Sorry, you need to enable JavaScript to visit this website.

വർഗീയ രാഷ്ട്രീയം പിടിമുറുക്കുമ്പോൾ

ഇന്ന് വികസനത്തെക്കുറിച്ചാണ് എല്ലാവരും പറയുന്നത്. പക്ഷെ മനുഷ്യർക്ക് സമാധാനമില്ലാത്ത സ്ഥിതിയാണ്. കുടുംബങ്ങൾ തകരുന്നു. വിവാഹമോചനം കൂടുന്നു. ആത്മഹത്യ പെരുകുന്നു. നമ്മുടെ വികസനവും ആസുരമാകുകയാണ്. മതം വർഗീയതയായി മാറുമ്പോലൊരു തലതിരിഞ്ഞപോക്കാണിവിടെയും സംഭവിക്കുന്നത്. എതാണ് ശരിയായവഴിയെന്ന ആലോചന ഗൗരവത്തിലാകേണ്ട കാലമാണിത്.


ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിയിരിക്കുന്നു. ജനത്തിന്റെ വോട്ട് തങ്ങളുടെ പെട്ടിയിലാക്കാൻ എല്ലാ പാർട്ടികളും ജാതിയുടെയും മതത്തിന്റെയും വികാരമിളക്കിവിടുമെന്നുറപ്പാണ്. ഭൂരിപക്ഷത്തെ ഒപ്പംനിർത്താൻ ന്യൂനപക്ഷത്തെ വേട്ടയാടുന്നത് ഭാരതത്തിൽ വിജയിച്ച തന്ത്രമാണ്. ഇത്തവണയും മതവും പള്ളിപൊളിക്കലും ക്ഷേത്രം പണിയലുമെല്ലാം തെരഞ്ഞെടുപ്പ് വിഷയമാകുമെന്നുറപ്പിക്കാം. ഈ സാഹചര്യത്തിൽ യഥാർത്ഥമതവും വർഗീയതയേയും നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.
മതബോധവും വർഗീയതയും രണ്ടാണ്. വിരുദ്ധധ്രുവത്തിലുമാണ്. എന്നാൽ ഇന്ന് മതവും വർഗീയതയും തമ്മിൽ തിരിച്ചറിയാനാവാത്തവിധം രാഷ്ട്രിയക്കാർ ഒന്നായിതീർത്തിരിക്കുന്നു. മതം വിശാലമാണെങ്കിൽ വർഗീയത സങ്കുചിതമാണ്. മതം കാരുണ്യമാണെങ്കിൽ വർഗീയത ഹിംസയാണ്. ഭൂരിപക്ഷ വർഗീയതയാണെങ്കിലും ന്യൂനപക്ഷ വർഗീയതയാണെങ്കിലും ഒരുപോലെ എതിർക്കപ്പെടണം.
'മതമെന്നാൽ പ്രപഞ്ചത്തിന്റെ ലക്ഷ്യം, കാരണം,  സ്വഭാവം ഇവയെപറ്റിയും പ്രപഞ്ചസൃഷ്ടിയുടെ പിന്നിൽ പ്രവർത്തിക്കുന്ന ഒരതീതശക്തിയെക്കുറിച്ചുമുള്ള വിശ്വാസസംഹിതയാണ്, ആരാധനാസ്വഭാവമുള്ള ആചാരാനുഷ്ഠാനങ്ങൾക്കും ധാർമ്മികമായ പെരുമാറ്റചട്ടങ്ങൾക്കും ഇത് രൂപംകൊടുക്കുന്നു' റാൻഡം ഹൗസ് നിഘണ്ടുവിന്റെ മതത്തെക്കുറിച്ചുള്ള നിർവ്വചനമാണിത്. 
വർഗീയതയെക്കുറിച്ചുള്ള നിർവ്വചനം ജാതിപരമായ മനോഭാവമെന്ന് ചുരുക്കിപറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല. ഏതെങ്കിലും മതത്തോടോ, ജാതിയോടോ, അതിരുകവിഞ്ഞ വിശ്വാസം.അടുപ്പം. മറ്റ് മതത്തോടും ജാതിയോടുമുള്ള വെറുപ്പ്. ഇതൊക്കെ വർഗീയതതന്നെ.  മനുഷ്യത്വത്തോടുള്ള കഠിനമായ വെറുപ്പാണ് വർഗീയതയെന്നാണ് എനിക്ക് പറയാൻതോന്നുന്നത്. എല്ലാവരും തന്നെപ്പോലെ ചിന്തിക്കണം. ഞാൻ ആരാധിക്കുന്നതിനെ ആരാധിക്കണം. എന്നിങ്ങനെയുള്ള ഭ്രാന്തമായ ചിന്തയാണിത്. ഇത് ചികിത്സിക്കേണ്ട രോഗമാണ്.
