Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രളയം സര്‍ക്കാര്‍ നിര്‍മിതമെന്ന് വിഷ്ണുനാഥ്; അധികകാലം മൂടിവെക്കാനാകില്ല

തിരുവനന്തപുരം- പ്രളയക്കെടുതിയില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി കൂടുതല്‍ എം.എല്‍.എമാര്‍ രംഗത്തുവരുന്നു. ഈ പ്രളയദുരന്തം പ്രകൃതി നിര്‍മിതമെന്നതിനേക്കാളുപരി സര്‍ക്കാര്‍ നിര്‍മിതമാണെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ് എം.എല്‍.എ ഫേസ് ബുക്കിലെ കുറിപ്പില്‍ ആരോപിച്ചു.
 
ഒരു മുന്നറിയിപ്പും നല്‍കാതെ ഡാമുകളെല്ലാം ഒരുമിച്ചു തുറന്നുവിട്ട് ജലസേചന വകുപ്പും കെഎസ്ഇബിയുമാണ് ഇത്ര വലിയ ദുരന്തം സൃഷ്ടിച്ചത്.
കൃത്യമായ മുന്നൊരുക്കങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടന്നിരുന്നുവെങ്കില്‍ ഒരുപാടു നാശനഷ്ടങ്ങള്‍ ഒഴിവാക്കാനാകുമായിരുന്നു. ജനപ്രതിനിധികളുടെ വായ് മൂടിക്കെട്ടിയതുകൊണ്ടു മാത്രം ഈ യാഥാര്‍ഥ്യം അധികകാലം മൂടി വയ്ക്കാന്‍ കഴിയില്ല.
നിയമസഭയില്‍ ചെങ്ങന്നൂര്‍, റാന്നി എംഎല്‍എമാര്‍ക്കു സംസാരിക്കാന്‍ അവസരം നല്‍കാതിരുന്നതിനെയും വിഷ്ണുനാഥ് വിമര്‍ശിച്ചു. ചര്‍ച്ചയില്‍ ചെങ്ങന്നൂരിന്റ ശബ്ദം പൂര്‍ണമായി ഇല്ലാതായത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായിപ്പോയി. സംസാരിക്കാന്‍ അവസരം നല്‍കാതെ സജി ചെറിയാനെയല്ല, ചെങ്ങന്നൂരിലെ ജനങ്ങളെയാണ് സിപിഎം നിശബ്ദരാക്കിയത്.
ദുരന്തമുഖത്ത് സര്‍ക്കാര്‍ സംവിധാനങ്ങളെ കുറ്റപ്പെടുത്തിയവര്‍ പിന്നീട് അതില്‍ നിന്ന് ഉള്‍വലിഞ്ഞു. മറ്റെല്ലാ ഭരണപക്ഷക്കാരെയും പോലെ മുഖ്യമന്ത്രിയെ പുകഴ്ത്തി സംസാരിക്കേണ്ടി വരുന്നതിലെ ജാള്യത ഓര്‍ത്താവാം അവര്‍ പിന്‍വലിഞ്ഞതെന്നും വിഷ്ണുനാഥ് ആരോപിച്ചു.

ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം
 
കേരളത്തെ ആഴ്ചകളോളം പിടിച്ചുകുലുക്കിയ പ്രളയ ദുരന്തത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായുള്ള നിയമസഭയുടെ പ്രത്യേക സമ്മേളനമായിരുന്നല്ലോ ഇന്നലെ നടന്നത്. നിയമസഭ വിളിച്ചു കൂട്ടാനുള്ള തീരുമാനം പ്രഖ്യാപിക്കുന്ന വേളയില്‍ത്തന്നെ ബഹു.മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ പറഞ്ഞത് ദുരിതം ബാധിച്ച പ്രദേശങ്ങളിലെ ജനപ്രതിനിധികള്‍ക്ക് അവരുടെ അനുഭവങ്ങള്‍ പങ്കുവക്കാനുള്ള ഒരവസരം നല്‍കാനാണ് സമ്മേളനം എന്നായിരുന്നുവല്ലോ. സ്വാഭാവികമായും നമ്മളെല്ലാം പ്രതീക്ഷിച്ചത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രളയം ബാധിച്ച, നിരവധി വിലയേറിയ മനുഷ്യ ജീവനുകള്‍ നഷ്ടപ്പെട്ട ചെങ്ങന്നൂര്‍, റാന്നി നിയോജക മണ്ഡലങ്ങളിലെ എം.എല്‍.എമാര്‍ക്ക് ഈയവസരം പ്രയോജനപ്പെടുത്തി കാര്യങ്ങള്‍ നേരിട്ട് അവതരിപ്പിക്കാന്‍ കഴിയുമെന്നായിരുന്നു.
എന്നാല്‍ സമ്മേളനത്തില്‍ 40ലേറെ ജനപ്രതിനിധികള്‍ സംസാരിച്ചിട്ടും പ്രസംഗിക്കാനുളവരുടെ ലിസ്റ്റില്‍ ചെങ്ങന്നൂര്‍ എം.എല്‍.എ.ശ്രീ സജി ചെറിയാന്റേയും റാന്നി എം.എല്‍.എ ശ്രീ രാജു അബ്രഹാമിന്റേയും പേരുകള്‍ ഉള്‍പ്പെടാതെ പോയത് നമ്മെയെല്ലാം അത്ഭുതപ്പെടുത്തി. ഓരോ പാര്‍ട്ടിക്കും നല്‍കുന്ന മൊത്തം സംസാര സമയത്തെ അംഗങ്ങള്‍ക്കിടയില്‍ വീതിച്ചു നല്‍കുന്നത് അതത് പാര്‍ട്ടികളാണ്. ആ നിലയില്‍ ചെങ്ങന്നൂര്‍, റാന്നി എം.എല്‍.എമാര്‍ സംസാരിക്കേണ്ടതില്ല എന്നത് സി.പി.എം. പാര്‍ലമെന്ററി പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനമാണ്.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഇക്കാര്യത്തില്‍ മാതൃകാപരമായ സമീപനമാണ് സ്വീകരിച്ചത്. ആകെയുള്ള 22 എം.എല്‍.എമാരില്‍ 11 പേര്‍ക്കും പാര്‍ട്ടി സംസാരിക്കാന്‍ അവസരം നല്‍കി. ഏറെ നാശനഷ്ടങ്ങള്‍ നേരിട്ട എറണാകുളം ജില്ലയില്‍ നിന്ന് വി.ഡി.സതീശന്‍, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, റോജി എം.ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. മറ്റ് ഏഴ് പേരെ തെരഞ്ഞെടുത്തത് ഏഴ് ജില്ലകളില്‍ നിന്നായിരുന്നു. കോട്ടയത്തു നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പത്തനംതിട്ടയില്‍ നിന്ന് അടൂര്‍ പ്രകാശ്, പാലക്കാട് നിന്ന് ഷാഫി പറമ്പില്‍, മലപ്പുറത്തു നിന്ന് എ.പി.അനില്‍കുമാര്‍, വയനാട് നിന്ന് ഐ.സി.ബാലകൃഷ്ണന്‍, കണ്ണൂരില്‍ നിന്ന് സണ്ണി ജോസഫ് എന്നിവര്‍ സംസാരിച്ചു. ചര്‍ച്ചക്കിടെ ഇടപെട്ട് സ്വന്തം മണ്ഡലങ്ങളിലെ കാര്യം പറയാന്‍ വി.ടി.ബല്‍റാമിനും അനില്‍ അക്കരക്കും സാധിച്ചു. ആലപ്പുഴ ജില്ലയിലേയും സംസ്ഥാനത്തെ പൊതുവിലേയും ദുരന്തചിത്രം സമഗ്രമായി അവതരിപ്പിച്ച് പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തലയും സഭയുടെ ശ്രദ്ധ ആകര്‍ഷിച്ചു.
