ന്യൂദല്‍ഹി- ദല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തില്‍ യാത്രയ്ക്കിടെ ദുര്‍ഗന്ധം അനുഭവപ്പെട്ടു. പിന്നാലെ തിരിച്ചിറക്കി.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. 6ഇ 449 ഇന്‍ഡിഗോ വിമാനത്തിലാണ് ദുര്‍ഗന്ധം അനുഭവപ്പെട്ടത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് മുന്‍കരുതലെന്ന നിലയിലാണ് വിമാനം തിരിച്ചിറക്കിയതെന്ന് എയര്‍ലൈന്‍ അറിയിച്ചു.
ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ടെന്നും സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ പാലിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചെത്തിയതെന്നും ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. യാത്രക്കാര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച ഇന്‍ഡിഗോ അധികൃതര്‍ യാത്രക്കാര്‍ക്ക് മറ്റൊരു വിമാനം ഏര്‍പ്പാടാക്കി.