റിയാദ് - വിപണിയിൽ കൃത്രിമ ക്ഷാമമുണ്ടാക്കാനും വിലക്കയറ്റമുണ്ടാക്കാനും ശ്രമിച്ച് പൂഴ്ത്തിവെച്ച ആറു ലോഡ് സവാള വാണിജ്യ മന്ത്രാലയം പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ എന്ന പേരിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ പഴയതാണെന്ന് സ്ഥിരീകരണം. ദക്ഷിണ റിയാദിൽ അസീസിയ മൊത്ത മാർക്കറ്റിനു സമീപം ഒളിപ്പിച്ചു വെച്ച ആറു ലോറികളിൽ സൂക്ഷിച്ച 100 ടൺ സവാള വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ആണ് പുതിയതാണെന്ന വ്യാജേന പ്രചരിക്കുന്നത്. മൂന്നു വർഷം മുമ്പ് കൊറോണ മഹാമാരി കാലത്താണ് ഈ സംഭവമെന്ന് വ്യക്തമായി. പൂഴ്ത്തിവെച്ച സവാള ശേഖരം വാണിജ്യ മന്ത്രാലയം പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ അന്ന് അൽഇഖ്ബാരിയ ചാനൽ സംപ്രേക്ഷണം ചെയ്തിരുന്നു. ഈ വീഡിയോ ആണ് ഇപ്പോൾ പുതിയ സംഭവമാണെന്ന വ്യാജേന പ്രചരിക്കുന്നത്. ഈ വീഡിയോക്ക് നിലവിൽ പ്രാദേശിക വിപണിയിലെ സവാള പ്രതിസന്ധിയുമായി ഒരു ബന്ധവുമില്ല.
മൂന്നു വ്യാപാര സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള സവാള ശേഖരമാണ് മൂന്നു വർഷം മുമ്പ് വാണിജ്യ മന്ത്രാലയം പിടികൂടിയത്. വിപണിയിൽ കൃത്രിമ ക്ഷാമമുണ്ടാക്കി വില ഉയർത്താൻ വേണ്ടി ഉടമകൾ പൂഴ്ത്തിവെച്ചതായിരുന്നു സവാള ശേഖരം. ഈ കേസിൽ സ്ഥാപന ഉടമകളെ വാണിജ്യ മന്ത്രാലയം വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിന് അവർക്കെതിരായ കേസ് ബന്ധപ്പെട്ട വകുപ്പിന് കൈമാറുകയും ചെയ്തിരുന്നു. പിടിച്ചെടുത്ത സവാള ശേഖരം പിന്നീട് മന്ത്രാലയം ഇടപെട്ട് നീതിയുക്തമായ വിലയിൽ പ്രാദേശിക വിപണിയിൽ വിതരണം നടത്തുകയും ചെയ്തു.