വീല്‍ചെയറിലെത്തി വോട്ട് ചെയ്തു, മന്‍മോഹന്‍ സിംഗിനെ പ്രശംസിച്ച് പ്രധാനമന്ത്രി മോഡി

ന്യൂദല്‍ഹി- മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള മന്‍മോഹന്‍ സിംഗിന്റെ പ്രവര്‍ത്തനം സഭയിലെ അംഗങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതാണെന്ന് മോഡി പറഞ്ഞു. വിരമിക്കുന്ന രാജ്യസഭാ അംഗങ്ങള്‍ക്കായി ഒരുക്കിയ യാത്രയയപ്പ് ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
രാജ്യസഭയിലെ ഒരു നിര്‍ണായക നിയമ നിര്‍മാണവുമായി ബന്ധപ്പെട്ട അവസരത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നിലനില്‍ക്കെ മന്‍മോഹന്‍ സിംഗ് വീല്‍ചെയറിലെത്തി വോട്ട് രേഖപ്പെടുത്തിയ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു മോഡിയുടെ അഭിനന്ദനം. സഭയിലെ വോട്ടെടുപ്പില്‍ ഭരണപക്ഷം വിജയിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നാല്‍, വീല്‍ചെയറിലെത്തി അദ്ദേഹം വോട്ട് രേഖപ്പെടുത്തി. ഒരു സഭാംഗം തന്റെ കര്‍ത്തവ്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുന്നതിന്റെ ഉദ്ദാഹരണമാണിത്', മോഡി പറഞ്ഞു.
2023 ഓഗസ്റ്റില്‍ ദല്‍ഹി ബില്ലുമായി ബന്ധപ്പെട്ട സുപ്രധാന ചര്‍ച്ചയുടെ ഭാഗമാകാന്‍ വീല്‍ചെയറിലായിരുന്നു മന്‍മോഹന്‍ സിംഗ് എത്തിയത്. കൂടാതെ, രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനും അദ്ദേഹം വീല്‍ചെയറിലാണ് രാജ്യസഭയിലെത്തിയത്.

 

Latest News