Sorry, you need to enable JavaScript to visit this website.

സ്‌കൂളുകളിൽ കുട്ടികൾ കുറയുന്നത് സർക്കാറിന്റെ കുഴപ്പമല്ല; ജനസംഖ്യാ നിയന്ത്രണത്തിന്റെ തിരിച്ചടിയെന്ന് മുഖ്യമന്ത്രി

- സ്വാതന്ത്ര്യസമരത്തിൽ ബോധപൂർവ്വം പങ്കെടുക്കാത്ത സംഘപരിവാർ ശക്തികൾ ആ കാലം മുതൽതന്നെ രാജ്യത്തിന് എതിരാണ്. അവർ ആഗ്രഹിക്കുന്നത് ശരിയായ ചരിത്രം കുട്ടികൾ അറിയരുതെന്നാണ്. ഗാന്ധിവധത്തിൽ തങ്ങൾക്കുള്ള പങ്ക് കുട്ടികൾ അറിയരുതെന്ന് സംഘപരിവാറിന് നിർബന്ധമുണ്ടെന്നും രാജ്യത്തിന്റെ ചരിത്രം ചരിത്രമായി തന്നെ പഠിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കണ്ണൂർ - സംസ്ഥാനത്തെ സ്‌കൂളുകളിൽ കുട്ടികൾ കുറയുന്നത് ജനസംഖ്യാ നിയന്ത്രണം കൃത്യമായി നടപ്പാക്കിയത് മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനസംഖ്യാ നിയന്ത്രണത്തിന്റെ നേട്ടം സംസ്ഥാനത്തിന് ശിക്ഷയായി അനുഭവിക്കേണ്ടി വരികയാണെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ടി.എയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 
 ചില മാധ്യമങ്ങൾ സ്‌കൂളുകളിൽ കുട്ടികളുടെ എണ്ണത്തിൽ കുറവു വരുന്നു എന്നത് വലിയ വാർത്തയായി കൊടുത്തുകണ്ടു. കുട്ടികളുടെ എണ്ണത്തിലുള്ള കുറവ് സ്വാഭാവികമായും നമ്മുടെ നാട്ടിൽ ജനസംഖ്യയിൽ തന്നെ വലിയ കുറവു വരുന്നതിന്റെ പ്രതിഫലനമാണ്. ജനസംഖ്യ നിയന്ത്രണത്തിന്റെ നല്ലതോതിലുള്ള നടപ്പാക്കലുണ്ടായ സ്ഥലമാണ് കേരളം. ഇപ്പോൾ അതൊരു ശിക്ഷയായി നമ്മുടെ നാടിന് ഏറ്റുവാങ്ങേണ്ടിവരികയാണ്. 
 ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായുള്ള നേട്ടം ശിക്ഷയാക്കി മാറ്റരുതെന്ന് കേന്ദ്രത്തോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജനസംഖ്യ കുറയുമ്പോൾ സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണത്തിലും പൊതുവേ കുറവുവരും. നേരത്തെയുണ്ടായിരുന്നത്ര കുട്ടികൾ ഉണ്ടാകുന്നില്ലെന്നത് സ്വാഭാവികമായി വരുന്ന കാര്യമാണ്. അത് പറയാതെ, മറ്റൊരു ചിത്രം നാടിന് മുന്നിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നത് ശരിയല്ല. മികവാർന്ന പൊതുവിദ്യാഭ്യാസമാണ് കേരളത്തിൽ നടപ്പാക്കിവരുന്നത്. ഇനിയും കൂടുതൽ മികവിലേക്ക് ഉയർത്തുക എന്നതാണ് സംസ്ഥാനം ആഗ്രഹിക്കുന്നത്. വിദ്യാഭ്യാസ കാര്യങ്ങളിൽ വലിയ ഉത്കണ്ഠയാണ് ജനങ്ങൾക്കുള്ളത്. 
 രാജ്യത്തെ ചരിത്രം മാറ്റിയെഴുതാൻ ശ്രമം നടക്കുന്നു. കുട്ടികൾ വളർന്നുവരുമ്പോൾ അവർ അറിയേണ്ട കാര്യങ്ങൾ അറിയാതിരിക്കാൻ രാജ്യം ഭരിക്കുന്ന ഭരണാധികാരികൾക്ക് ചില പ്രത്യേക താൽപര്യങ്ങളുണ്ട്. സ്വാതന്ത്ര്യസമരത്തിൽ ബോധപൂർവ്വം പങ്കെടുക്കാത്ത സംഘപരിവാർ ശക്തികൾ ആ കാലം മുതൽതന്നെ രാജ്യത്തിന് എതിരാണ്. അവർ ആഗ്രഹിക്കുന്നത് ശരിയായ ചരിത്രം കുട്ടികൾ അറിയരുതെന്നാണ്. ഗാന്ധിവധത്തിൽ തങ്ങൾക്കുള്ള പങ്ക് കുട്ടികൾ അറിയരുതെന്ന് സംഘപരിവാറിന് നിർബന്ധമുണ്ടെന്നും ഇത് നടക്കില്ലെന്നും രാജ്യത്തിന്റെ ചരിത്രം ചരിത്രമായി തന്നെ പഠിപ്പിക്കണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
 

Latest News