റിയാദ് - അഞ്ചു രാജ്യങ്ങളിലെ വിദേശ മന്ത്രിമാരും ഫലസ്തീൻ പ്രതിനിധിയും റിയാദിൽ യോഗം ചേർന്ന് ഇസ്രായിലിന്റെ ഗാസ യുദ്ധവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങൾ വിശകലനം ചെയ്തു. സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരന്റെ ആഹ്വാന പ്രകാരം ചേർന്ന യോഗത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽഥാനി, യു.എ.ഇ വിദേശ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽനഹ്‌യാൻ, ജോർദാൻ ഉപപ്രധാനമന്ത്രിയും വിദേശ, പ്രവാസികാര്യ മന്ത്രിയുമായ അയ്മൻ അൽസ്വഫദി, ഈജിപ്ഷ്യൻ വിദേശ മന്ത്രി സാമിഹ് ശുക്‌രി, ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ സെക്രട്ടറിയും ഫലസ്തീൻ സിവിൽ അഫയേഴ്‌സ് മന്ത്രിയുമായ ഹുസൈൻ അൽശൈഖ് എന്നിവർ പങ്കെടുത്തു.
ഗാസ യുദ്ധം അവസാനിപ്പിക്കണമെന്നും ഉടനടി വെടിനിർത്തൽ നടപ്പാക്കണമെന്നും അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കനുസരിച്ച് സാധാരണക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ഗാസയിൽ റിലീഫ് വസ്തുക്കൾ പ്രവേശിപ്പിക്കുന്നതിന് ബാധകമാക്കിയ മുഴുവൻ നിയന്ത്രണങ്ങളും എടുത്തുകളയണമെന്നും വിദേശ മന്ത്രിമാർ ആവശ്യപ്പെട്ടു. യുനൈറ്റഡ് നേഷൻസ് റിലീഫ് ആന്റ് വർക്‌സ് ഏജൻസി ഫോർ ഫലസ്തീൻ റെഫ്യൂജീസിനുള്ള ഉറച്ച പിന്തുണ മന്ത്രിമാർ പ്രകടിപ്പിച്ചു.
ഫലസ്തീൻ അഭയാർഥികളോടുള്ള മാനുഷിക ദൗത്യങ്ങൾ നിറേറ്റുന്നതിന് യു.എൻ ഏജൻസിക്ക് പിന്തുണ നൽകുന്നതിൽ തങ്ങളുടെ പങ്കും ഉത്തരവാദിത്തവും വഹിക്കണമെന്ന് എല്ലാ രാജ്യങ്ങളോടും മന്ത്രിമാർ ആവശ്യപ്പെട്ടു. ദ്വിരാഷ്ട്ര പരിഹാരത്തിന് ശക്തമായ നടപടികൾ സ്വീകരിക്കുകയും യു.എൻ പ്രമേയങ്ങൾക്കനുസൃതമായി 1967 ജൂൺ നാലിലെ അതിർത്തിയിൽ കിഴക്കൻ ജറൂസലം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുകയും വേണം. അധിനിവിഷ്ട ഫലസ്തീനിന്റെ അവിഭാജ്യ ഭാഗമാണ് ഗാസ. ഗാസയിൽ നിന്ന് ഫലസ്തീനികളെ നിർബന്ധിച്ച് കുടിയൊഴിപ്പിക്കുന്നതിനെ ഒരിക്കലും അംഗീകരിക്കില്ലെന്നും വിദേശ മന്ത്രിമാരുടെ യോഗം വ്യക്തമാക്കി.