Sorry, you need to enable JavaScript to visit this website.

ബിഹാറിൽ ബി.ജെ.പി-എൻ.ഡി.എ സീറ്റ് തർക്കം, ലോക്‌സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് വെല്ലുവിളി

പട്‌ന- ലോക്‌സഭ തെരഞ്ഞെടുപ്പിൽ  സീറ്റ് പങ്കുവെക്കലിനെ ചൊല്ലി ബിഹാറിൽ ഭരണമുന്നണിയിൽ വിള്ളൽ. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദൾ യുനൈറ്റഡും ബി.ജെ.പിയും തമ്മിലുള്ള ഭിന്നത പരസ്യമായി. ബിഹാറിൽ ആകെയുള്ള 40 സീറ്റിൽ ഇരുപത് സീറ്റുകൾ തങ്ങൾക്ക് വേണമെന്നാണ് ബി.ജെ.പി നിലപാട്. ബാക്കിയുള്ള ഇരുപത് സീറ്റുകൾ മറ്റെല്ലാ കക്ഷികൾക്കും വീതിച്ചുനൽകാമെന്നും ബി.ജെ.പി പറയുന്നു. ഇതനുസരിച്ച് ജെ.ഡി.യുവിന് 12ഉം, രാം വിലാസ് പാസ്വാന്റെ ലോക്ജനശക്തിക്ക് ആറും ഉപേന്ദ്ര കുശ്‌വാഹിന്റെ രാഷ്ട്രീയ ലോക് സമത പാർട്ടിക്ക് രണ്ടു സീറ്റുമാണ് ബി.ജെ.പി വാഗ്ദാനം ചെയ്തത്. ബി.ജെ.പിയുടെ വാഗ്ദാനം ഒരു നിലക്കും സ്വീകാര്യമല്ലെന്നും ചർച്ച തുടരുകയാണെന്നും ജെ.ഡി.യു നേതാവ് കെ.സി ത്യാഗി പറഞ്ഞു. ഉത്തർപ്രദേശിലും ബിഹാറിലും മധ്യപ്രദേശിലും ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി പരാജയപ്പെട്ടതും കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ കഴിയാത്തതുമാണ് ബിഹാറിൽ ബി.ജെ.പിയെ വരുതിയിലാക്കാൻ ജെ.ഡി.യുവിന് കരുത്തുപകരുന്നത്. എന്നാൽ, ബിഹാറിൽ തങ്ങളല്ലാതെ മറ്റൊരു മാർഗം ജെ.ഡി.യുവിന് മുന്നിലില്ലെന്നതാണ് ബി.ജെ.പിയുടെ പ്രതീക്ഷ. പതിനാറു സീറ്റുകൾ വേണമെന്നാണ് ജെ.ഡി.യുവിന്റെ ആവശ്യം. പതിനാറ് സീറ്റ് ബി.ജെ.പിക്കും ബാക്കിയുള്ള എൻ.ഡി.എയിലെ മറ്റ് കക്ഷികൾക്കും വീതിച്ചു നൽകണമെന്ന് ജെ.ഡി.യു ആവശ്യപ്പെടുന്നു. രാംവിലാസ് പാസ്വാന് ആറും ആർ.ജെ.ഡി മുൻ എം.പി പപ്പു യാദവിനും ഉപേന്ദ്ര കുശ്‌വാഹക്ക് ഓരോ സീറ്റും മതിയെന്നാണ് ജെ.ഡി.യു നിലപാട്. എന്നാൽ 2014 ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഉപേന്ദ്രയുടെ പാർട്ടി മൂന്നു സീറ്റുകളിൽ വിജയിച്ചിട്ടുണ്ട്. ഈ സീറ്റ് ലഭിക്കാതെ പിറകോട്ട് പോകില്ലെന്ന് കുശ്‌വാഹയുടെ നിലപാട്. മോഡിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് എൻ.ഡി.എ വിട്ട നിതീഷ് കുമാറിന് 2014-ലെ തെരഞ്ഞെടുപ്പിൽ ബിഹാറിൽ അടിപതറിയിരുന്നു. 22 സീറ്റുകളാണ് ബി.ജെ.പി ബിഹാറിൽ നേടിയത്. രണ്ടു സീറ്റുകളായിരുന്നു ജെ.ഡി.യുവിന്റെ സമ്പാദ്യം. ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡി ആറും കോൺഗ്രസ് രണ്ടും സീറ്റ് നേടി. എൻ.ഡി.എ സഖ്യം വിടുന്നതിന് മുമ്പ് ജെ.ഡി.യു ഇരുപത്തിയഞ്ചും ബി.ജെ.പി പതിനഞ്ചും സീറ്റുകളിൽ മത്സരിക്കുമെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. നിലവിലുള്ള സീറ്റ് അടിസ്ഥാനമാക്കി സീറ്റ് പങ്കുവെക്കൽ അനുവദിക്കാനാകില്ലെന്നാണ് ജെ.ഡി.യു നിലപാട്. 

മോഡിയെ വീണ്ടും പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹമില്ലാത്തവർ എൻ.ഡി.എയിലുണ്ട്- കേന്ദ്രമന്ത്രി

പട്‌ന- നരേന്ദ്രമോഡിയെ വീണ്ടും പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹമില്ലാത്ത ചിലർ എൻ.ഡി.എയിൽ ഉണ്ടെന്നും അവർ മുന്നണിയിൽ പ്രശ്‌നമുണ്ടാക്കുകയാണെന്നും കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്‌വാഹ. പൂർണ ഉത്തരവാദിത്തത്തോടെയാണ് പ്രസ്താവന നടത്തുന്നതെന്നും കൂടുതൽ കാര്യങ്ങൾ പുറത്തുപറയാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിൽ സീറ്റ് ചർച്ച നടക്കുന്നതിനിടെയാണ് കുശ്‌വാഹയുടെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്. നേരത്തെ നിതീഷ് കുമാറുമായി അടുത്ത ബന്ധമുണ്ടായിരുന്ന കുശ്‌വാഹ ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജെ.ഡി.യു വിട്ട് രാഷ്ട്രീയ ലോക്‌സമത പാർട്ടി രൂപീകരിച്ചത്.
 

Latest News