Sorry, you need to enable JavaScript to visit this website.

പി.എസ്.സി ജോലിയുടെ കാലം കഴിഞ്ഞു,  മീന്‍ വില്‍പന അഭിമാനമുള്ള ജോലി-മന്ത്രി 

തിരുവനന്തപുരം-പിഎസ്സി പരീക്ഷയെഴുതി എങ്ങനെയെങ്കിലും ജോലിക്ക് കയറണമെന്നാണ് ഇപ്പോഴത്തെ ചെറുപ്പക്കാര്‍ കരുതുന്നതെന്നും ആ കാലം കഴിഞ്ഞുവെന്നും മന്ത്രി സജി ചെറിയാന്‍. മീന്‍കച്ചവടം അഭിമാനമുള്ള ജോലിയാണെന്നും അതിന്റെ പേരില്‍ ആര്‍ക്കും പെണ്ണിനെയോ ചെറുക്കനെയോ കിട്ടാതിരിക്കില്ലെന്നും ഫിഷറീസ് വകുപ്പ് മന്ത്രികൂടിയായ സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതിസന്ധികളെ അതിജീവിക്കുന്നവര്‍ മാത്രമാണ് വിജയിക്കുന്നത്. കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുണ്ടെങ്കില്‍ സ്വന്തമായി ഒരു സംരംഭം തുടങ്ങാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം കേരളമാണെന്നും മന്ത്രി പറഞ്ഞു.
''എങ്ങനെയെങ്കിലും സര്‍ക്കാര്‍ ഉദ്യോഗം ലഭിക്കണം. തരക്കേടില്ലാതെ പെന്‍ഷനൊക്കെ വാങ്ങി മരിച്ചു പോകണം. ജോലി ചെയ്യാതെ ശമ്പളം കിട്ടുമെന്ന ചിന്തയുടെ ഫലമാണത്. മന്ത്രിയായിതിന് ശേഷം ഒരിക്കല്‍ സഹകരണ വകുപ്പിന് കീഴിലുള്ള ഓഫിസുകളില്‍ പരിശോധനയ്ക്കു പോയി. 10.30നാണ് ഓഫിസില്‍ എത്തിയത്. പക്ഷേ അപ്പോഴും 50 ശതമാനം ആളുകള്‍ ഇല്ല. ജനങ്ങളുടെ നികുതിപണത്തിന് അവരോട് ചില ഉത്തരവാദിത്തമുണ്ടെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മറക്കരുത്'' മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.  
ക്ഷേമപെന്‍ഷന്‍ കൊടുക്കാത്തില്‍ വൃദ്ധ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതിലും മന്ത്രി പ്രതികരിച്ചു. ഇതില്‍  കാര്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി. പെന്‍ഷന്‍ കൊടുക്കാന്‍ പണം വേണ്ടേയെന്ന് അദ്ദേഹം ചോദിച്ചു. ഇടുക്കി അടിമാലിയില്‍ ക്ഷേമപെന്‍ഷന്‍ മുടങ്ങിയതോടെ ദയാവധത്തിന് തയാറാണെന്ന് ബോര്‍ഡ് സ്ഥാപിച്ച് വൃദ്ധദമ്പതികള്‍ പ്രതിഷേധിക്കുന്നതില്‍ പ്രതികരിക്കുകയായിരുന്നു സജി ചെറിയാന്‍
72കാരനായ ശിവദാസനും ഭാര്യ ഓമനയുമാണ് അമ്പലത്തറയിലെ പെട്ടിക്കടയ്ക്ക് മുന്‍പിലായി ബോര്‍ഡ് സ്ഥാപിച്ച് പ്രതിഷേധിക്കുന്നത്. ബോര്‍ഡ് മാറ്റണമെന്ന സിപിഎം പ്രാദേശിക നേതാക്കളുടെ ആവശ്യം ദമ്പതികള്‍ നിരസിച്ചിട്ടുണ്ട്. പെട്ടിക്കടയിലാണ് ഇരുവരുടെയും താമസം, 'ക്ഷേമപെന്‍ഷനും കടയിലെ തുച്ഛമായ വരുമാനത്തിലാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. അഞ്ച് മാസത്തോളമായി പെന്‍ഷന്‍ മുടങ്ങിയിട്ട്. ഇതോടെ കടയിലേക്കാവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്ത അവസ്ഥയായി.ആവശ്യത്തിനുളള മരുന്ന് പോലും വാങ്ങാന്‍ പറ്റുന്നില്ല'- ദമ്പതികള്‍ മാധ്യമങ്ങളോട് തുറന്നുപറഞ്ഞു.  ദമ്പതികള്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നത് വരെ 1600 രൂപ എല്ലാ മാസവും നല്‍കാനാണ് യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനം. ദമ്പതികളെ സമീപിച്ച ബിജെപി ജില്ലാ നേതൃത്വം ഭക്ഷ്യകിറ്റും ഒരു മാസത്തെ പെന്‍ഷന്‍ തുകയും നല്‍കി. പെന്‍ഷന്‍ ലഭിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് വൃദ്ധ ദമ്പതികളുടെ തീരുമാനം

Latest News