ഈ രോഗത്തെ  ചികിത്സിക്കാൻ മുമ്പ് ആളുണ്ടായിരുന്നു. സൂഫികൾ അത്തരക്കാരായിരുന്നു. സൂഫികൾ എന്നുപറയുമ്പോൾ മുസ്‌ലിംകൾ മാത്രമാണെണ് കരുതരുത്. ദൈവത്തോട്,പ്രപഞ്ചത്തോട്, എല്ലാത്തിനോടുമുള്ള പ്രണയഭാവമാണത്. 
കബീർ, തുളസീദാസ്. ഗുരുനാനാക്ക്, നിസാമുദ്ദീൻ ഔലിയ, ശ്രീരാമകൃഷ്ണപരമഹംസർ, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ ഇങ്ങനെ വർഗീയരോഗത്തെ ചികിത്സിച്ച ഇവരൊക്കെ സൂഫികളായിരുന്നു. ശ്രീരാമകൃഷ്ണപരമഹംസരും ചട്ടമ്പിസ്വാമികളും നാരായണഗുരുവുമെല്ലാം ഖുർആൻ അറബിയിൽ ഓതാൻ ശേഷിയുള്ളവരായിരുന്നു. എല്ലാമതങ്ങളെയുംഉൾക്കൊള്ളാനുള്ള മാനസികവികാസം അവർക്കുണ്ടായിരുന്നു. തങ്ങളുടെ അനുയായികളെ അവരത് പഠിപ്പിച്ചിരുന്നു. അനുയായികൾ ഇപ്പോഴതിൽനിന്ന് വഴിതെറ്റിയെങ്കിലതിന് കുറ്റം ഗുരുക്കന്മാരല്ല.
മതത്തിന്റെ ഇപ്പോഴത്തെ പോക്ക് ശരിയായ വഴിയിലൂടെയാണോയെന്ന് എല്ലാമതവിശ്വാസികളും ആലോചിക്കുന്നത് നന്നാവും. ഉപനിഷത് ചിന്തകരുടെ കാലത്തുനിന്ന് നമ്മൾ മുന്നോട്ടാണോ പിന്നോട്ടാണോ പോകുന്നത്. ചാൾസ് ഡാർവിന്റെ പരിണാമസിദ്ധാന്തം തലകീഴ്‌മേൽമറിയുകയാണോചെയ്യുന്നത്. മനുഷ്യർ കുരങ്ങന്മാരായി പിന്നോട്ട് പരിണമിച്ച് പുഴുവും പുല്ലുമായി മാറുന്നതാണോ ശരിയായ പരിണാമം. ചിന്തിക്കേണ്ടകാര്യമാണ്. ഇസ്‌ലാം മതത്തിൽ മനുഷ്യവർഗ്ഗത്തിന്റെ സ്ഥാനം മൃഗത്തിനും മാലാഖയ്ക്കും ഇടയിലാണെന്ന് പറയുന്നുണ്ട്. മനുഷ്യർക്ക് മൃഗവും ആകാൻ കഴിയും മാലാഖയാകാനും കഴിയും. ഇന്നത്തെ പോക്കു കണ്ടിട്ട് മനുഷ്യർ മൃഗങ്ങളായിമാറുകയാണെന്ന് വ്യക്തമാണ്.
യഥാർത്ഥമതബോധം നശിക്കുമ്പോഴാണ് വർഗീയത ആ സ്ഥാനം കൈയ്യടക്കുന്നത്. ഒരു കൂട്ടം രാഷ്ട്രിയക്കാരാണ് വർഗീയത ഇളക്കിവിടുന്നത്. മനുഷ്യരെ തമ്മിലടിപ്പിക്കുന്നത്.കൊല്ലിക്കുന്നത്. രാഷ്ട്രിയലക്ഷ്യത്തോടെ മതത്തിന്റെ മേലങ്കിപുതച്ചവരും ഇതിന് പിന്നിലുണ്ട്. മനുഷ്യർക്ക് ശരിയായ വഴിചൂണ്ടിക്കാട്ടാൻ ഉത്തരവാദിത്വമുള്ളവർ നിശബ്ദതപാലിക്കുകയാണ്.  