എന്നാല്‍ ഈ ചര്‍ച്ചയില്‍ ചെങ്ങന്നൂരിന്റ ശബ്ദം പൂര്‍ണ്ണമായി ഇല്ലാതായത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായിപ്പോയി. പ്രാതിനിധ്യ ജനാധിപത്യത്തില്‍ ഒരു നാടിനെയാണ് ജനപ്രതിനിധി പ്രതിനിധീകരിക്കുന്നത്. ആ നിലക്ക് സംസാരിക്കാന്‍ അവസരം നല്‍കാതെ ശ്രീ. സജി ചെറിയാനെയല്ല, ചെങ്ങന്നൂരിലെ ജനങ്ങളെയാണ് സി പി എം നിശബ്ദരാക്കിയിരിക്കുന്നത്. കോണ്‍ഗ്രസിനേക്കാള്‍ ഇരട്ടിയിലധികം സമയം സി പി എം അംഗങ്ങള്‍ക്ക് സംസാരിക്കാനായി ലഭിക്കുമെങ്കിലും അതില്‍ നിന്ന് ഒരു രണ്ട് മിനിറ്റ് വീതമെങ്കിലും ചെങ്ങന്നൂര്‍, റാന്നി എം എല്‍ എ മാര്‍ക്ക് നല്‍കാമായിരുന്നു.
ഇവരെ പാര്‍ട്ടി മാറ്റിനിര്‍ത്തിയതാണോ അതോ ഇവര്‍ സ്വയം മാറി നിന്നതാണോ എന്നറിയാന്‍ ചെങ്ങന്നൂരിലേയും റാന്നിയിലേയുമൊക്കെ ജനങ്ങള്‍ക്ക് അവകാശമുണ്ട്, അത് വിശദീകരിക്കാനുള്ള ഉത്തരവാദിത്തം സി പി എമ്മിനുമുണ്ട്. പ്രളയ തീവ്രതയുടെ നാളുകളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന തരത്തില്‍ അഭിപ്രായം പറഞ്ഞതുകൊണ്ട് മുഖ്യമന്ത്രിക്ക് ഇവരോടുള്ള നീരസമാണ് സമയമനുവദിക്കാതിരിക്കാനുള്ള കാരണം എന്ന് മാധ്യമങ്ങള്‍ വിലയിരുത്തുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നഷ്ടപരിഹാരത്തുക കുറച്ചു കൂടി വര്‍ദ്ധിപ്പിക്കണമെന്ന സദുദ്ദേശ്യത്തോടെയുള്ള വിമര്‍ശനം ഉന്നയിച്ച ഭരണപക്ഷത്തെത്തന്നെ യുവ അംഗമായ മൂവാറ്റുപുഴ എം എല്‍ എ യോട് മുഖ്യമന്ത്രി ചാടിയെഴുന്നേറ്റ് സ്വരം കനപ്പിച്ചത് നാമെല്ലാം കണ്ട സ്ഥിതിക്ക് മാധ്യമങ്ങളുടെ ആ ഊഹം ശരിയാകാനാണ് സാദ്ധ്യത.
എന്നാല്‍ ചെങ്ങന്നൂര്‍, റാന്നി എംഎല്‍എമാര്‍ സ്വയം മാറി നിന്നതാവാനും സാധ്യതയുണ്ട്. ഇവര്‍ക്കും അവസരം നല്‍കിയിരുന്നുവെങ്കിലും സര്‍ക്കാരിന് അപ്രിയകരമായ ഒരു വാക്ക് പോലും അവരില്‍ നിന്നുണ്ടാകുമായിരുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. ദുരന്തമുഖത്ത് അപ്പോഴത്തെ ആത്മാര്‍ത്ഥതയില്‍ അവര്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയത്തേക്കുറിച്ചുള്ള സത്യം പറഞ്ഞു എങ്കിലും പാര്‍ട്ടി നേതൃത്വത്തിന്റെ പ്രേരണയാലാവാം, പിന്നീട് അതില്‍ നിന്ന് ഉള്‍വലിയുന്നതായാണ് നമ്മളൊക്കെ കണ്ടത്. ആദ്യം പറഞ്ഞതിനൊക്കെ വിരുദ്ധമായി നിയമസഭയില്‍ വീണ്ടും സര്‍ക്കാരിനെ ന്യായീകരിച്ചും മറ്റെല്ലാ ഭരണപക്ഷക്കാരേയും പോലെ മുഖ്യമന്ത്രിയെ പുകഴ്ത്തിയും സംസാരിക്കേണ്ടി വരുന്നതിലെ ജാള്യത ഓര്‍ത്താവാം അവര്‍ സ്വയം പിന്മാറിയത്. ചര്‍ച്ചക്കിടെ റാന്നി എംഎല്‍എ രാജു അബ്രഹാമിന് എഴുന്നേറ്റ് നിന്ന് താന്‍ പണ്ട് പറഞ്ഞതിനെയെല്ലാം നിഷേധിച്ചുകൊണ്ടും മാധ്യമങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ടും വിശദീകരണം നല്‍കേണ്ടി വന്നു എന്നതും ഈ ഊഹത്തെ ബലപ്പെടുത്തുന്നു.
ഏതായാലും ഇന്നലത്തെ ചര്‍ച്ച കഴിഞ്ഞപ്പോള്‍ ഒരു കാര്യം മലയാളികള്‍ക്ക് ബോധ്യമായി. ഈ പ്രളയദുരന്തം പ്രകൃതി നിര്‍മ്മിതമെന്നതിനേക്കാളുപരി സര്‍ക്കാര്‍ നിര്‍മ്മിതമാണ്. യാതൊരു ആസൂത്രണവുമില്ലാതെ, ജനങ്ങള്‍ക്ക് ഒരു മുന്നറിയിപ്പും നല്‍കാതെ ഡാമുകളെല്ലാം ഒരുമിച്ച് തുറന്നുവിട്ട് ജലസേചന വകുപ്പും കെഎസ്ഇബിയും കൂടി സൃഷ്ടിച്ചതാണ് ഇത്ര വലിയ ദുരന്തം. കൃത്യമായ മുന്നൊരുക്കങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടന്നിരുന്നുവെങ്കില്‍ ഒരുപാട് നാശനഷ്ടങ്ങള്‍ ഒഴിവാക്കാനാവുമായിരുന്നു. ജനപ്രതിനിധികളുടെ വായ് മൂടിക്കെട്ടിയതുകൊണ്ടു മാത്രം ഈ യാഥാര്‍ത്ഥ്യം അധികകാലം മൂടി വക്കാന്‍ കഴിയില്ല.
 
 

Latest News