ഏഴര ലക്ഷം പേര്‍ക്ക് ആര്‍.സിയും ലൈസന്‍സും കിട്ടാനുണ്ട്; മലപ്പുറത്ത് യൂത്ത് ലീഗ് ആര്‍.ടി.ഓഫീസ് ഉപരോധിച്ചു

മലപ്പുറം-ഡിജിറ്റലാക്കുന്നതിന്റെ  പേര് പറഞ്ഞ് ആര്‍ സിയും ലൈസന്‍സും കഴിഞ്ഞ മൂന്നര മാസമായി നല്‍കാത്തതില്‍ പ്രതിഷേധിച്ച്  മലപ്പുറം നിയോജക മണ്ഡലം മുസ് ലിം യൂത്ത് ലീഗ് മലപ്പുറം ആര്‍.ടി ഓഫീസില്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറെയും ആര്‍. ടി. ഓഫീസറെയും ഉപരോധിച്ചു. കഴിഞ്ഞ ഒക്ടോബര്‍ മാസം മുതലുള്ളതാണ് നാളിതുവരെയായി ലഭിക്കാത്തത്.
സ്മാര്‍ട്ട് കാര്‍ഡ് ആക്കുന്നതിനായി കേന്ദ്രീകൃത രീതിയില്‍ എറണാകുളത്തെ കമ്പനിക്ക് നല്‍കിയ കരാറില്‍ സര്‍ക്കാര്‍ കുടിശ്ശിക വരുത്തിയതിനാലാണ് പ്രിന്റിംഗ് നടക്കാത്തത്. ഈ വകയില്‍ എട്ട് കോടി കമ്പനിക്ക് നല്‍കാനുണ്ട് .വിതരണം ചെയ്യേണ്ട തപാല്‍ വകുപ്പിന് മൂന്ന് കോടിയും കുടിശ്ശികയാണ്. ഇതിനായി 245 രൂപ ഒരോ അപേക്ഷകരില്‍ നിന്നും ഈടാക്കിയിട്ടും കുടിശ്ശിക തീര്‍ത്ത് ആര്‍സിയും ലൈസന്‍സും നല്‍കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ കെടുകാര്യസ്ഥതയാണ് ഇതിന് കാരണം. പണം വാങ്ങിയിട്ടും ആര്‍സിയും ലൈസന്‍സും നല്‍കാത്തത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതര തെറ്റാണ്. ധൂര്‍ത്ത് തുടരുന്ന സര്‍ക്കാര്‍ എല്ലാ തലത്തിലുമെന്ന പോലെ ജനങ്ങളുടെ വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് താത്പര്യമില്ല. ഏഴര ലക്ഷം പേര്‍ക്കാണ് ആര്‍സിയും ലൈസന്‍സും കിട്ടാനുള്ളത്. ഇത് ബന്ധപ്പെട്ട് കൃത്യമായി മറുപടി നല്‍കാന്‍ അധികൃതര്‍ക്കാവുന്നില്ല. ആര്‍സി ഉടമസ്ഥാവകാശം മാറിയതും മറ്റും ഇന്‍ഷൂറന്‍സ് എടുക്കാന്‍ പ്രിന്റ് ആര്‍സിയില്ലാത്തതിനാല്‍  സാധ്യമാകുന്നില്ല. സേവനാവകാശ നിയമ പ്രകാരം പത്ത് ദിവസത്തിനകം സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കണമെന്നിരിക്കെയാണ്  സേവനാവകാശം തടഞ്ഞ് വെക്കുന്ന അധികൃതരുടെ സമീപനം അനുവാദിക്കാനാവാത്തതാണ്. എന്നാല്‍ റോഡിലെ വാഹന പരിശോധനയിലും പിഴ ഈടാക്കുന്നതില്‍ ഇതേ അധികാരികള്‍ തന്നെയെന്നതാണ് വിരോധാഭാസം. മറ്റ് സംസ്ഥാനങ്ങളില്‍ ഡിജിറ്റലാക്കിയത് പ്രകാരം വേണ്ട ക്രമീകരണം വരുത്തിയെങ്കിലും കേരളത്തില്‍ ഡിജിറ്റലാക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും തപാല്‍ ഫീസടക്കം വാങ്ങുന്നതിലെ വ്യക്തതയില്ലായ്മ ചോദ്യമായി അവശേഷിക്കുകയാണ്. ഫീസടച്ച് അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും ആര്‍സിയും ലൈസന്‍സും ഉടനടി ലഭ്യമാക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം തുടര്‍ സമരങ്ങള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കി.
ഉപരോധത്തിന് മലപ്പുറം നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് എ.പി ശരീഫ്, ജനറല്‍ സെക്രട്ടറി ഷാഫി കാടേങ്ങല്‍, വൈസ് പ്രസിഡന്റ് സലാം വളമംഗലം, മലപ്പുറം മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി സുബൈര്‍ മൂഴിക്കല്‍, മണ്ഡലം എംഎസ്എഫ് ജനറല്‍ സെക്രട്ടറി അഡ്വ: ജസീല്‍ പറമ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.


മൂടിവെക്കണം; ബ്രാ ധരിക്കാത്ത യുവതിയെ വിമാന ജീവനക്കാര്‍ ഭീഷണിപ്പെടുത്തി

റഫയിലേക്ക് നീങ്ങുന്നത് വന്‍ദുരന്തമാകുമെന്ന് ഇസ്രായിലിന് മുന്നറിയിപ്പ് നല്‍കി അമേരിക്ക


 

Latest News