Sorry, you need to enable JavaScript to visit this website.

വിദേശഫണ്ട്; ഇരുപതിനായിരത്തിലേറെ ലൈസൻസുകൾ കേന്ദ്രം റദ്ദാക്കി

കോഴിക്കോട്- കേരളത്തിലേതുൾപ്പെടെ 20000ലേറെ വിദേശ ഫണ്ട് ലൈസൻസുകൾ കേന്ദ്ര സർക്കാർ റദ്ദാക്കി. വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചുവെന്ന് കാരണം ചൂണ്ടിക്കാട്ടിയാണ് റദ്ദു ചെയ്തത്. ആയിരക്കണക്കിന് ലൈസൻസുകൾ പുതുക്കി നൽകിയതുമില്ല. ഗവേഷണം, ജീവകാരുണ്യ പ്രവർത്തനം, വിദ്യാഭ്യാസ, സാമൂഹ്യ പ്രവർത്തനം, മതപ്രചാരണം എന്നിവക്കാണ് വിവിധ സന്നദ്ധ സംഘടനകൾക്ക് വിദേശത്തുനിന്ന് പണം വരുന്നത്. വിദേശ സംഭാവന നിയന്ത്രണ നിയമം അനുസരിച്ച് ലൈസൻസ് നേടിയാലേ വിദേശ ഫണ്ട് സ്വീകരിക്കാനാവൂ. ഒരിക്കൽ ലൈസൻസ് നേടിയാൽ അഞ്ചു വർഷം കഴിയുമ്പോൾ പുതുക്കണം.
നരേന്ദ്ര മോഡി അധികാരത്തിൽ വന്ന തൊട്ട വർഷം 2015ൽ ഒറ്റയടിക്ക് 10003 ലൈസൻസുകൾ റദ്ദാക്കി. 2017ൽ 4865ഉം 2019ൽ 1808ഉം ലൈസൻസുകൾ റദ്ദാക്കി.  കേരളത്തിൽ നിന്നുള്ള 1142 സംഘടനകളുടെ ലൈസൻസ് തടഞ്ഞിട്ടുണ്ട്.

പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ, മുൻ ഐ.എ.എസുകാരനായ ഹർഷ് മന്ദറിന്റെ സെന്റർ ഫോർ ഇക്വിറ്റി സ്റ്റഡീസിന്റെ വിദേശ സംഭാവന ലൈസൻസ് റദ്ദാക്കുക മാത്രമല്ല ഓഫീസ് സീൽ ചെയ്ത് സി.ബി.ഐ. കേസ് രജിസ്റ്റർ ചെയ്തിരിക്കുകയുമാണ്. ശമ്പളം, പ്രതിഫലം എന്നിവക്കല്ലാതെ 10 ലക്ഷം രൂപ ഈ അക്കൗണ്ടിൽ നിന്ന് കൈമാറി എന്ന് കാണിച്ചാണ് കേന്ദ്ര സർക്കാറിന്റെ നടപടി. സെന്റർ ഫോർ പോളിസി റിസർച്ച് എന്ന എൻ.ജി.ഒ.യുടെയും വേൾഡ് വിഷൻ ഇന്ത്യ, ഓക്‌സ്ഫാം, ന്യൂസ് ക്ലിക്ക് എന്നിവയുടെ ലൈസൻസുകൾ തടഞ്ഞത് കഴിഞ്ഞ മാസമാണ്. ന്യൂസ് ക്ലിക്ക് സ്വതന്ത്ര മാധ്യമമാണെങ്കിൽ ഓക്‌സ്ഫാം കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ സ്ഥാപനമാണ്. മേഘാലയ, രാജസ്ഥാൻ, ആന്ധ്ര,ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനാവശ്യമായ ഗവേഷണ പിന്തുണ നൽകിയ അര നൂറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് സെന്റർ ഫോർ പോളിസി റിസർച്ച്. ഈ സംഘടനകൾക്കെല്ലാം എതിരെ കേസുകളും രജിസ്റ്റർ ചെയ്തു.  വിദേശ ഫണ്ട് വാങ്ങി ദേശ വിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്ന് ആരോപിച്ചാണ് നടപടി. 2019നും 2021നും ഇടയിൽ മാത്രം 783 ലൈസൻസുകൾ പുതുക്കാനുള്ള അപേക്ഷ തള്ളിയിട്ടുണ്ട്.

