Sorry, you need to enable JavaScript to visit this website.

ആഗോള ശരാശരി താപ നില വലിയ തോതില്‍ ഉയരുന്നത് ഭീഷണിയാകുന്നു, 2010 ല്‍ ഒരു കടല്‍ മുഴുവന്‍ അപ്രത്യക്ഷമായ ചരിത്രമുണ്ട്

ആഗോള ശരാശരി താപ നില വലിയ തോതില്‍ ഉയരുന്നത് ഭീഷണി ഉയര്‍ത്തുന്നു. 2024 ജനുവരിയില്‍ തുടര്‍ച്ചയായ രണ്ടാം മാസമാണ് ആഗോള താപനില സാധാരണ നിരക്കില്‍ കൂടുതലായത്. ഇത് ആദ്യമായി ആഗോള ശരാശരി താപനിലയെ 1.5 ഡിഗ്രി പരിധിക്ക് മുകളില്‍ എത്തിച്ചു. കാലാവസ്ഥാ വ്യതിയാനം മൂലം താപനില വിനാശകരമായ രീതിയില്‍ ഉയരുന്നത് എന്തെല്ലാം പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് പറയാനാകില്ല. ഒരു പതിറ്റാണ്ട് മുന്‍പ് താപനില ഉയര്‍ന്നത് കാരണം ഒരു കടല്‍ തന്നെ അപ്രത്യക്ഷമായിട്ടുണ്ട്. ഒരിക്കല്‍ നീല മത്സ്യങ്ങളാല്‍ നിറഞ്ഞിരുന്ന ആറല്‍ കടലാണ് പൂര്‍ണ്ണമായും വറ്റിവരണ്ടു പോയത്. . കസാക്കിസ്ഥാനും ഉസ്‌ബെക്കിസ്ഥാനും ഇടയിലാണ് ആറല്‍ കടലുണ്ടായിരുന്നത്.  2010 ഓടെ ഇത് പൂര്‍ണ്ണമായും വറ്റിപ്പോയി.
68,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ആറല്‍ കടല്‍ ലോകത്തിലെ നാലാമത്തെ വലിയ ഉള്‍നാടന്‍ ജലാശയമായിരുന്നു. 1960-കളില്‍ സോവിയറ്റ് ജലസേചന പദ്ധതികകള്‍ക്കായി അതിനെ പോഷിപ്പിക്കുന്ന നദികള്‍ വഴിതിരിച്ചു വിട്ടതിനുശേഷം ഇത് ചുരുങ്ങാന്‍ തുടങ്ങി. ഒടുവില്‍ ആഗോള താപ നില വലിയ തോതില്‍ ഉയര്‍ന്നതോടെ ആറല്‍ കടല്‍ വറ്റിത്തുടങ്ങുകയായിരുന്നു.

നാസയുടെ എര്‍ത്ത് ഒബ്‌സര്‍വേറ്ററി ആറല്‍ കടലിന്റെ തിരോധാനത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് വിശദമായ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.  1960-കളില്‍ സോവിയറ്റ് യൂണിയന്‍ ജലസേചനത്തിനായി കസാക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ എന്നിവിടങ്ങളിലെ വരണ്ട സമതലങ്ങളില്‍ ഒരു വലിയ ജലവിതരണ പദ്ധതി ഏറ്റെടുത്തു. ഈ പ്രദേശത്തെ രണ്ട് പ്രധാന നദികളായ് സിര്‍ ദര്യയെയും അമു ദര്യയെയുമാണ്  ഇതിനായി ഉപയോഗിച്ചത്. ഈ പദ്ധതി ജലസേചനത്തെ പ്രോത്സാഹിപ്പിച്ചെങ്കിലും നദികളിലെ വെള്ളം തിരിച്ചുവിട്ട് കൃഷിയിടം സൃഷ്ടിച്ചതോടെ നീരൊഴുക്ക് ഗണ്യമായി കുറയുകയും കടല്‍ മുഴുവന്‍ ആവിയായി മാറുകയും ചെയ്തു. തടാകത്തിന്റെ ഒരു ഭാഗം സംരക്ഷിക്കാനുള്ള അവസാന ശ്രമത്തില്‍, കസാക്കിസ്ഥാന്‍ ആറല്‍ കടലിന്റെ വടക്കും തെക്കും ഭാഗങ്ങള്‍ക്കിടയില്‍ ഒരു അണക്കെട്ട് നിര്‍മ്മിച്ചു. എന്നാല്‍ ഇപ്പോള്‍ ജലാശയത്തെ അതിന്റെ പൂര്‍ണ്ണ പ്രതാപത്തിലേക്ക് പുനഃസ്ഥാപിക്കുക എന്നത് മിക്കവാറും അസാധ്യമായ കാര്യമായി മാറിയിരിക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ക്കിടയിലാണ് ആഗോള താപനില ഭീതിദമായ നിലയിലേക്ക് വീണ്ടും ഉയരുന്നത്. 

 

Latest News