VIDEO അചഞ്ചലമായ പിന്തുണക്ക് നന്ദി പറഞ്ഞ് പാകിസ്ഥാനില്‍ തോറ്റ ഹിന്ദു വനിതാ സ്ഥാനാര്‍ഥി

ബ്യൂണര്‍-പാകിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റെങ്കിലും തനിക്ക് എല്ലാ ഭാഗത്തുനിന്നും ലഭിച്ച പിന്തുണക്ക് നന്ദി പറയുകയാണ് ഹിന്ദു വനിതയായ സവീര പ്രകാശ്.
പലപ്പോഴും സംഘര്‍ഷത്തിലേക്ക് നീങ്ങാറുള്ള  ഖൈബര്‍ പഖ്തൂണ്‍ഖ്വ (കെപികെ) പ്രവിശ്യയിലെ ബുണറില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യത്തെ ഹിന്ദു വനിതയായി മാറിയിരുന്നു 25 കാരിയായ സവീര പ്രകാശ്. തന്റെ നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ അചഞ്ചലമായ പിന്തുണക്ക് ഡോക്ടര്‍ കൂടിയായ അവര്‍ നന്ദി പറഞ്ഞു.
ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ബ്യൂണര്‍ (പികെ25) മണ്ഡലത്തില്‍ 1,700 വോട്ടുകള്‍ക്കാണ് സവീര പ്രകാശ് പരാജയപ്പെട്ടത്. ബിലാവല്‍ ഭുട്ടോ സര്‍ദാരിയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ടിക്കറ്റില്‍ ജനറല്‍ സീറ്റിലാണ് മത്സരിച്ചത്.  
പിപിപി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരിക്കും പാര്‍ട്ടിയില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും സമൂഹ മാധ്യമമായ എക്‌സില്‍ നല്‍കിയ പോസ്റ്റില്‍ സവീര  നന്ദി പറഞ്ഞു.
അവിശ്വസനീയമായ യാത്രക്ക് നന്ദി പറയുകാണെന്നും  പ്രതീക്ഷിച്ചതുപോലെ ഫലം ഉണ്ടായില്ലെങ്കിലും അചഞ്ചലമായ പിന്തുണ എടുത്തു പറയേണ്ടതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  
ആളുകള്‍ എന്നെ ഒരു പഷ്തൂണ്‍ സ്വദേശിയായാണ് കാണുന്നതെന്നും തെരഞ്ഞെടുപ്പില്‍ തന്റെ മതം ഒരു ഘടകമല്ലെന്നും പാക് ബ്യൂണറില്‍ നിന്ന് മത്സരിച്ച ആദ്യ ഹിന്ദു വനിതയായ സവീര നേരത്തെ പറഞ്ഞിരുന്നു.

 

Latest News