Sorry, you need to enable JavaScript to visit this website.

സൗജന്യ ആധാർ അപ്‌ഡേഷനുള്ള സമയം അവസാനിക്കാറായി; പുതുക്കാത്തവർ ചെയ്യേണ്ടത്...

ന്യൂഡൽഹി - സൗജന്യ ആധാർ അപ്‌ഡേഷനുള്ള സമയപരിധി മാർച്ച് 14ന് അവസാനിക്കും. ആധാർ കാർഡിലെ തിരിച്ചറിയൽ വിവരങ്ങൾ, വിലാസം തുടങ്ങിയവ സൗജന്യമായി പുതുക്കാനുള്ള സമയപരിധിയാണ് മാർച്ച് 14ന് അവസാനിക്കുക. 
 ഇതനുസരിച്ച് പേര്, ജനന തിയ്യതി, വിലാസം, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങളാണ് ഓൺലൈനായി തിരുത്താനാവുക. നിശ്ചിത തിയ്യതിക്കു ശേഷമുള്ള ആധാർ അപ്‌ഡേഷന് ഫീസ് നൽകേണ്ടിവരുമെന്നു മാത്രം. ഫോട്ടോ, ബയോമെട്രിക് പോലുള്ള വിവരങ്ങളും അപ്‌ഡേറ്റ് ചെയ്യാനാവുമെന്ന് യൂനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. 
 നേരത്തെ പലതവണ നീട്ടിയ സൗജന്യ അപ്‌ഡേഷൻ സമയം, ഏറ്റവും ഒടുവിൽ 2023 ഡിസംബറിലാണ് മൂന്ന് മാസത്തേക്കു കൂടി ദീർഘിപ്പിച്ചത്. അതാണിപ്പോൾ അവസാനിക്കാൻ പോകുന്നത്. അതിനാൽ, തങ്ങളുടെ ആധാർ വിവരങ്ങൾ ഇതുവരെ അപ്‌ഡേറ്റ് ചെയ്യാത്ത വ്യക്തികൾക്ക് ചാർജുകളൊന്നുമില്ലാതെ തന്നെ അവ ഇപ്പോൾ അപ്‌ഡേറ്റ് ചെയ്യാനാവും. 
 സൗജന്യ ആധാർ അപ്‌ഡേഷന് https://myaadhaar.uidai.gov.in എന്ന ഔദ്യോഗിക പോർട്ടലാണ് സന്ദർശിക്കേണ്ടത്. ആധാർ പുതുക്കുന്ന സമയത്ത് ഒരു ഒ.ടി.പി അപേക്ഷന് ലഭിക്കേണ്ടതുണ്ട്. ഇത് ലഭ്യമാവണമെങ്കിൽ ആധാർ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിരിക്കണം. ഇക്കാര്യം ആദ്യം ഉറപ്പുവരുത്തണം. ഐഡന്റിറ്റി, മേൽവിലാസം, ജനന തിയ്യതി, ലിംഗം, എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്‌കാൻ ചെയ്ത കോപ്പിയും കൈയ്യിലുണ്ടാവണം. ആധാർ വെബ്‌സൈറ്റിൽ അക്കൗണ്ട് ഉള്ളവരാണെങ്കിൽ ആദ്യം അതിൽ ലോഗിൻ ചെയ്യണം. ഇല്ലാത്തവരാണെങ്കിൽ രജിസ്റ്റർ ചെയ്തുവേണം ആധാർ പുതുക്കാൻ. (ഇനി ഒറ്റയ്ക്ക് ഓൺലൈൻ വഴി സാധിക്കാത്തവർക്ക് അടുത്തുള്ള അക്ഷയ, ഡിജിറ്റൽ സേവാ കേന്ദ്രങ്ങളുടെയും മറ്റും സൗകര്യം ഉപയോഗപ്പെടുത്താം.)
 അപ്‌ഡേറ്റ് ഡെമോഗ്രാഫിക് ഡാറ്റ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് വിവരങ്ങൾ പരിശോധിക്കുക. ശേഷം, ഡോക്യുമെന്റ് അപ്‌ഡേറ്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ആധാറിന്റെ 12 അക്ക നമ്പർ ടൈപ്പ് ചെയ്യുക. മൊബൈൽ നമ്പറിൽ ഒ.ടി.പി പിന്നാലെ ലഭിക്കും. അത് എന്റർ ചെയ്തശേഷം എന്താണോ മാറ്റേണ്ടത് അത് തെരഞ്ഞെടുക്കുക. അതിന് ആവശ്യമായ രേഖകൾ നല്കാൻ പാകത്തിൽ ഇവയെല്ലാം ആദ്യമെ സ്‌കാൻ ചെയ്ത് റെഡിയാക്കി വയ്ക്കുക. അതനുസരിച്ച് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാം. 
 പത്തുവർഷം മുമ്പ് ആധാർ പുതുക്കുകയും പിന്നീട് അത് അപ്‌ഡേറ്റ് ചെയ്യാത്തവർക്കുമായാണ് ഇത്തരമൊരു സൗജന്യ സേവനം അധികൃതർ നലകിയിട്ടുള്ളത്. ഈ അവസരം ഉപയോഗപ്പെടുത്താൻ പരമാവധി എല്ലാവരും ശ്രമിക്കുക. ആധാർ രാജ്യത്തുടനീളം അംഗീകരിക്കപ്പെട്ട ഒരു സാർവത്രിക ഐഡന്റിറ്റി പ്രൂഫ് ആയതിനാൽ തെറ്റുകൾ നീക്കാനോ പുതിയ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനോ ഉള്ളവർ ഈ സൗജന്യ കാലയളവ് നഷ്ടപ്പെടുത്താതിരിക്കുക. ഭരണപരമായ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനും പൗരന്മാരെ അവരുടെ ആധാർ വിവരങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുന്നതിനുമുള്ള സർക്കാറിന്റെ നിരന്തരമായ ശ്രമങ്ങൾക്ക് അനുസൃതമായാണ് ഈ സംരംഭമെന്ന് അധികൃതർ വ്യക്തമാക്കി.

Latest News