Sorry, you need to enable JavaScript to visit this website.

വിചാരണ തടവുകാരോട് കടുത്ത അനീതി; നീതിന്യായ വ്യവസ്ഥയുടെ പരസ്യമായ ലംഘനം: ഇ.ടി

ന്യൂദല്‍ഹി- വിചാരണ തടവുകാരോട് കാണിക്കുന്നത് കടുത്ത അനീതിയാണെന്നും നീതിന്യായ വ്യവസ്ഥയുടെ പരസ്യമായ ലംഘനമാണെന്നും മുസ് ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ  ഇ. ടി. മുഹമ്മദ് ബഷീര്‍ എം.പി ഇന്ന് പാര്‍ലമെന്റില്‍ പറഞ്ഞു.

ആധികാരിക രേഖകളും പാര്‍ലമെന്റില്‍ തന്നെ വെളിവാക്കിയ കണക്കും പ്രകാരം തന്നെ 2022 ഡിസംബറില്‍ ഇന്ത്യയിലെ ജയിലുകളില്‍ ഒരു വര്‍ഷം മുതല്‍ 5 വര്‍ഷത്തിലധികവും നോക്കിയാല്‍ 1,34,799 വിചാരണ തടവുകാര്‍ ഇന്ത്യയിലെ വിവിധ ജയിലുകളിലുണ്ട്. ഇന്ത്യന്‍ ജയിലുകളില്‍ ആകെയുള്ള  തടവുകാരില്‍ 76 ശതമാനം വിചാരണ തടവുകാരാണ്.

ദല്‍ഹിയില്‍ 2020ന് ശേഷം വിചാരണ തടവുകാരുടെ എണ്ണം 90 ശതമാനം ഉയര്‍ന്നു. ഒരു തടവുകാരന്റെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റത്തിന് നല്‍കാവുന്ന ശിക്ഷയുടെ പകുതി കാലഘട്ടം പിന്നിട്ടാല്‍ അവര്‍ക്ക് നിര്‍ബന്ധമായും ജാമ്യം കൊടുക്കണമെന്ന് ഇന്ത്യന്‍ സി.ആര്‍.പി.സി 406 എ പ്രകാരം ഭേദഗതി വരുത്തിയിട്ടുള്ളതാണ്. പക്ഷെ അത് പോലും പാലിക്കപ്പെടുന്നില്ല.

ഇത്തരം തടവുകാരില്‍ ബഹുഭൂരിപക്ഷവും പ്രാന്തവത്കരിക്കപ്പെട്ടവരും എസ്. സി, എസ്. ടി, ഒ. ബി. സി വിഭാഗത്തില്‍ പെട്ടവരുമാണ്. നീതിന്യായ വ്യവസ്ഥക്കു ഇവിടെ വിലയില്ലാതാവുകയാണ്.  ഇന്ത്യയിലെ പരമോന്നത കോടതികള്‍ പോലും ഇതിനെ ശക്തമായി ചൂണ്ടിക്കാണിച്ച് ഈ ദുസ്ഥിതി അടിയന്തിരമായി പരിഹരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. ഗവണ്മെന്റ് ഇക്കാര്യത്തില്‍ സത്വര നടപടികള്‍ കൈകൊള്ളാന്‍ മുന്നോട്ട് വരണമെന്നും ഇ.ടി ആവശ്യപ്പെട്ടു.

 

Tags

Latest News