ഷീലാ സണ്ണിയെ കുടുക്കിയ നാരായണദാസ് ഹണി ട്രാപ്പിലും പ്രതി, സേനാ വിഭാഗങ്ങളുടെ യൂണിഫോമില്‍ ഇരകളെ ഭീഷണിപ്പെടുത്തും

കൊച്ചി - ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ വ്യാജ മയക്കു മരുന്ന് കേസില്‍ കുടുക്കിയ തൃപ്പൂണിത്തുറ സ്വദേശി നാരായണദാസ് ഹണി ട്രാപ്പ് അടക്കമുള്ള കേസുകളില്‍ പ്രതിയെന്ന് പോലീസ്. നടന്‍ ദിലീപ് പ്രതിയായ നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതിഭാഗത്തിന് വേണ്ടി ഡിജിറ്റല്‍ തെളിവുകളില്‍ കൃത്രിമം കാട്ടിയെന്ന് ആരോപണം നേരിടുന്ന സായ്ശങ്കറിന്റെ കൂട്ടാളിയാണ് നാരായണദാസെന്നും പോലീസ്  പറയുന്നു. ഹണി ട്രാപ്പ് കേസില്‍ ഇവര്‍ കൂട്ട പ്രതികളാണ്. വിവിധ സേനാ വിഭാഗങ്ങളുടെ യൂണിഫോമിലെത്തി ഇരകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഇയാളുടെ രീതി.
ഷീലാ സണ്ണിയുടെ ബാഗിലും സ്‌കൂട്ടറിലും മയക്കുമരുന്നുണ്ടെന്ന് എക്‌സൈസിനോട് വിളിച്ചു പറഞ്ഞത് ഇയാളാണെന്ന് കഴിഞ്ഞ ദിവസം അന്വേഷണത്തില്‍ കണ്ടെത്തുകയും ഇയാളെ കേസില്‍ പ്രതി ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഷീലാ സണ്ണിയില്‍ നിന്ന് കണ്ടെത്തിയത് മയക്കു മരുന്ന് അല്ലെന്നും ഇവരെ കൂടുക്കാനുള്ള ശ്രമമാണ് നടന്നതെന്നും പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ അപ്പോഴേക്കും ഷീലാ സണ്ണിക്ക് 72 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നു. ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരിയുടെ അടുത്ത സുഹൃത്താണ് നാരായാണദാസ് എന്നാണ് പോലിസ് പറയുന്നത്. തന്റെ ബന്ധുക്കള്‍ തന്നെയാണ് മന;പൂര്‍വ്വം തന്നെ കേസില്‍ കുടുക്കിയതെന്ന സംശയം നേരത്തെ ഷീലാ സണ്ണി ഫോലീസിനോട് വ്യക്തമാക്കിയിരുന്നു. കോസില്‍ പ്രതിയായതിനെ തുടര്‍ന്ന് നാരായണദാസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിട്ടുണ്ട്. 

 

 

Latest News