടെയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരണത്തിന് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയും ശ്രമം നടത്തുന്നുണ്ട്. ആകെയുള്ള 266 സീറ്റുകളില്‍ നിലവില്‍ ഫലം പ്രഖ്യാപിച്ചത് 250 സീറ്റുകളിലാണ്. ഇതില്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്ക് 91 സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. നവാസ് ഷരീഫിന്റെ പിഎംഎല്‍എന്‍ പാര്‍ട്ടിക്ക് 71ഉം പിപിപിക്ക് 53 സീറ്റുകളുമാണുള്ളത്.

 

 

Latest News