Sorry, you need to enable JavaScript to visit this website.

കടുവയെ മയക്കുവെടിവെച്ച് പിടിക്കണമെന്ന് കര്‍ഷക രക്ഷാസമിതി

കടുവയെ പിടിക്കുന്നതിന് സുരഭിക്കവലയില്‍ സ്ഥാപിച്ച കൂട്

പുല്‍പള്ളി- മുള്ളന്‍കൊല്ലി, പുല്‍പള്ളി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ ജനവാസ കേന്ദ്രങ്ങളില്‍ ചുറ്റിത്തിരിയുകയും വളര്‍ത്തുമൃഗങ്ങളെ കൊല്ലുകയും ചെയ്യുന്ന കടുവയെ മയക്കുവെടിവെച്ച് പിടിച്ച് മൃഗശാലയിലേക്ക് മാറ്റണമെന്ന് വയനാട് കര്‍ഷക രക്ഷാസമിതി ആവശ്യപ്പെട്ടു. 

പുല്‍പള്ളി പഞ്ചായത്തിലെ കേളക്കവല, പാലമൂല, അമ്മാവന്‍മുക്ക്, താന്നിത്തെരുവ്, എരിയപ്പള്ളി, ദേവര്‍ഗദ്ദ, മുള്ളന്‍കൊല്ലി പഞ്ചായത്തിലെ സുരഭിക്കവല, പച്ചക്കരമുക്ക്, ഉദയക്കവല, ഗ്രാമശ്രീക്കവല, ചൂനാട്ടുകവല, സീതാമൗണ്ട്, ശിശുമല, ശിവപുരം, കൊളവള്ളി, പറുദീസക്കവല, പാടിച്ചിറ എന്നിവിടങ്ങളിലാണ് കടുവ ഇറങ്ങി.

ചാമപ്പാറ ശിവപുരത്തും താന്നിത്തെരുവിലും സുരഭിക്കവലയിലും കടുവ വളര്‍ത്തുമൃഗങ്ങളെ പിടിച്ചു. കടുവ സാന്നിധ്യം മൂലം വീടിനു പുറത്തിറങ്ങാന്‍ ആളുകള്‍ ഭയക്കുകയാണ്. 

കഴിഞ്ഞ ദിവസം താന്നിത്തെരുവില്‍ റബര്‍ ടാപ്പിംഗിനു പോയ തൊഴിലാളി കടുവയുടെ മുന്നില്‍നിന്നു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. എന്നിട്ടും വനം അധികാരികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ല. ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കുന്നതിനു കൂടും ക്യാമറകളും സ്ഥാപിച്ച് മുഖം ക്ഷിക്കുകയാണ് വനം ഉദ്യോഗസ്ഥര്‍ ചെയ്യുന്നതെന്നു യോഗം കുറ്റപ്പെടുത്തി.

എന്‍ യു ഉലഹന്നാന്‍ അധ്യക്ഷത വഹിച്ചു. ബെന്നി മാത്യു, ജോസ് നെല്ലേടം, സി. ഡി. ബാബു, ടി. ജെ. മാത്യു, കെ. ആര്‍. ജയരാജ്, എം. ബി. ബാബു, പി. എ. ഡീവന്‍സ്, ടി. എന്‍. ജോര്‍ജ്, കെ. ജെ. ജോസ് എന്നിവര്‍ പ്രസംഗിച്ചു.

Latest News