Sorry, you need to enable JavaScript to visit this website.

ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു, വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം ചുമത്തി

കൊല്ലം - കൊല്ലം ഓയൂരില്‍ ആറ് വയസ്സുകാരിയെ  തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ പദ്മകുമാറിനും കുടുംബത്തിനും വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം ചുമത്തിക്കൊണ്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.  ജില്ലാ റൂറല്‍ ക്രൈംബ്രാഞ്ചാണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ചാത്തന്നൂര്‍ സ്വദേശി കെ.ആര്‍.പത്മകുമാര്‍, ഭാര്യ എം.ആര്‍.അനിതാകുമാരി, മകള്‍ പി.അനുപമ എന്നിവര്‍ മാത്രമാണ് പ്രതികള്‍. കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം നടന്ന്  72 ാം ദിവസമാണ് അന്വേഷണ സംഘം കുറ്റപത്രം നല്‍കിയത്.   ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി എം.എം.ജോസിന്റെ നേതൃത്വത്തിലുള്ള പതിമൂന്ന് അംഗ സംഘമാണ് അന്വേഷിച്ചത്. തിരുവനന്തപുരത്ത് ജയിലില്‍ കഴിയുന്ന പ്രതികള്‍ ഇതുവരെയും കേസില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടില്ല.
അഞ്ച് കോടി രൂപയുടെ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ 2021 മുതല്‍ തുടങ്ങിയ ഗൂഢാലോചനയ്ക്ക് പിന്നാലെയാണ് തട്ടിക്കൊണ്ടു പോകലെന്നാണ് കണ്ടെത്തല്‍. കൊട്ടാരക്കര കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മരണഭയം ഉണ്ടാക്കും വിധം കുട്ടിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെന്നാണ് കുറ്റപത്രത്തിലെ പ്രധാന കണ്ടെത്തല്‍. ബാലനീതി നിയപ്രകാരവും കേസുണ്ട്.
മറ്റ് കുട്ടികളേയും തട്ടി കൊണ്ടുപോകാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായും കുറ്റപ്ത്രത്തിലുണ്ട്. . സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ കുട്ടിയെ തട്ടിയെടുത്ത് മോചനദ്രവ്യത്തിനായി കുട്ടിയെ തടവില്‍ പാര്‍പ്പിച്ചെന്നാണ് കേസ്. ആറുവയസുകാരിയുടെ സഹോദരനാണ് കേസിലെ ഏക ദൃക്സാക്ഷി. കൂടാതെ 160 സാക്ഷികളുണ്ട്. 150 തൊണ്ടി മുതലുകള്‍, ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചു.
മോചനദ്രവ്യം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ചത് അനിത കുമാരിയാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായി. മറ്റ് ശാസ്ത്രീയ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. 

 

Latest News