ന്യൂദൽഹി- പ്രളയകാലത്ത് ചെങ്ങന്നൂരിൽ ആയിരക്കണക്കിന് ആളുകൾ മരണത്തിന്റെ വക്കിലാണെന്ന് പറഞ്ഞുള്ള സജി ചെറിയാൻ എം.എൽ.എയുടെ നിലവിളി പബ്ലിസിറ്റിക്ക് വേണ്ടിയുള്ളതായിരുന്നെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. ചെങ്ങന്നൂരിന് വേണ്ടി താൻ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ലോക്‌സഭയിൽ നിലവിളിക്കുമെന്നും കൊടിക്കുന്നിൽ പറഞ്ഞു. ദുരന്ത സമയത്ത് കോടികൾ ചെലവഴിച്ചുള്ള സരസ് കുടുംബശ്രീ മേള സംഘടിപ്പിക്കുന്നതിനുള്ള തിരക്കിലായിരുന്നു സജി ചെറിയാൻ. ജില്ലാ ഭരണകൂടവും എം.എൽ.എയും ദുരന്തം മുന്നിൽ കണ്ടു മുൻകരുതലിനുള്ള ഒരു നടപടിയും സ്വീകരിച്ചില്ല. പ്രളയത്തിൽ ചെങ്ങന്നൂർ മുങ്ങിയ സമയത്ത് ദുരന്ത ബാധിത പ്രദേശങ്ങളിൽ താൻ ഉണ്ടായിരുന്നു. എന്നാൽ അപാകതകൾ ചൂണ്ടിക്കാട്ടിയ തന്നെ ഉപരോധിക്കാനാണ് സി.പി.എം ശ്രമിച്ചത്. സത്യത്തിൽ താനായിരുന്നു നിലവിളിക്കേണ്ടതെന്നും കൊടിക്കുന്നിൽ പറഞ്ഞു.
അതിനുപുറമേ, ചെങ്ങന്നൂർ എം.എൽ.എ ആയ സജി ചെറിയാനെ നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കാൻ അനുവദിക്കാത്തത് പ്രതിഷേധാർഹമാണെന്നും കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു. ചെങ്ങന്നൂരുകാരെ അവഹേളിക്കുന്നതിന് തുല്യമാണ് ഈ നടപടി. നിയമസഭയിൽ ജനങ്ങളുടെ പ്രശ്‌നം അവതരിപ്പിക്കാൻ പോലും കഴിയാതെ നോക്കുകുത്തിയായി നിന്ന സജി ചെറിയാന് എം.എൽ.എ സ്ഥാനത്ത് തുടരാൻ ധാർമ്മികമായി അർഹതയില്ല. പാർട്ടിക്ക് പോലും വിശ്വാസമില്ലാത്ത എം.എൽ.എയാണ് സജി ചെറിയാൻ. ഇക്കാര്യത്തിൽ സി.പി.എം നിലപാട് വ്യക്തമാക്കണം. ഗുരുതര സാഹചര്യമുണ്ടായിട്ടും ഒരു മൈക്ക് അനൗൺസ്‌മെന്റ് പോലും നടത്താത്ത എം.എൽ.എ കാര്യങ്ങൾ കൈവിട്ട് പോയപ്പോൾ പബ്ലിസിറ്റിക്ക് വേണ്ടി ചാനലിൽ നിലവിളിക്കുകയായിരുന്നു.
കനത്ത മഴപെയ്യുമ്പോൾ ചെങ്ങന്നൂരിലെ ജനങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പ് നൽകാതെ ചെങ്ങന്നൂർ മുൻസിപ്പൽ സ്‌റ്റേഡിയത്തിൽ കോടികൾ ചെലവഴിച്ച് കുടുംബശ്രീ സരസ് മേള സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു എംഎൽഎയും ജില്ലാ ഭരണകൂടവും. മന്ത്രി ജി.സുധാകരനാണ് മേള ഉദ്ഘാടനം ചെയ്തത്. മേള നടത്തുന്നതിൽ പ്രതിഷേധമറിയിച്ച യൂത്ത് കോൺഗ്രസുകാരെ തടയാൻ ഡിവൈ.എഫ്.ഐ പ്രവർത്തകരെ ഏർപ്പാടാക്കുകയായിരുന്നു.
സ്ഥിതി രൂക്ഷമായിട്ടും ആവശ്യത്തിന് സഹായമെത്തിക്കാൻ എം.എൽ.എ ഇടപെട്ടില്ല. ചെങ്ങന്നൂരിൽ കുടുങ്ങിയവരുടെ ബന്ധുക്കൾ താലൂക്ക് ഓഫീസിലുണ്ടായിരുന്ന ഏക ജനപ്രതിനിധിയായ എന്നെ ഖരാവോ ചെയ്യുന്ന സ്ഥിതിയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെ ചെങ്ങന്നൂരിലെ സ്ഥിതിയെ പറ്റി അറിയിച്ചു. പ്രതിരോധമന്ത്രി നിർമല സീതാരാമനെയും കാര്യങ്ങൾ ധരിപ്പിച്ചു. ചെങ്ങന്നൂരിന് തന്നെ രണ്ട് ഹെലികോപ്ടർ എറണാകുളത്തോക്കാണ് സർക്കാർ വിട്ടത്. റാന്നി, ആറന്മുള, പറവൂർ തുടങ്ങിയ മേഖലകളിലായിരുന്നു ആദ്യഘട്ടത്തിൽ സർക്കാരിന്റെ ശ്രദ്ധമുഴുവൻ. കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതിൽ വി.എസിന്റെയും ഉമ്മൻചാണ്ടിയുടെയും പിണറായിയുടെയും സർക്കാരുകൾ പരാജയപ്പെട്ടു. കുട്ടനാട് പാക്കേജ് നടപ്പാക്കേണ്ട ചുമതല സംസ്ഥാന സർക്കാരിനാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.