ഗാസ- ഇസ്രായിലും ഹമാസും തമ്മിലുള്ള സാധ്യമായ വെടിനിര്‍ത്തല്‍ കരാറിന്റെ നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചനകള്‍.
ഈജിപ്തുമായി സംസാരിക്കാന്‍ ഒരു പ്രതിനിധി സംഘം ഇപ്പോള്‍ കയ്‌റോയിലേക്ക് പോകുകയാണെന്ന് മുതിര്‍ന്ന ഹമാസ് നേതാവ് ഉസാമ ഹംദാന്‍ പറഞ്ഞു. കരാറിന്റെ പ്രവര്‍ത്തന വശങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഒരു ഘട്ടത്തില്‍ എത്തിയതായി ഞാന്‍ കരുതുന്നു.
ലോകത്തിന്റെ ഈ ഭാഗത്തുള്ള നേതാക്കളുടെ മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തുന്ന മാസമായ മാര്‍ച്ചിലാണ് നമ്മള്‍. റമദാന്‍ അടുക്കുകയാണെന്ന് നാം സ്വയം ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്. ഇസ്രായിലി ബോംബാക്രമണം തുടരുകയാണെങ്കില്‍, സമീപഭാവിയില്‍ ഒരു കരാറിനും താന്‍ സാധ്യത കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഗാസയിലെ ആക്രമണം അവസാനിപ്പിക്കാന്‍ തയാറാകാതെ ഇസ്രായില്‍. വെടിനിര്‍ത്തലിന് ഹമാസ് മുന്നോട്ടുവെച്ച നിര്‍ദേശം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തള്ളിയിരുന്നു. ഹമാസിനെ പൂര്‍ണമായും തകര്‍ക്കുമെന്നും വിജയം ഏതാനും മാസം മാത്രം അകലെയാണെന്നും നെതന്യാഹു ജറൂസലമില്‍ പറഞ്ഞു.
ഹമാസിനെതിരായ സമ്പൂര്‍ണ വിജയമാണ് ഞങ്ങളുടെ ലക്ഷ്യം. അക്കാര്യത്തില്‍ മാറ്റമില്ല. ഒക്ടോബര്‍ ഏഴ് ഇനി ആവര്‍ത്തിക്കരുത് നെതന്യാഹു പറഞ്ഞു. യു.എന്‍ ഏജന്‍സികള്‍ വിതരണംചെയ്യുന്ന മാനുഷിക സഹായത്തില്‍ ഭൂരിഭാഗവും ഹമാസ് കൈക്കലാക്കുകയാണെന്നും അത് തടയണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു.
മധ്യസ്ഥരായ അമേരിക്ക, ഈജിപ്ത്, ഖത്തര്‍ എന്നിവ മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ പദ്ധതിക്ക് മറുപടിയായാണ് ഹമാസ് ബദല്‍ നിര്‍ദേശം വെച്ചത്. നാലര മാസം നീളുന്ന വെടിനിര്‍ത്തല്‍ കാലയളവിനിടെ അവശേഷിക്കുന്ന മുഴുവന്‍ ബന്ദികളെയും കൈമാറുമെന്നതായിരുന്നു ഹമാസിന്റെ നിര്‍ദേശം. അവസാന ബന്ദിയെയും കൈമാറിയാല്‍ ഇസ്രായില്‍ സൈന്യം പൂര്‍ണമായി ഗാസയില്‍നിന്ന് പിന്മാറണം. ഇതിനുശേഷം ആക്രമണം ഉണ്ടാകില്ലെന്ന് മധ്യസ്ഥര്‍ക്കുപുറമെ അമേരിക്ക, തുര്‍ക്കി, റഷ്യ എന്നീ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും ഉറപ്പുനല്‍കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.