Sorry, you need to enable JavaScript to visit this website.

വിദേശ സര്‍വ്വകലാശാലകള്‍ നല്ലതിന് -കേന്ദ്ര സര്‍വ്വകലാശാല  മുന്‍ വൈസ് ചാന്‍സലര്‍ ഡോ.ജി. ഗോപകുമാര്‍ 

തിരുവനന്തപുരം - വിദേശ സര്‍വ്വകലാശാലകള്‍ക്ക് സംസ്ഥാനത്തുപ്രവര്‍ത്തിക്കാനുള്ള ബജറ്റിലെ പ്രഖ്യാപനം വിദ്യാഭ്യാസ മേഖലയ്ക്കു ഗുണം ചെയ്യുമെന്ന് കേന്ദ്ര സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.ജി. ഗോപകുമാര്‍ പറഞ്ഞു.
വിദേശ സര്‍വ്വകലാശാലകളുടെ വരവിനെ എതിര്‍ത്ത വര്‍ തന്നെ ഇപ്പോള്‍ നിലപാടു മാറ്റിയതു സ്വാഗതാര്‍ഹമാണ്.
പത്തു പന്ത്രണ്ടു വര്‍ഷം മുമ്പെങ്കിലും ഈ തീരുമാനം ഉണ്ടാകേണ്ടിയിരുന്നുവെന്നും മലയാളം ന്യൂസിനു അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.പ്രവാസികളുടെ മക്കള്‍ക്കും ഇതിന്റ ഗുണം ലഭിക്കും.

വിദേശ സര്‍വ്വകലാശാലകളും സ്വകാര്യ സര്‍വ്വകലാശാലകളും വരുന്നതു ഉന്നത വിദ്യാഭ്യാസ രംഗത്തു ആരോഗ്യകരമായ മത്സരം ഉണ്ടാക്കും. ഇപ്പോള്‍ ഇവിടുത്തെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ വിദേശത്തുപോയി പഠിക്കുന്നുണ്ട്. സാമ്പത്തിക നഷ്ടം ഇതു മൂലം ഉണ്ടാകുന്നു. ഇതൊഴിവാക്കാന്‍ വിദേശ സര്‍വ്വകലാശാലകള്‍ ഇവിടേക്കുവരുന്നതു നല്ലതാണ്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉയര്‍ന്ന ഫീസു നല്‍കി പഠിക്കാനാവാത്ത സ്ഥിതിയുണ്ട്. സര്‍ക്കാര്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ സഹായിക്കണം.
നമ്മുടെ കുട്ടികള്‍ വിദേശ സര്‍വ്വകലാശാലകളില്‍ നന്നായി പഠിക്കുന്നവരാണ്. കഴിവുള്ള കുട്ടികളാണ്. അവര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ഒരു എക്കാ സിസ്റ്റം ഇവിടെ ഉണ്ടാക്കാന്‍ വിദേശ സര്‍വ്വകലാശാലകളുടെ വരവും സ്വകാര്യ സര്‍വ്വകലാശാലകളും സഹായിക്കും.
കേന്ദ്ര സര്‍ക്കാര്‍ വിദേശ സര്‍വ്വകലാശാലകള്‍ രാജ്യത്തു പ്രവര്‍ത്തിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചു വരുന്നതായാണ് അറിവ് .460 ഓളം സ്വകാര്യ സര്‍വ്വകലാശാലകള്‍ രാജ്യത്തു പ്രവര്‍ത്തിക്കുന്നുണ്ട്.
നോളജ് എക്കണോമിയിലേക്ക് ലോകം മാറുമ്പോള്‍ കേരളത്തിനു മാത്രമായി അതില്‍ നിന്നു മാറി നില്‍ക്കാനാവില്ല. പുതിയ നയമാറ്റം വിദ്യാഭ്യാസ മേഖലയില്‍ പുതിയൊരു എക്കോ സിസ്റ്റം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.ബജറ്റ് നിര്‍ദ്ദേശത്തിനു വിരുദ്ധമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു വിദേശ സര്‍വകലാശാല വന്നാല്‍ വിദ്യാഭ്യാസ രംഗം വാണിജ്യവത്കരിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വരവിനെ എസ്.എഫ്.ഐ.യും എതിര്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുന്‍വൈസ് ചാന്‍സിലറുടെ മലയാളം ന്യൂസിനോടുള്ള പ്രതികരണം.

Latest News