Sorry, you need to enable JavaScript to visit this website.

സ്വകാര്യവിദേശ സർവകലാശാലകൾ നിയമനിർമാണത്തിന് ശേഷം മതി -ഫ്രറ്റേണിറ്റി 

തിരുവനന്തപുരം- കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യവിദേശ സർവകലാശാലകൾ ആരംഭിക്കുന്നതിന് ബജറ്റ് വിഹിതം ഉൾപ്പെടെ അനുവദിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവത്കരണ ശ്രമങ്ങൾ ശക്തമായ നിയമനിർമാണത്തിന് ശേഷം മാത്രമായിരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്.
കാലോചിതമായ മാറ്റങ്ങളും പരിഷ്‌കാരങ്ങളും മറ്റേത് മേഖലയിലും എന്ന പോലെ വിദ്യാഭ്യാസ മേഖലയിലും നടപ്പിൽ വരുത്തേണ്ടത് തന്നെയാണ്. എന്നാൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തോടൊപ്പം അതിന്റെ നീതി പൂർവകമായ ലഭ്യതയാണ്  വളരെ പ്രധാനം.  സമൂഹത്തിലെ പിന്നാക്ക പാർശ്വവത്കൃത ജനവിഭാഗങ്ങളുടെ സാമൂഹ്യനീതി ഉറപ്പ് വരുത്തികൊണ്ട് മാത്രമാണ് ഇത്തരത്തിലുള്ള മാറ്റങ്ങൾ നടപ്പിലാക്കേണ്ടത്.
സംസ്ഥാനത്ത് നിലവിൽ കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലകൊള്ളുന്ന  സ്വകാര്യ എയ്ഡ് മേഖലയിലെല്ലാം സംവരണങ്ങൾ പാലിക്കാതെ സാമ്പത്തികമായും സാമൂഹ്യമായും മുന്നാക്കം നിൽക്കുന്നവരുടെ മാത്രം ഇടങ്ങളായി ചുരുങ്ങുന്ന അനീതിയാണ് കണ്ടുകൊണ്ടിരിക്കുന്നത്. പുറംതള്ളപ്പെടുന്ന സാമൂഹ്യ ജനവിഭാഗങ്ങളെ കൂടുതൽ മാറ്റി നിർത്തപ്പെടുകയും, സംവരണമുൾപ്പടെ കാറ്റിൽ പറത്തി വലിയ അളവിൽ നടക്കുന്ന സ്വകാര്യവത്കരണ നീക്കങ്ങൾക്കിടയിലും  ആശ്വാസവും നീതിപൂർവകവുമാവേണ്ട പൊതു മേഖല സ്ഥാപനങ്ങളും സംവരണ അട്ടിമറികളുടെയും സ്വജനപക്ഷപാതിത്വത്തിന്റെയും ഗുണ നിലവാരം കുറഞ്ഞ കേന്ദ്രങ്ങളായി മാറുന്നതുമാണ് കണ്ടു കൊണ്ടിരിക്കുന്നത്.

അഡ്മിഷൻ പ്രോസസ്സ്, ഫീസ്, സ്‌കോളർഷിപ്പ്, സിലബസ്,  തുടങ്ങിയവയിൽ ശക്തമായ നിയമ നിർമാണവും സംവരണവും നടപ്പിലാക്കിയതിനും ശേഷം മാത്രമാണ് സംസ്ഥാനത്തെ ഇത്തരത്തിലുള്ള സർവകലാശാലകൾ അനുവദിക്കേണ്ടത്. സ്വകാര്യ സർവ്വകലാശാലകളുടെ നടത്തിപ്പിൽ സർക്കാരിനുള്ള അധികാരവും ബന്ധവും കൃത്യപ്പെടുത്തണം. കേവലം കച്ചവടവത്കരണമെന്ന ഇടത് യുക്തി വെച്ച്  മാത്രം സ്വകാര്യ  വിദേശ സർവകലാശാലകളുടെ വരവിനെ തള്ളിക്കളയുന്ന സമീപനങ്ങൾ നിരർത്ഥകമാണ്. സർക്കാർ സംവിധാനങ്ങളിൽ നിന്നും വിവേചനങ്ങൾ നേരിടുന്ന പ്രദേശങ്ങൾക്കും ജനവിഭാഗങ്ങൾക്കും വിദ്യാഭ്യാസ രംഗത്തെ സ്വകാര്യ സംരംഭങ്ങളായിരുന്നു ആശ്രയമെന്നത് മലബാറിലെ വിദ്യാഭ്യാസ ചരിത്രം തന്നെ സാക്ഷിയാണ്. മലബാറിലെയും പിന്നാക്ക ജനവിഭാഗങ്ങളുടെയും വിദ്യാഭ്യാസ പ്രതിസന്ധി പരിഹരിക്കാൻ നീതിപൂർവകമായ  പരിഹാരങ്ങളാണ് സർക്കാർ  ആദ്യം നടപ്പിലാക്കേണ്ടത്.

കൃത്യമായ നിയമ നിർമാണം നടത്താതെയുള്ള  ഏതൊരു നീക്കവും സാമൂഹികമായി വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. സംവരണമെന്ന അവകാശം സർക്കാർ സംവിധാനങ്ങൾ തന്നെ അട്ടിമറിക്കുന്ന നിലവിലെ അവസ്ഥയിൽ സ്വകാര്യ സർവകലാശാകളിൽ അതിന്റെ നിയമനിർമാണം നടത്തുക എന്നത് അനിവാര്യമാണ്. 
സ്വകാര്യ  വിദേശ സർവകലാശാലകളെന്ന സംവിധാനത്തെ കച്ചവട തന്ത്രമായും അനീതി നിറഞ്ഞ ഇടങ്ങളായും നടപ്പിലാക്കാൻ അനുവദിക്കാതെ ഫീസ് സ്ട്രക്ചർ, അഡ്മിഷൻ പ്രോസസ്, അഡ്മിനിസ്‌ട്രേറ്റീവ് സ്ട്രക്ചർ, സിലബസ്, സംവരണ വ്യവസ്ഥ തുടങ്ങിയ ഓരോ പ്രക്രിയയിലും ബന്ധപ്പെട്ട് സർക്കാർ എന്ത് നിലപാട് സ്വീകരിക്കുന്നു എന്നത് തന്നെയാണ് ഏറ്റവും പ്രധാനമെന്ന് ഫ്രറ്റേണിറ്റി പത്രക്കുറിപ്പിൽ പറഞ്ഞു.

Latest News