സ്വതന്ത്രചിന്ത നശിക്കുകയും സത്യംവിളിച്ചുപറയാൻ മനുഷ്യർ ഭയക്കുകയുംചെയ്യുന്നു. സത്യംപറയുന്നവരെ ഭരണകൂടങ്ങളും സംഘടനകളും ഉന്നം വെച്ച് ഇല്ലാതെയാക്കുന്നു. രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാൻ ഒരു കുട്ടിപോലും ഇല്ലാതെവരുന്ന സ്ഥിതി എത്രഭയാനകമാണ്. അങ്ങനെയൊരു ദുരിതകാലത്തിലൂടെയാണ് സമൂഹമിന്ന് കടന്ന് പോയ്‌ക്കൊണ്ടിരിക്കുന്നത്.
ബർണാഡ് ഷായെ ഓർത്തുപോകുന്നു, ഒരിക്കൽ പത്രപ്രവർത്തകർ അദ്ദേഹത്തോടു ചോദിച്ചു. അങ്ങയുടെ ചെറുപ്പകാലവും ഇപ്പോഴത്തെകാലവും തമ്മിലുള്ള പ്രധാനവ്യത്യാസമെന്താണ്. ഉടൻ വന്നുമറുപടി. എന്റെ ചെറുപ്പകാലത്ത് ശരിയും തെറ്റും തമ്മിൽ വ്യക്തമായ അതിർവരമ്പുണ്ടായിരുന്നു. ഇന്നതില്ല. ശരിയേത് തെറ്റേതെന്ന് തിരിച്ചറിയാനാവുന്നില്ല. മതത്തെയും വർഗീയതയേയുംകുറിച്ച് ചിന്തിക്കുമ്പോഴും ഈ ഉത്തരം നൂറുവട്ടം ശരിയാണ്. ഏതുമതത്തിലാണോ വർഗീയത ശക്തിപ്പെട്ടുവരുന്നത് ആ മതം തന്നെയാവും സമ്പൂർണ്ണമായി നശിക്കപ്പെടുക. മതം പാലാണെങ്കിൽ അതിൽ നഞ്ചുകലക്കുന്നതാണ് വർഗീയത.
മതവിശ്വാസത്തെ സമ്പൂർണമായി ഇല്ലാതാക്കാമെന്ന് ഞാൻ കരുതുന്നില്ല. മതേതരത്വം എന്നത് പാശ്ചാത്യചിന്തയാണ്. അക്കാലത്തെ മതമേലാളന്മാർ  ശാസ്ത്രത്തെയും മനുഷ്യത്വത്തേയും കശക്കിയെറിയുന്നതിലുള്ള പ്രതിഷേധമാണവിടെയുണ്ടായത്. യഥാർത്ഥത്തിൽ മതത്തെ കൈകാര്യം ചെയ്തവരിലുള്ള കുഴപ്പമാണവിടെ സംഭവിച്ചത്. ചെകുത്താൻമാർ ദൈവത്തിന്റെ വേഷമെടുത്തണിഞ്ഞപ്പോഴുണ്ടായകുഴപ്പം.
ഭാരതത്തിലോ മറ്റ് കിഴക്കൻ നാടുകളിലോ മതത്തിൽനിന്നിങ്ങനെയൊന്നുണ്ടായില്ല. ഇവിടെ ശാസ്ത്രജ്ഞർ കൊലചെയ്യപ്പെട്ടില്ല. സത്യത്തെ മാനിച്ചിരുന്നു.  അതുകൊണ്ടാണ് ഗാന്ധിജി മതസൗഹാർദ്ദത്തിന് വലിയപ്രാധാന്യം നൽകിയത്. മതമേതായാലും മനുഷ്യർ നന്നാകണമെന്നബോധമാണ് പ്രധാനം. വർഗീയവാദികൾക്ക് മറ്റുമതവിശ്വാസികളെ കൊല്ലാൻ കഴിയും.  എന്നാൽ ഞാനുറപ്പിച്ചുപറയുന്നു. അവർ തകർക്കാൻ ശ്രമിക്കുന്നതെന്തോ അത് ശക്തിയായി ഉയർന്നുവരും. പ്രകൃതിനിയമം അങ്ങനെയാണ്. ക്രിസ്തുവിനെ ക്രൂശിച്ചവർ കരുതി അതോടെ എല്ലാംകഴിഞ്ഞുവെന്ന്. എന്നാൽ സംഭവിച്ചത് മറ്റൊന്നാണെന്നെല്ലാവർക്കും അറിയാം.
