Sorry, you need to enable JavaScript to visit this website.

ചെങ്കടലിലെ ഹൂത്തി ആക്രമണം ഈജിപ്തിനെ പ്രതിസന്ധിയിലാക്കുമെന്ന് ഐ.എം.എഫ്

ജിദ്ദ - ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ ലക്ഷ്യമിട്ട് യെമനിലെ ഹൂത്തി മിലീഷ്യകള്‍ നടത്തുന്ന ആക്രമണങ്ങള്‍ ഈജിപ്തിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്ന് അന്താരാഷ് ട്ര നാണയനിധി മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റാലിന ജോര്‍ജിയേവ പറഞ്ഞു. ഹൂത്തി ആക്രമണങ്ങള്‍ ഏറ്റവും രൂക്ഷമായി ബാധിക്കുന്നത് സൂയസ് കനാല്‍ വരുമാനത്തെ ആശ്രയിക്കുന്ന ഈജിപ്തിനെയാണ്. ചെങ്കടലിലെ സംഭവവികാസങ്ങള്‍ കാരണം സൂയസ് കനാല്‍ വരുമാനത്തില്‍ പ്രതിമാസം 10 കോടി ഡോളറിന്റെ വീതം നഷ്ടം ഈജിപ്ത് നേരിടുന്നു. ഇത് ഈജിപ്തില്‍ വിലക്കയറ്റത്തില്‍ കൂടുതല്‍ സമ്മര്‍ദങ്ങള്‍ ചെലുത്തും.
ഹൂത്തി ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങള്‍ ഐ.എം.എഫ് ദിവസേന നിരീക്ഷിക്കുന്നുണ്ട്. ചെങ്കടല്‍ വഴിയുള്ള കപ്പല്‍ ഗതാഗതം പകുതിയായി കുറഞ്ഞിട്ടുണ്ട്. ഇതിനര്‍ഥം കപ്പലുകള്‍ 3,200 മൈല്‍ ദൂരം അധികം സഞ്ചരിക്കണമെന്നാണ്. ഇത് കപ്പലുകളുടെ യാത്രാ സമയത്തില്‍ ഒമ്പതു ദിവസത്തിന്റെ വര്‍ധനവുണ്ടാക്കും. ഇത് കപ്പലുകളുടെ ഇന്‍ഷുറന്‍സ് നിരക്ക് ഉയര്‍ത്തുകയും ചെയ്യും.
ഈ വര്‍ഷവും അടുത്ത കൊല്ലവും ആഗോള സാമ്പത്തിക വളര്‍ച്ചാ നിരക്ക് പതുക്കെ മെച്ചപ്പെടുമെന്നാണ് കരുതുന്നത്. സാമ്പത്തിക വളര്‍ച്ച 3 ശതമാനം മുതല്‍ 3.1 ശതമാനം വരെയാകും. കോവിഡ് മഹാമാരിക്കു മുമ്പ് ശരാശരി വളര്‍ച്ച 3.8 ശതമാനമായിരുന്നു. ഇതിനെക്കാള്‍ കുറഞ്ഞ വളര്‍ച്ചയാണ് ഈ കൊല്ലവും അടുത്ത വര്‍ഷവും പ്രതീക്ഷിക്കുന്നത്. ഏതാനും ജിയോപൊളിറ്റിക്കല്‍ ഘടകങ്ങള്‍ ആഗോള സാമ്പത്തിക വളര്‍ച്ചയെ വലിയ തോതില്‍ ബാധിക്കും. ഈ ഘടകങ്ങള്‍ കൂടുതല്‍ വഷളാകുന്നത് ലോകത്തിന്റെ വളര്‍ച്ചാ സാധ്യതകളെ ഇരുളടഞ്ഞതാക്കും.
യുദ്ധങ്ങളോ കാലാവസ്ഥാ വ്യതിയാനമോ മൂലം സംഭവിക്കാവുന്ന അപ്രതീക്ഷിത കാര്യങ്ങള്‍ ആശങ്കയുണ്ടാക്കും. ഇത്തരം ആഘാതങ്ങള്‍ക്കുള്ള സാധ്യത കൂടിയിട്ടുണ്ട്. ഇവ നേരിടാന്‍ ലോക രാജ്യങ്ങള്‍ ഒരുക്കങ്ങള്‍ നടത്തണം. ന്യായവും കാര്യക്ഷമവുമായ നികുതി സമ്പ്രദായങ്ങളിലൂടെ വരുമാനം ശേഖരിക്കുന്നതില്‍ രാജ്യങ്ങള്‍ അച്ചടക്കം പാലിക്കണം. ധനവിനിയോഗത്തിലും രാജ്യങ്ങള്‍ അച്ചടക്കം പാലിക്കണം.
നിര്‍മിത ബുദ്ധി ഉല്‍പാദനക്ഷമത ഉയര്‍ത്തുകയും വളര്‍ച്ചാ നിരക്ക് ഉയര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. ആഗോള തൊഴില്‍ വിഭജനം പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ രാജ്യങ്ങള്‍ക്ക് സാധിക്കാത്തതിനാല്‍ സമ്പത്തിന്റെ കാര്യത്തില്‍ ഉയര്‍ന്ന തലത്തിലുള്ള വ്യതിയാനമാണ് കാണുന്നത്. ചില രാജ്യങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുന്നു, എന്നാല്‍ മറ്റു പല രാജ്യങ്ങളും വളരെ പിന്നിലാണ്. ഇത് ആഗോള തലത്തില്‍ പിരിമുറുക്കം വര്‍ധിപ്പിക്കുന്നതായും ക്രിസ്റ്റാലിന ജോര്‍ജിയേവ പറഞ്ഞു.
നിര്‍മിത ബുദ്ധിയും ദ്രുതഗതിയിലുള്ള സാങ്കേതിക പുരോഗതിയുമാണ് ഭാവി. ഈ മേഖലകളില്‍ മുന്‍കൂട്ടി നിക്ഷേപങ്ങള്‍ നടത്തേണ്ടത് പ്രാധാന്യം അര്‍ഹിക്കുന്നു. പുതിയ സമ്പദ്‌വ്യവസ്ഥയുടെ പശ്ചാത്തലത്തില്‍ വിജയത്തിന് ഡിജിറ്റല്‍ പശ്ചാത്തല മേഖലയിലെ നിക്ഷേപം നിര്‍ണായകമാണ്. ചരക്കുകളുടെയും ആളുകളുടെയും കാര്യക്ഷമവും ഫലപ്രദവുമായ ഒഴുക്ക് അനുവദിക്കുന്ന അടിസ്ഥാന സൗകര്യങ്ങളിലുള്ള നിക്ഷേപം രാജ്യങ്ങളുടെ മത്സരക്ഷമതക്ക് നിര്‍ണായകമാകും. ഒരു രാജ്യത്തിന് നിര്‍മിത ബുദ്ധി കാര്യക്ഷമമായി ഉപയോഗിക്കാനുള്ള സാമ്പത്തിക ശേഷിയും കഴിവും എത്രത്തോളം ഉണ്ടോ അത്രത്തോളം മത്സരക്ഷമതയിലും ആഗോള സമ്പദ്‌വ്യവസ്ഥയിലും അതിന്റെ സ്ഥാനം ശക്തമാകുമെന്നും ഐ.എം.എഫ് മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞു.

 

 

Latest News