കോഴിക്കോട്- 95 വയസുള്ള രോഗിയെ ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ ആംബുലന്‍സിന് ബാരിക്കഡ് തുറന്നു കൊടുക്കാത്തതില്‍ പോലീസ് അതീവ ജാഗ്രത പുലര്‍ത്തണമായിരുന്നുവെന്ന് മനുഷ്യാവകാശ കമ്മീഷന്‍.
2023 ജൂലൈ 31ന് നല്ലളം പോലീസ് സ്റ്റേഷനിലേക്ക് നടന്ന മാര്‍ച്ചിനിടെ ഫറോക്കില്‍ നിന്നുവന്ന ആംബുലന്‍സ് മോഡേണ്‍ ബസാറില്‍ തടഞ്ഞ സംഭവത്തില്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.
ഫറോക്ക് അസിസ്റ്റന്റ് പോലീസ് കമ്മീഷണറില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയതു കൊണ്ടാണ് സ്റ്റേഷന് 100 മീറ്റര്‍ മുമ്പ് ഗതാഗതം വഴി തിരിച്ചുവിട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആംബുലന്‍സ് ഡ്രൈവര്‍ പോലിസിന്റെ നിര്‍ദ്ദേശം അവഗണിച്ചതായും ഡ്രൈവറെ കുറ്റക്കാരനാക്കിയാണ് പോലീസ് റിപ്പോര്‍ട്ട്.
പഴയ കൊളത്തറ റോഡ് വഴി ടൗണ്‍ ഭാഗത്തേക്ക് പോകാമെന്ന് പറഞ്ഞെങ്കിലും ഡ്രൈവര്‍ വകവച്ചില്ല. പോലീസ് സ്റ്റേഷന് മുന്നിലെത്തിയ ആംബുലന്‍സിന് വഴിയൊരുക്കാന്‍ പോലീസുകാര്‍ ബാരിക്കേഡ് അഴിക്കുമ്പോള്‍ ആംബുലന്‍സ് ഡ്രൈവര്‍ തന്റെ കടമ മറന്ന് ഇതിന്റെ വീഡിയോ ചിത്രീകരിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആംബുലന്‍സ് ഡ്രൈവര്‍ വര്‍ഷങ്ങളായി ഇതേ ജോലി ചെയ്യുന്നയാളാണെന്നും പ്രദേശത്തെ എല്ലാ റോഡുകളെ കുറിച്ചും അറിവുള്ളയാളുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം വീഡിയോ ചിത്രികരിച്ചതിലൂടെ ഡ്രൈവറുടെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ആംബുലന്‍സ് ഡ്രൈവര്‍ പോലീസിന്റെ നിര്‍ദ്ദേശം അവഗണിച്ചതാണ് പ്രയാസങ്ങള്‍ക്ക് കാരണമായത്. ആംബുലന്‍സ് കടത്തിവിടാന്‍ പോലിസ് സന്നദ്ധമായിട്ടും പോലീസിന്റെ നിര്‍ദ്ദേശം അവഗണിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.