കോട്ടയം- നഗരമധ്യത്തിലെ ഹോട്ടലില്‍ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മിസ്റ്റര്‍ ഇന്ത്യയ്ക്കെതിരെ പോലീസ് കേസ്. കുടമാളൂര്‍ സ്വദേശിയും നാവികസേനാ ഉദ്യോഗസ്ഥനുമായ മുരളി കുമാറിനെതിരെയാണ് വെസ്റ്റ് പോലീസ് കേസെടുത്തത്. കസ്റ്റഡിയില്‍ കഴിയുന്ന ഇയാളെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. പീഡനത്തിനിരയായ യുവതി അബോധാവസ്ഥയില്‍ നഗരപരിധിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
മുംബൈയില്‍ ജോലി ചെയ്യുന്ന മുരളി കഴിഞ്ഞ ദിവസം നാട്ടിലെത്തി ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നു. തന്നെ കാണുന്നതിനായി നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി ഹോട്ടലില്‍ എത്തുകയായിരുന്നുവെന്നു മുരളി പോലീസിനു മൊഴി നല്കി. മുറിയില്‍ വെച്ച് അമിത രക്തസ്രാവമുണ്ടായ യുവതിയെ മുരളിയും ഹോട്ടല്‍ ജീവനക്കാരും ചേര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ യുവതിയെ അടിയന്തര ശസ്ത്രക്രിയക്കു വിധേയയാക്കി. ഇന്നലെ ഉച്ചയോടെയാണ് യുവതിയ്ക്ക് ബോധം തെളിഞ്ഞത്. തുടര്‍ന്നു വെസ്റ്റ് പോലീസ് കേസെടുത്തു. ഹോട്ടലില്‍ തന്നെ ചായ കുടിക്കാന്‍ ക്ഷണിച്ച മുരളി കുമാര്‍ ബലമായി മുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പോലീസിനു നല്‍കിയിരിക്കുന്ന മൊഴി. വിവാഹ വാഗ്ദാനം നല്കി പെണ്‍കുട്ടിയെ മുരളി പീഡിപ്പിച്ചതായി കാട്ടി കുട്ടിയുടെ പിതാവ് ജില്ലാ പോലീസ് മേധാവി ഹരിശങ്കറിനും പരാതി നല്കി. യുവതിയുടെ മൊഴിയുടെയും, പിതാവിന്റെ പരാതിയുടെയും അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ നഗരത്തിലെ ഹോട്ടല്‍ അധികൃതരാണ് അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതി ആശുപത്രിയിലായതായി വെസ്റ്റ് പോലീസില്‍ അറിയിക്കുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ പോലീസ് സംഘം യുവതിയുടെയും ഒപ്പമുണ്ടായിരുന്ന മുരളീ കുമാറിനെയും കണ്ടെത്തി. പോസ്റ്റ് ഓഫിസ് ജംഗ്ഷനില്‍ നില്‍ക്കുകയായിരുന്ന തന്നെ കാറിലെത്തിയ സംഘം മയക്കുമരുന്ന് സ്പ്രേ മണപ്പിച്ച് ബോധം കെടുത്തിയ ശേഷം തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നായിരുന്നു യുവതിയുടെ ആദ്യ മൊഴി. പോലീസ് അന്വേഷണത്തില്‍ മൊഴി വ്യാജമാണെന്നു കണ്ടെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് യുവതി പീഡനത്തിനിരയായതാണെന്ന് വ്യക്തമായത്. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.