Sorry, you need to enable JavaScript to visit this website.

കാദറലി സെവൻസ് ഫുട്‌ബോളിന് ജിദ്ദയിൽ ആരവമുയർന്നു, ഭാരവാഹികൾക്ക് സ്വീകരണം

ജിദ്ദ- ജിദ്ദയിൽ പെന്റിഫ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഫുട്‌ബോൾ ടൂർണമെന്റിൽ പങ്കെടുക്കാനെത്തിയ പെരിന്തൽമണ്ണ കാദറലി സ്‌പോർട്ട്‌സ് ക്ലബ്ബ് ജനറൽ സെക്രട്ടറി ഫാറൂഖ് പച്ചീരി, മാനുപ്പ കുട്ടീരി, അബ്ബ എന്നിവർക്ക് ജിദ്ദ വിമാനതാവളത്തിൽ സ്വീകരണം നൽകി. പെന്റിഫ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറത്തിന്റെ (പെന്റിഫ്) ആഭിമുഖ്യത്തിൽ ഈ മാസം 15,16 തിയതികളിൽ ജിദ്ദ ഖാലിദ് ബിൻ വലീദ് ബ്ലാസ്റ്റേഴ്‌സ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

പൂർണമായും വനിതാ സംഘാടനത്തിൽ ജിദ്ദയിൽ നടക്കുന്ന ടൂർണമെന്റ് അകാലത്തിൽ പൊലിഞ്ഞുപോയ ആത്മമിത്രങ്ങളും ഫുട്‌ബോൾ താരങ്ങളുമായിരുന്ന കാദറിന്റെയും മുഹമ്മദാലിയുടെയും സ്മരണാർഥം 1961 മുതൽ പെരിന്തൽമണ്ണയിൽ നടത്തി വരുന്ന ടൂർണമെന്റിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് നടക്കുന്നത്. കാദറലി സെവൻസ് ഫുട്‌ബോൾ ടൂർമെന്റിന്റെ 51ാം വാർഷികാഘോഷത്തിന്റെ ഭാഗമായും ആണ് ടൂർണമെന്റ്. കാദറും മുഹമ്മദാലിയും നാട്ടിലുള്ള ടൂർണമെന്റുകളിൽ മാത്രമല്ല, മുഹമ്മദൻസ് ഉൾപ്പടെയുള്ള ടീമുകൾക്കുവരെ ബൂട്ടണിഞ്ഞവരായിരുന്നു. ഇവരുടെ ഓർമക്കായി എല്ലാ വർഷവർഷവും അതിവിപുലമായി പെരിന്തൽമണ്ണയിൽ നടത്തി വരുന്ന ടൂർണമെന്റിന് നേതൃത്വം നൽകുന്ന കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെന്റ് കമ്മിറ്റിയുടെ സഹകരണവും ടൂർണമെന്റിനുണ്ട്.

ജിദ്ദയിലുള്ളവരുടെ ടീമുകളും നാട്ടിലുള്ള നാല് പ്രാദേശിക ടീമുകളും, അൽബഹ, യാമ്പു എന്നിവടങ്ങളിൽ നിന്നുള്ള ടീമുകളും ഉൾപ്പടെ 12 ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും. മിക്ക പ്രാദേശിക ടീമുകളും അവരുടെ കളിക്കാരെ നാട്ടിൽ നിന്നും കൊണ്ടു വരുന്നതിതിനാൽ കളികൾക്ക് ഉന്നത നിലവാരവും, വീറും വാശിയും ജനപങ്കാളിത്തവും ഏറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിദ്ദയിൽ ഇതാദ്യമായാണ് പ്രാദേശിക ടീമുകൾ ഒരു ടൂർണമെന്റിനു വേണ്ടി മാറ്റുരയ്ക്കുന്നത്. ആദ്യ ദിവസമായ ഫെബ്രുവരി 15ന്  നാലു മത്സരങ്ങളും  ഫൈനൽ അടക്കം മറ്റു മത്സരങ്ങൾ 16നുമായിരിക്കും നടക്കുക. ജേതാക്കൾക്ക് ട്രോഫിയും 5000 റിയാലും റണ്ണേഴ്അപിന് ട്രോഫിയും 3000 റിയാലും സമ്മാനമായി നൽകും. 
 

Latest News