Sorry, you need to enable JavaScript to visit this website.

VIDEO - ഗാസയിലെ ഈ ബാലനെ അറിയുമോ, തമ്പുകളിൽ ഇരുട്ടകറ്റാൻ വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഹുസാം

ജിദ്ദ - വൈദ്യുതിയും വെള്ളവും റോഡുകളും ആശുപത്രികളും പാർപ്പിടങ്ങളും അടക്കം പശ്ചാത്തല സൗകര്യങ്ങളെല്ലാം തകർത്ത് തരിപ്പണമാക്കിയും ഇല്ലാതാക്കിയും നിഷേധിച്ചും ഉപരോധമേർപ്പെടുത്തിയും ഗാസക്കെതിരായ കിരാത യുദ്ധം ഇസ്രായിൽ തുടരുന്നതിനിടെ അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ ലോകത്തിന് നൽകുന്ന ഗാസ നിവാസികളുടെ പ്രതിനിധിയായ ഫലസ്തീനി ബാലൻ ഹുസാം അൽഅത്താർ തമ്പുകളിൽ ഇരുട്ടകറ്റി വെളിച്ചമെത്തിക്കാൻ വൈദ്യുതി ഉൽപാദിപ്പിച്ച് ശ്രദ്ധേയനാവുകയാണ്.

ഇസ്രായിൽ ബോംബാക്രമണത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് ലഭ്യമായ ഏറ്റവും ലളിതമായ ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഹുസാം അൽഅത്താർ തമ്പുകൾ പ്രകാശിപ്പിക്കുന്നത്. യുദ്ധത്തിൽ ഉത്തര ഗാസയിൽ നിന്ന് ജീവനും കൊണ്ട് പലായനം ചെയ്യാൻ നിർബന്ധിതരാവുകയും കുടിയിറക്കപ്പെടുകയും ചെയ്ത ലക്ഷണക്കിന് ഫലസ്തീനി കുടുംബങ്ങൾ പശ്ചാത്തല സൗകര്യങ്ങളൊന്നുമില്ലാത്ത തമ്പുകളിലാണ് ദക്ഷിണ ഗാസയിലെ റഫയിൽ കഴിയുന്നത്. ഇവിടെയാണ് ഹുസാം അൽഅത്താറിന്റെ കുടുംബവും കഴിയുന്നത്.

വൈദ്യുതിയില്ലാതെ രാത്രിയിൽ ഇരുട്ടിൽ കഴിയുന്നതു മൂലമുള്ള ദുരിതത്തിന് പരിഹാരമെന്നോണമാണ് പതിനഞ്ചുകാരനായ ബാലൻ കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംവിധാനം സ്വയം വികസിപ്പിച്ചത്. ഗാസയിലെ ന്യൂട്ടൻ എന്ന അപര നാമത്തിലാണ് ഹുസാം അൽഅത്താർ ഇപ്പോൾ അറിയപ്പെടുന്നത്. യുദ്ധാവശിഷ്ടങ്ങളിൽ നിന്ന് ശേഖരിച്ച രണ്ടു ഫാൻ ലീഫുകളും വയറുകളും ഉപയോഗിച്ചാണ് കാറ്റാടി വൈദ്യുതി സംവിധാനം ഹുസാം നിർമിച്ചത്. ശക്തമായ കാറ്റിൽ കാറ്റാടി യന്ത്രത്തിന്റെ ഫാനുകൾ കറങ്ങി തമ്പിൽ ആദ്യായി ബൾബുകൾ പ്രകാശിച്ചത് പിതാവിനെ അമ്പരിപ്പിച്ചതായി ഹുസാം പറയുന്നു. 

സൗദിയിൽ വിസിറ്റ് വിസക്കാര്‍ക്ക് ഇനി മുതല്‍ ഡിജിറ്റൽ കാർഡ് മതി
ഹുസാം അൽഅത്താറിന്റെ ആദ്യ കണ്ടുപിടുത്തമല്ല ഇത്. ഇലക്ട്രിക്കൽ മേഖലയിലുള്ള അഭിനിവേശം കുടുംബത്തിന് പ്രയോജനപ്പെടുന്ന ഏതാനും ഉപകരണങ്ങൾ നിർമിക്കാൻ ബാലനെ പ്രേരിപ്പിച്ചു. ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണുന്ന കേടായിക്കിടക്കുന്ന വൈദ്യുതി ഉപകരണങ്ങൾ ശേഖരിച്ച് കേടുകൾ തീർത്ത് ഉപയോഗപ്പെടുത്തുന്നത് പതിവാണ്. ഇങ്ങിനെ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് വെള്ളത്തിനടിൽ പ്രകാശം നൽകുന്ന സംവിധാനവും നിർമിച്ചതായി ഹുസാം അൽഅത്താർ പറയുന്നു. ഉത്തര ഗാസയിൽ നിന്ന് ദക്ഷിണ ഗാസയിലേക്ക് പാലായനം ചെയ്ത് തമ്പുകളിൽ കഴിയുന്ന മറ്റു ഫലസ്തീനി കുട്ടികളെ പോലെ തന്നെ നാലു മാസം മുമ്പ് യുദ്ധാരംഭം മുതൽ നിഷേധിക്കപ്പെട്ട സ്‌കൂൾ പഠനം പുനരാരംഭിക്കാൻ സാധിക്കണമെന്നാണ് ഹുസാമും ആഗ്രഹിക്കുന്നത്. 

Latest News