മദീനയില്‍ പ്രവാചകന്‍ നമസ്‌കാരം നിര്‍വഹിച്ചത് 25 മസ്ജിദുകളില്‍

മദീന - മദീനയില്‍ പ്രവാചന്‍ മുഹമ്മദ് നബി (സ) ഇരുപത്തിയഞ്ചു മസ്ജിദുകളില്‍ നമസ്‌കാരം നിര്‍വഹിച്ചതായി ചരിത്ര ഗ്രന്ഥങ്ങള്‍ സ്ഥിരീകരിക്കുന്നതായി മദീന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ശരീഅത്ത് കോളേജ് സംഘടിപ്പിച്ച പരിപാടിയില്‍ അവതരിപ്പിച്ച പ്രബന്ധം പറഞ്ഞു. ഈ വര്‍ഷത്തെ ഇസ്‌ലാമിക് ടൂറിസം തലസ്ഥാനമായി മദീനയെ തെരഞ്ഞെടുത്തതോടനുബന്ധിച്ചാണ് പ്രഭാഷണം സംഘടിപ്പിച്ചത്. യൂനിവേഴ്‌സിറ്റി ഡയറക്ടര്‍ ഡോ. ഹാതിം അല്‍മര്‍സൂഖി സന്നിഹിതനായിരുന്നു.
മസ്ജിദുന്നബവിയില്‍ വെച്ച് നിര്‍വഹിക്കുന്ന നമസ്‌കാരത്തിന് മറ്റു മസ്ജിദുകളില്‍ നിര്‍വഹിക്കുന്ന നമസ്‌കാരത്തേക്കാള്‍ ആയിരം മടങ്ങ് പ്രതിഫലമുണ്ടെന്ന് ശരീഅത്ത് കോളേജ് അധ്യാപകന്‍ ഡോ. ഇബ്രാഹിം അല്‍മഗൈറബി പറഞ്ഞു. ഖുബാ മസ്ജിദില്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിന്റെ ശ്രേഷ്ഠതയും ഹദീസ് ഗ്രന്ഥങ്ങളിലുണ്ട്. എല്ലാ ശനിയാഴ്ചയും പ്രവാചകന്‍ ഖുബാ മസ്ജിദില്‍ രണ്ടു റകഅത്ത് ഐഛിക നമസ്‌കാരം നിര്‍വഹിച്ചിരുന്നു. വീട്ടില്‍ വെച്ച് ശുദ്ധിയായി ഖുബാ മസ്ജിദില്‍ എത്തി നമസ്‌കാരം നിര്‍വഹിക്കുന്നവര്‍ക്ക് ഉംറ നിര്‍വഹിച്ചതിന്റെ പുണ്യം ലഭിക്കുമെന്നും ഹദീസിലുണ്ട്.
മദീനയില്‍ പ്രവാചകന്‍ നിര്‍മിച്ച മസ്ജിദുകളും അല്ലാത്ത മസ്ജിദുകളുമുണ്ട്. മസ്ജിദുന്നബവിയും ഖുബാ മസ്ജിദും പ്രവാചകന്‍ സ്ഥാപിച്ചതാണ്. പ്രവാചകന്‍ നമസ്‌കാരം നിര്‍വഹിച്ച സ്ഥലങ്ങള്‍ പിന്നീട് മസ്ജിദുകളാക്കി മാറ്റിയിട്ടുമുണ്ട്. സ്വഹാബി വര്യന്മാര്‍ സ്ഥാപിച്ച മസ്ജിദുകളിലും പ്രവാചകന്‍ നമസ്‌കാരം നിര്‍വഹിച്ചിട്ടുണ്ട്. പ്രവാചകന്‍ നമസ്‌കാരം നിര്‍വഹിച്ച പതിനെട്ടു മസ്ജിദുകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ഇതില്‍ ചില മസ്ജിദുകളില്‍ ജുമുഅ നമസ്‌കാരവും മറ്റു