മനുഷ്യപ്രകൃതിയെ പരിവർത്തനപ്പെടുത്താൻ പര്യാപ്തമായ സാമാന്യസത്യങ്ങളെ ആവിഷ്‌കരിക്കുന്ന സമ്പ്രദായമാണ് മതമെന്നൊരു നിർവ്വചനവും ഉണ്ട്. എന്തായാലും മതം കാരുണ്യമാണ് ഉൽപ്പാദിപ്പിക്കേണ്ടത്. ബുദ്ധൻ മഹാകാരുണ്യമായിരുന്നു. കരുണവറ്റിയമതത്തെ മതമെന്ന് വിളിക്കാനാവില്ല. അതുവർഗീയതയുടെ പ്രകടരൂപമാണ്. ആൾക്കൂട്ടത്തെ ഭ്രാന്തുപിടിപ്പിക്കുന്നവരിൽനിന്ന് ഏറ്റവും അകന്ന് നിൽക്കാനാവുകയെന്നതാണ് ഇന്ന് പ്രധാനം. ന്യൂനപക്ഷ മതവിഭാഗങ്ങളും ആത്മപരിശോധനനടത്തണം. 
മതവിശ്വാസികൾക്ക് യഥാർത്ഥമതത്തെ തിരിച്ചുപിടിക്കാൻ കഴിയണം. മതത്തിന്റെ പേരിൽ ആരുമുതലെടുപ്പ് നടത്താൻ വന്നാലും അവരെ ആട്ടിപുറത്താക്കണം. വിദ്യാസമ്പന്നരെന്ന് അഭിമാനിക്കുന്ന നമുക്കതിന് കഴിഞ്ഞില്ലെങ്കിൽ പിന്നെന്തിനാണ് വിദ്യാഭ്യാസം. വിദ്യാസമ്പന്നരിലും നഗരവാസികളിലുമാണ് വർഗീയത കൂടുതലായി കണ്ടുവരുന്നത്. തീർച്ചയായും നമ്മുടെ നാഗരികതയ്ക്കും വിദ്യാഭ്യാസത്തിനും വലിയപോരായ്മയുണ്ട്. ഇത് ചികിത്സിക്കാനുള്ള നടപടികളാണ് ഒന്നാമതായി വേണ്ടത്. വികസനം രണ്ടാമത് മതി. 
നമ്മുടെ നാട് ഇത്രകണ്ട് സമ്പന്നവും വിദ്യാസമ്പന്നവുമാകാതിരുന്നകാലം എത്രയോ ഭേദമായിരുന്നുവെന്ന് ഇപ്പോൾ തോന്നിപ്പോകുന്നു, പത്ത് അമ്പത് കൊല്ലം മുമ്പത്തെ കാര്യമാണ് പറയുന്നത്. ഇന്നത്തെ കുട്ടികൾക്കതേക്കുറിച്ചറിവില്ലെങ്കിൽ പഴമക്കാരോട് ചോദിക്കുക. ആ നല്ലകാലം അവരുടെ മനസ്സിൽ പച്ചപിടിച്ചുനിൽക്കുന്നുണ്ടാകും.പട്ടിണിയുണ്ടായിരുന്നു. വാഹനസൗകര്യം വളരെ കുറവായിരുന്നു. മൊബൈലോ, ടിവിയോ ഉണ്ടായിരുന്നില്ല. ആധുനിക മാളുകളില്ലായിരുന്നു. എങ്കിലും മനുഷ്യർക്ക് സമാധാനം ഉണ്ടായിരുന്നു. 
പ്രകൃതി സുന്ദരമായിരുന്നു, ജാതിയും മതവും നോക്കാതെ പരസ്പരം സ്‌നേഹവും ബഹുമാനവും ഉണ്ടായിരുന്നു. പരസ്പരം  കരുതലുണ്ടായിരുന്നു. ഇന്ന് വികസനത്തെക്കുറിച്ചാണ് എല്ലാവരും പറയുന്നത്. പക്ഷെ മനുഷ്യർക്ക് സമാധാനമില്ലാത്ത സ്ഥിതിയാണ്. കുടുംബങ്ങൾ തകരുന്നു. വിവാഹമോചനം കൂടുന്നു. ആത്മഹത്യ പെരുകുന്നു. നമ്മുടെ വികസനവും ആസുരമാകുകയാണ്. മതം വർഗീയതയായി മാറുമ്പോലൊരു തലതിരിഞ്ഞപോക്കാണിവിടെയും സംഭവിക്കുന്നത്. ഏതാണ് ശരിയായവഴിയെന്ന ആലോചന ഗൗരവത്തിലാകേണ്ട കാലമാണിത്.

Latest News