Sorry, you need to enable JavaScript to visit this website.

നാല് സ്ത്രീകളോട് പ്രണയം നടിച്ചു, മൂന്ന്  കോടി തട്ടി; ഏഴ് വര്‍ഷം തടവ് ശിക്ഷ

ലണ്ടന്‍-യുകെയില്‍ സ്വദേശിനികളായ നാല് സ്ത്രീകളെ പ്രണയ കെണിയില്‍ കുടുക്കിയ കള്ള കാമുകന്‍ ഒടുവില്‍ പിടിയില്‍. പ്രണയ തട്ടിപ്പിലൂടെ യുവതികളില്‍ നിന്ന് മൂന്ന് കോടി രൂപയോളം തട്ടിയെടുത്ത ഇയാള്‍ക്ക് കോടതി ഏഴ് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. കവന്‍ട്രിയില്‍ നിന്നുള്ള സിയറാന്‍ മക്‌നമാര എന്ന 37 കാരനാണ് ജയിലിലായത്. 2022 സെപ്റ്റംബര്‍ മുതല്‍ 2023 സെപ്റ്റംബര്‍ വരെ യുവതികളെ തന്ത്രപരമായി കബളിപ്പിച്ച ഇയാള്‍ ഇവരില്‍ നിന്ന് മൂന്ന് കോടിയോളം രൂപയും തട്ടിയെടുത്തെന്നും പോലീസ് പറയുന്നു.
ഒരു ബിസിനസുകാരന്‍ എന്ന് പരിജയപ്പെടുത്തിയാണ് ഇയാള്‍ യുവതികളുമായി അടുത്തതെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് ഇയാള്‍ യുവതികളുമായി തന്ത്രത്തില്‍ പ്രണയത്തിലായി. പതുക്കെ ഇവര്‍ നിന്നും ഇയാള്‍ പണം തട്ടിയെടുത്തു തുടങ്ങി. നാല് യുവതികളെയും ഇയാള്‍ നാല് വ്യത്യസ്ത പേരുകള്‍ ഉപയോഗിച്ചാണ് പരിജയപ്പെട്ടത്. സ്വന്തം പേരിന് പുറമേ സിയാറന്‍ ഗ്രിഫിന്‍, ക്രിസ്റ്റ്യന്‍ മക്‌നമാര, മൈല്‍സ് മക്‌നമാര എന്നീ പേരുകളില്‍ ആയിരുന്നു ഇയാള്‍ ഓരോ യുവതികളെയും സ്വയം പരിചയപ്പെടുത്തിയത്. താന്‍ അതിസമ്പന്നനാണ് എന്ന ധാരണ യുവതികള്‍ക്ക് ഉണ്ടാക്കിയെടുക്കാന്‍ ഇയാള്‍ ലണ്ടനിലെയും ചെഷയറിലെയും വലിയ മാളികകളുടെ ചിത്രങ്ങള്‍ തന്റെതാണെന്ന വ്യാജേന യുവതികളെ കാണിക്കുകയും അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതും പതിവായിരുന്നെന്ന് പോലീസ് പറയുന്നു.
എന്നാല്‍, ഇയാളുടെ ഇരകളായ യുവതികളില്‍ ഒരാള്‍ക്ക് തോന്നിയ സംശയമാണ് തട്ടിപ്പ് പുറത്ത് കൊണ്ടുവന്നത്. സംശയം തോന്നിയ യുവതി പോലീസില്‍ പരാതി നല്‍കിയതോടെ ഇയാള്‍ പിടിയിലാവുകയും കള്ളക്കഥകള്‍ പോലീസിനോട് സമ്മതിക്കുകയുമായിരുന്നു. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 28 നാണ് പോലീസ് ഇയാളെ പിടികൂടിയത്. തന്റെ ആഡംബര ജീവിതത്തിനായി പണം തട്ടിയെടുക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഡിറ്റക്ടീവ് കോണ്‍സ്റ്റബിള്‍ വിക്ടോറിയ ഹേസില്‍വുഡ് പറയുന്നു. താന്‍ ഒരു കോടീശ്വരന്‍ ആണെന്നാണ് ഇയാള്‍ യുവതികളോട് പറഞ്ഞിരുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ ഇയാള്‍ ഒരു തൊഴില്‍രഹിതനാണ്. യുവതികളെ സ്വന്തം വീടാണെന്ന് പറഞ്ഞ് മണിമാളികകളുടെ ചിത്രങ്ങള്‍ കാണിച്ച ഇയാള്‍ക്ക് സ്വന്തമായി ഉള്ളത് വെറും ഒരു സൂട്ട് കേസ് മാത്രമാണെന്നും വിക്ടോറിയ കൂട്ടിചേര്‍ക്കുന്നു. കോടതിയില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് ഏഴു വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചത്.

Latest News