ചിലതില്‍ സംഘടിത നമസ്‌കാരവും നടക്കുന്നു. മസ്ജിദുന്നബവി, ഖുബാ, അല്‍ജുമുഅ, ഖിബ്‌ലത്തൈന്‍, മുസ്തറാഹ്, അല്‍ഇജാബ, ബനീഹറാം, അല്‍സജദ, അല്‍സുഖ്‌യ, അല്‍തൗബ, അല്‍അദ്‌ന, അല്‍മനാറത്തൈന്‍, മിസ്ബഹ്, ബനീബയാദ, അല്‍റായ, അല്‍ശൈഖൈന്‍, അല്‍ഫത്ഹ്, ബനീഖുതമ എന്നീ മസ്ജിദുകളാണ് ഇന്നും നിലനില്‍ക്കുന്നത്. ഇതില്‍ ചില മസ്ജിദുകള്‍ ഖലീഫ ഉമര്‍ ബിന്‍ അബ്ദുല്‍അസീസിന്റെ കാലത്ത് പുതുക്കി പണിതവയാണ്. മറ്റു ചില മസ്ജിദുകളില്‍ കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണികളും പുതുക്കിപ്പണികളും നടന്നിട്ടുണ്ട്.
പ്രവാചകന്‍ നമസ്‌കരിച്ച ഏഴു മസ്ജിദുകള്‍ നിലനിന്നിരുന്ന സ്ഥലങ്ങള്‍ നിര്‍ണയിക്കുന്നതിന് സാധിച്ചിട്ടുണ്ട്. ബനീദഫര്‍, അല്‍ഖുര്‍സ, ബനീഖുറൈദ, അല്‍ഫുദൈഖ്, ബനീ ജുഹൈന, അത്ബാന്‍ ബിന്‍ മാലിക്, ശുഅബ് അല്‍ജറാര്‍ എന്നീ മസ്ജിദുകള്‍ നിലനിന്നിരുന്ന സ്ഥലങ്ങളാണ് നിര്‍ണയിച്ചിരിക്കുന്നത്. ഈ മസ്ജിദുകളിലെല്ലാം പ്രവാചകന്‍ നമസ്‌കാരം നിര്‍വഹിച്ചിട്ടുണ്ട്. ബനീദഫര്‍ മസ്ജിദ് ജന്നത്തുല്‍ബഖീഅ് ഖബര്‍സ്ഥാന് കിഴക്കും കിംഗ് അബ്ദുല്‍അസീസ് സ്ട്രീറ്റിന് വലതു ഭാഗത്തുമാണ്. അല്‍ഖുര്‍സ മസ്ജിദ് ഹുറ അല്‍ശര്‍ഖിയ ഡിസ്ട്രിക്ടില്‍ കൃഷിയിടത്തിലാണ്. ഈ മസ്ജിദ് തകര്‍ന്നിട്ടുണ്ട്. ബനീഖുറൈദ മസ്ജിദ് ഹാജിസ എന്ന പേരിലറിയപ്പെടുന്ന തോട്ടത്തിന്റെ കവാടത്തിനു സമീപമാണ്. വാദി ബത്ഹാന്റെ കരയിലാണ് അല്‍ഫുദൈഖ് മസ്ജിദ്. ബനീ ജുഹൈന മസ്ജിദ് മസ്ജിദുന്നബവിക്ക് പടിഞ്ഞാറ് കിംഗ് അബ്ദുല്‍അസീസ് ലൈബ്രറിക്കു പിന്‍ഭാഗത്താണ്. അത്ബാന്‍ ബിന്‍ മാലിക് മസ്ജിദ് അല്‍ജുമുഅ മസ്ജിദിന് വടക്ക് അല്‍റാനൂനാ വാദിയുടെ കരയിലാണ്. ഉഹദ് യുദ്ധ ദിവസം പരിക്കു മൂലം പ്രവാചകന്‍ ഇരുന്ന് നമസ്‌കാരം നിര്‍വഹിച്ച ശുഅബ് അല്‍ജറാര്‍ മസ്ജിദ് ഉഹദ് മലയോട് ചേര്‍ന്നാണുള്ളതെന്നും ഡോ. ഇബ്രാഹിം അല്‍മഗൈറബി പറഞ്ഞു.

 

 

Tags

Latest News