കൊല്ലം -ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ബി.ജെ.പിക്ക് തലവേദനയായി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നയിച്ച എന്‍.ഡി.എയുടെ കേരള പദയാത്രയില്‍ ഒരു വിഭാഗം നേതാക്കളുടെ ബഹിഷ്‌ക്കരണം.
കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ പര്യടനം നടത്തിയപ്പോള്‍ പാര്‍ട്ടി മുന്‍ ജില്ലാ പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ബഹിഷ്‌കരിച്ചതു പാര്‍ട്ടിയില്‍ സജീവ ചര്‍ച്ചയായി. ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാറിനെതിരായ നിലപാട് സ്വീകരിക്കുന്ന ഈ പ്രബല വിഭാഗം മുന്‍കയ്യെടുത്ത് രൂപീകരിച്ച അടല്‍ജി ഫൗണ്ടേഷന്റെ പേരിലായിരുന്നു ബഹിഷ്‌കരണം. ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി കൂടിയായ പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം എം.എസ്. ശ്യാംകുമാര്‍ രാവിലെ നടന്ന സ്‌നേഹ സംഗമത്തില്‍ പങ്കെടുത്തെങ്കിലും പദയാത്രയില്‍ നിന്നു വിട്ടു നിന്നു.
ആരോഗ്യ കാരണങ്ങളാലാണ് വിട്ടുനിന്നതെന്നാണു വിശദീകരണം. മുന്‍ ജില്ലാ പ്രസിഡന്റുമാരായ കെ. ശിവദാസന്‍, ഡോ. പട്ടത്താനം രാധാകൃഷ്ണന്‍, കിഴക്കനേല സുധാകരന്‍, വയയ്ക്കല്‍ മധു, നേതാക്കളായ ജി. ഹരി, അഡ്വ. ഗോപകുമാര്‍, സി. തമ്പി, ബി. സജന്‍ലാല്‍ തുടങ്ങിയവരെല്ലാം പദയാത്ര ബഹിഷ്‌കരിച്ചു. മുന്‍ ജില്ലാ പ്രസിഡന്റുമാരടക്കം നൂറുകണക്കിനു നേതാക്കളെ മാറ്റി നിര്‍ത്തി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാര്‍ ഏകപക്ഷീയമായി പെരുമാറുന്നുവെന്നാരോപിച്ചാണ് ബഹിഷ്‌കരണം. ജില്ലയില്‍ സംഘടനാ പ്രവര്‍ത്തനം നിര്‍ജീവമായെന്നും സംഘടനാ ജനറല്‍ സെക്രട്ടറി ചര്‍ച്ച നടത്തി പരിഹാരം നിര്‍ദേശിച്ചിട്ടും നടപ്പാക്കുന്നില്ലെന്നും ഇതിനെല്ലാം ജില്ലാ പ്രസിഡന്റിന് ഒത്താശ ചെയ്യുന്നത് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണെന്നും അടല്‍ജി ഫൗണ്ടേഷന്‍ ആരോപിക്കുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പാര്‍ട്ടിയിലെ പോരു മൂര്‍ച്ഛിച്ചതു നേതൃത്വത്തിനു തലവേദനയായിട്ടുണ്ട്. ജില്ലാ പ്രസിഡന്റുമായി ഇടഞ്ഞു നില്‍ക്കുന്ന പ്രബല വിഭാഗം ജില്ലാ കമ്മിറ്റി യോഗങ്ങള്‍ ഉള്‍പ്പെടെ ബഹിഷ്‌കരിച്ചു വരികയാണ്. പാര്‍ട്ടിയില്‍ കീഴ്ഘടകങ്ങളിലും അണികളും നിര്‍ണായക സ്വാധീനമുള്ള നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി പരിപാടികളില്‍ നിന്നു വിട്ടു നില്‍ക്കുന്നത് തിരഞ്ഞെടുപ്പ് പ്രകടനത്തെ ദോഷമായി ബാധിക്കുമെന്നാണ് പ്രവര്‍ത്തകരുടെ ആശങ്ക. സംസ്ഥാന നേതൃത്വമാകട്ടെ, ജില്ലയിലെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു. ഇതിനിടെ, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി ജില്ലാ പ്രസിഡന്റ് ബി.ബി ഗോപകുമാറിന്റെ പേരും പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്. മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെ പേരാണ് പ്രഥമ പരിഗണനയില്‍.