ഇസ്രായില്‍ പിടികൂടിയവരില്‍ യു.എസ് പൗരന്മാരും, കൂടുതല്‍ വിവരങ്ങള്‍ തേടുകയാണെന്ന് അമേരിക്ക

വാഷിംഗ്ടണ്‍- ഗാസയില്‍ ഇസ്രായില്‍ സൈന്യം തടവിലാക്കിയവരില്‍ രണ്ട് അമേരിക്കന്‍ പൗരന്മാരും. ഇക്കാര്യം അമേരിക്കക്ക് അറിയാമെന്നും കൂടുതല്‍ വിവരങ്ങള്‍ തേടുകയാണെന്നും സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു. സ്വകാര്യതാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇസ്രായില്‍ തടവിലുള്ള  യു.എസ് പൗരന്മാരെ കുറിച്ച് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ല.
എന്നാല്‍ വ്യാഴാഴ്ച രാവിലെ ഖാന്‍ യൂനിസ് നഗരത്തിന് പടിഞ്ഞാറുള്ള വീട്ടില്‍ നടത്തിയ റെയ്ഡിലാണ് രണ്ട് സഹോദരന്മാരെ തടവിലാക്കിയത്. യുഎസ്-ഫലസ്തീന്‍ ഇരട്ട പൗരന്മാരായ ഹാഷിം അലാഗ (20), ബോറക് അലാഗ(18) എന്നിവരാണ് തടവിലുള്ളതെന്ന് കുടുംബം പറയുന്നു.
സഹോദരങ്ങളുടെ കനേഡിയന്‍ പിതാവും മാനസിക വൈകല്യമുള്ള അമ്മാവനും ഉള്‍പ്പെടെ മറ്റ് നാല് ബന്ധുക്കളെയും കസ്റ്റഡിയിലെടുത്തതായി സഹോദരങ്ങളുടെ കസിന്‍ ചിക്കാഗോയ്ക്ക് സമീപം താമസിക്കുന്ന യാസ്മിന്‍ അലാഗ പറഞ്ഞു.
യു.എസ് പൗരന്മാരുടെ തടങ്കലിനെ കുറിച്ച് ഇസ്രായില്‍ സൈന്യം പ്രതികരിച്ചിട്ടില്ല. ഒക്ടോബര്‍ 7 മുതല്‍ ഇസ്രായില്‍ നൂറുകണക്കിന് ഫലസ്തീനികളെ ഗാസയില്‍ അറസ്റ്റ് ചെയ്യുകയോ തടവിലാക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഫലസ്തീന്‍ പ്രിസണേഴ്‌സ് അഡ്വക്കസി ഗ്രൂപ്പ് പറയുന്നു.
ചിക്കാഗോ പ്രദേശത്ത് ജനിച്ച രണ്ട് സഹോദരന്മാര്‍ക്ക് ഗാസ വിടാന്‍ ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്ന് യാസ്മിന്‍ അലാഗ പറഞ്ഞു.

 

Latest News