മക്ക - പത്തു ദിവസമായി മക്കയിൽ തെരുവിൽ നിർത്തിയിട്ട കാറിൽ കഴിഞ്ഞുവന്ന വൃദ്ധനായ ഈജിപ്തുകാരൻ അബ്ദുൽ അസീസ് അബ്ദുല്ലയുടെ ദുരിതത്തിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഇടപെട്ട് അറുതിയുണ്ടാക്കി.
സ്‌പോൺസറുമായുള്ള തർക്കത്തെ തുടർന്നാണ് കടുത്ത പ്രതിസന്ധിയിലകപ്പെട്ട് ഈജിപ്തുകാരൻ ഭക്ഷണവും വെള്ളവുമില്ലാതെ ദിവസങ്ങളോളം തെരുവിൽ കാറിൽ കഴിയുന്നതിന് നിർബന്ധിതനായത്. തന്റെ ദുരിതങ്ങൾ വിശദീകരിക്കുന്ന ഈജിപ്തുകാരന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് പ്രശ്‌നത്തിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഇടപെടുകയും ദുരിതങ്ങൾക്ക് അറുതിയുണ്ടാക്കുകയും ചെയ്തത്.
സർവീസ് ആനുകൂല്യങ്ങളും മറ്റും നിഷേധിച്ചും പാസ്‌പോർട്ടും ഇഖാമയും പിടിച്ചുവെച്ചും ജോലിയിൽ നിന്ന് പുറത്താക്കിയും ഈജിപ്തുകാരനെ സ്‌പോൺസർ ബുദ്ധിമുട്ടിക്കുകയായിരുന്നു. സ്‌പോൺസറുമായി ചർച്ച നടത്തി വേതന കുടിശ്ശികയും ആനുകൂല്യങ്ങളും തീർത്തുനൽകി സ്വദേശത്തേക്ക് തിരിച്ചുപോകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുന്നതിന് ഈജിപ്തുകാരന് പാസ്‌പോർട്ട് തിരിച്ചുനൽകിയിട്ടുണ്ടെന്ന് മക്ക പ്രവിശ്യ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖ പറഞ്ഞു.