മോഡി അധികാരത്തിലേറിയ ശേഷം റദ്ദാക്കിയ 20000ലേറെ ലൈസൻസുകളിൽ 2580 എണ്ണം തമിഴ്‌നാട്ടിലേതാണ്. മഹാരാഷ്ട്രയിലെ 2025, ആന്ധ്രയിലെ 2025,പശ്ചിമബംഗാളിലെ 1717, കർണാടകയിലെ 1449, ഒഡിഷയിലെ 1204, ബീഹാറിലെ 1067, നോർത്ത് ഈസ്റ്റിലെ 1155,ഉത്തർ പ്രദേശിലെ 1820 എന്നിങ്ങനെ ലൈസൻസുകൾ റദ്ദാക്കിയിട്ടുണ്ട്.
കൂടുതൽ വിദേശ സംഭാവന സ്വീകരിക്കുന്ന ലൈസൻസുള്ളത് തമിഴ്‌നാട്ടിലാണ്. ഇവിടെ 250 ലൈസൻസുകൾ ശേഷിക്കുന്നു. തമിഴ്‌നാട്ടിൽ ആകെ ഉള്ളത് 4464 ലൈസൻസുകളാണ്. മഹാരാഷ്ട്ര 3062, കർണാടക 2766, ആന്ധ്ര 2258, കേരള 2106, ദൽഹി 2056, ഗുജറാത്ത് 1988, പശ്ചിമബംഗാൾ 1915, തെലങ്കാന 1262, ഉത്തർ പ്രദേശ് 1173 എന്നിങ്ങനെയാണ് ലൈസൻസുകളുള്ളത്. ഇതിൽ ക്രിസ്തുമത പ്രചാരണത്തിന് വിദേശ സഹായത്തിനുള്ള ലൈസൻസുകൾ ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്. ഇവിടെ 619 സംഘടനകൾക്ക് ലൈസൻസുണ്ട്.

തമിഴ്‌നാട്ടിൽ 515നും കർണാടകയിൽ 448നും ലൈസൻസുണ്ട്. ഇന്ത്യയിലാകെ വിദേശ ഫണ്ട് വരുന്നത് 2764 സംഘടനകൾക്കാണ്. മറ്റു മത സംഘടനാ പ്രചാരകർക്ക് വിദേശ സഹായം കൂടുതൽ വരുന്നത് ഗുജറാത്തിലാണ്. 127 സംഘടനകൾക്ക് ഫണ്ട് വരുന്നു. വിദേശ ഫണ്ട് സ്വീകരിക്കുന്ന ക്രിസ്ത്യനേതര സംഘടനകൾ ഇന്ത്യയിലാകെ 644 മാത്രം. കേരളത്തിൽ ഇത് 28 സംഘടനകൾ. രാജ്യത്താകെ വിദ്യാഭ്യാസ രംഗത്തു പ്രവർത്തിക്കുന്ന 8658 സംഘടനകൾക്കും സാമൂഹ്യ രംഗത്തു പ്രവർത്തിക്കുന്ന 10984 സംഘടനകൾക്കും വിദേശ ഫണ്ട് സ്വീകരിക്കാൻ അനുമതിയുണ്ട്. 2021-22ൽ ഏറ്റവും കൂടുതൽ ഫണ്ട് വിദേശത്തുനിന്ന് വന്നത് ദൽഹിയിലാണ്-5809 കോടി. കർണാടകയിൽ 3147 കോടിയും ഗുജറാത്തിൽ 1496 കോടിയും കേരളത്തിൽ 975 കോടിയും വന്നു.
 

Latest News