Sorry, you need to enable JavaScript to visit this website.

മുസ്ലിംകളുടെ ജീവിതം ദുരിതപൂർണമായിട്ടുണ്ടോ; ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മറുപടി

ന്യൂദല്‍ഹി- ജയ് ശ്രീറാമും അല്ലാഹു അക്ബറും ആയിരം തവണ വിളച്ചോളൂ എന്നും അതിലൊന്നും ഒരു പ്രശ്‌നവുമില്ലെന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി.
ആത്യന്തികമായി ഇവ തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നും അദ്ദേഹം ന്യൂസ് 18 ചാനലിലെ ടോക്ക് ഷോയില്‍ പറഞ്ഞു. ഇന്ത്യയില്‍ മുസ്‌ലിംകളുടെ ജീവിതം ദുരിതപൂര്‍ണമായിട്ടുണ്ടോ എന്നായിരുന്നു ചാനല്‍ അവതാരക റുബിക ലിയാഖത്തിന്റെ ചോദ്യം. അവരെ നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കുന്നതായുള്ള ആശങ്കയും ഭയവും നിലനില്‍ക്കുന്നുണ്ടെന്നും അവതാരക ചൂണ്ടിക്കാട്ടിയപ്പോഴാണ് ആയിരം തവണ വിളിച്ചോളൂ എന്ന ഷമിയുടെ പ്രതികരണം. മുസ്‌ലിംകള്‍ക്ക് ഇന്ത്യയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ താന്‍ ഇവിടെ ഇരിക്കില്ലല്ലോ എന്നും ഷമി പറഞ്ഞു.
ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും കാര്യം പറയുകയാണെങ്കില്‍ ഇരുകൂട്ടര്‍ക്കും തുല്യമായ അവകാശങ്ങളാണുള്ളത്. ജയ് ശ്രീറാം വിളിയെന്നും കലാപമെന്നൊക്കെ പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നവരുടെയെല്ലാം ലക്ഷ്യം  ജനങ്ങളെ പ്രകോപിപ്പിക്കുകയാണ്.
തന്റെ ഗ്രാമത്തില്‍ മുസ്‌ലിംകളും ഹിന്ദുക്കളും ഒരുമയോടെയാണ് കഴിയുന്നതെന്നും രണ്ടു വിഭാഗവും മറ്റുള്ളവരുടെ ആഘോഷം സ്വന്തം പോലെയാണ് ആഘോഷിക്കാറുള്ളതെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല. ഹോളി വരുമ്പോള്‍ അവര്‍ നമ്മളെ ക്ഷണിക്കും. നമ്മള്‍ അവിടെ പോകുകയും ചെയ്യും. എന്നാല്‍, ഞങ്ങളുടെ ദേഹത്ത് ഒരു തുള്ളി കളര്‍ പോലും വീഴില്ല. അവരുടെ വീടുകളില്‍ പോകുകയും ഭക്ഷണം കഴിക്കുകയുമെല്ലാം ചെയ്യുമെന്നും ഷമി പറഞ്ഞു.
ഓരോ വ്യക്തിയുടെയും ചിന്തയും ജീവിതരീതിയും തിരഞ്ഞെടുപ്പുകളുമെല്ലാം വ്യത്യസ്തമാണ്. എല്ലാ മതത്തിലും മറ്റുള്ളവരെ ഇഷ്ടമില്ലാത്ത അഞ്ചുപത്തു പേരുണ്ടാകും. ഒരു ക്ഷേത്രം നിര്‍മിച്ചാല്‍ ജയ് ശ്രീറാം വിളിക്കുന്നതില്‍ എന്താണു ബുദ്ധിമുട്ടുള്ളത്? ആയിരം തവണ വിളിച്ചോളൂ.. വേണമെങ്കില്‍ ആയിരം തവണ അല്ലാഹു അക്ബര്‍ എന്ന് ഞാനും വിളിക്കും. അതില്‍ എന്താണു പ്രശ്‌നം? ഇത് ആരെയും ബാധിക്കില്ല.
ലോകകപ്പിലെ സുജൂദ് വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന്  പട്രോളുകള്‍ക്കെല്ലാം ഞാന്‍ മറുപടി നല്‍കിയതാണ്. എനിക്ക് സുജൂദ് ചെയ്യണമെങ്കില്‍ ഒരാള്‍ക്കും എന്നെ തടയാനാകില്ല. ഇഷ്ടമുള്ളയിടത്ത് ഞാന്‍ സുജൂദ് ചെയ്യും. ഞാനൊരിക്കലും ഗ്രൗണ്ടില്‍ സുജൂദ് ചെയ്തിട്ടില്ല. അങ്ങനെ ഒരിക്കലും ആലോചിച്ചിട്ടുമില്ല. അഭിമാനിയായ ഇന്ത്യക്കാരനും മുസ്‌ലിമും ആണ് ഞാന്‍. സുജൂദ് ചെയ്യണമെന്നുണ്ടെങ്കില്‍ ഒരു മതത്തിനും വ്യക്തിക്കും എന്നെ തടയാനാകില്ല.
ആളുകള്‍ ഇപ്പോള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുകയാണ്. ഒരു മത്സരം തോറ്റാല്‍, എന്തിനാണ് വൈഡ് എറിഞ്ഞത്, നോബൗള്‍ എറിഞ്ഞതെന്നെല്ലാം അവര്‍ ചോദിക്കും. അതിനെല്ലാം മറുപടി കൊടുക്കാനാകില്ല. ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവര്‍ക്ക് അത്രയും തരംതാഴാനാകില്ല. അതുകൊണ്ട് അത്തരം ചോദ്യങ്ങളൊന്നും കാര്യമാക്കാറില്ല.

ഇന്ത്യന്‍ ടീമില്‍ പടലപ്പിണക്കങ്ങളുണ്ടെന്ന വാര്‍ത്തകളെക്കുറിച്ച് അതെല്ലാം മസാലകളാണെന്നായിരുന്നു മറുപടി. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ എത്രകാലം മറച്ചുവയ്ക്കാനാകും? എന്തെങ്കിലുമുണ്ടെങ്കില്‍ അത് ഒരു ദിവസം പുറത്തുവരുമായിരുന്നുവെന്നും താരം പറഞ്ഞു.

 

Latest News