ഇടുക്കി - അഞ്ച് മാസമായി വാര്‍ധക്യ പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് 90 വയസ്സുകാരി റോഡില്‍ കസേരയിട്ടിരുന്ന് സമരം ചെയ്തു. ഇടുക്കി വണ്ടിപ്പെരിയാര്‍ കറുപ്പ്പാലം സ്വദേശി പൊന്നമ്മയാണ് പ്രതിഷേധിച്ചത്.
കൂലിപ്പണിക്കാരനായ മകനൊപ്പമാണ് തൊണ്ണൂറുകാരിയായ പൊന്നമ്മ വഴിയരികിലെ വീട്ടില്‍ കഴിയുന്നത്. പൊന്നമ്മയുടെ പെന്‍ഷനും മകന്റെ തുച്ഛ വരുമാനവും കൊണ്ടാണ് ഇരുവരും കഴിഞ്ഞിരുന്നത്. കിടപ്പു രോഗിയായ പൊന്നമ്മക്ക് മരുന്ന് വാങ്ങുന്നതും ഈ തുക ഉപയോഗിച്ചാണ്. അഞ്ചു മാസമായി പെന്‍ഷന്‍ മുടങ്ങിയതോടെ ഇവരുടെ ജീവിതം കൂടുതല്‍ ദുരതത്തിലായി.
വണ്ടിപ്പെരിയാറില്‍ നിന്നും വള്ളക്കടവിലേക്കുള്ള റോഡിലായിരുന്നു ഒരു മണിക്കൂറോളും നീണ്ട പ്രതിഷേധം.
കിടപ്പു രോഗിയായതിനാല്‍ അക്ഷയ കേന്ദ്രം അധികൃതര്‍ വീട്ടിലെത്തി മസ്റ്ററിംഗ് നടത്തിയിരുന്നു. എന്നാല്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല. ഓഗസ്റ്റ് മാസത്തിലാണ് അവസാനം പെന്‍ഷന്‍ കിട്ടിയത്. സംഭവമറിഞ്ഞു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പൊന്നമ്മയെ ഫോണില്‍ വിളിച്ചു സംസാരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടിലെത്തി ഒരുമാസത്തെ പെന്‍ഷന്‍ തുകയും ഭക്ഷ്യ കിറ്റും കൈമാറി. മുടങ്ങി കിടക്കുന്ന പെന്‍ഷന്‍ പൂര്‍ണ്ണമായി ലഭിച്ചാല്‍ മാത്രമേ പാവപ്പെട്ട ഈ കുടുംബത്തിന്റെ ദുരിതത്തിന് ശാശ്വത പരിഹാരം ആകുകയുള്ളൂ