Sorry, you need to enable JavaScript to visit this website.

ചരിത്രനിമിഷം; സൗദിയും ബഹ്‌റൈനും തമ്മിൽ നിരവധി കരാറുകൾ ഒപ്പുവെച്ചു

റിയാദ്- സൗദി അറേബ്യയും ബഹ്‌റൈനും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ ഊട്ടിയുറപ്പിച്ച് ഇരുരാജ്യങ്ങളും തമ്മിൽ നിരവധി കരാറുകൾ ഒപ്പുവെച്ചു. റിയാദിൽ നടന്ന സൗദി-ബഹ്റൈൻ കോർഡിനേഷൻ കൗൺസിലിന്റെ മൂന്നാമത്തെ യോഗത്തിലാണ് കരാറുകൾ ഒപ്പിട്ടത്. സൗദിയും ബഹ്‌റൈനും തമ്മിലുള്ള ബന്ധത്തിന്റെ ആഴം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഊന്നിപ്പറഞ്ഞു. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ ഐക്യത്തിനായി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ  രാജാവിന്റെ കാഴ്ചപ്പാട് കൂടുതൽ ശക്തമാക്കാൻ ശ്രമങ്ങൾ വേണമെന്നും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അഭിപ്രായപ്പെട്ടു. 

പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടും ബഹ്റൈൻ മംതലകത്ത് ഹോൾഡിംഗ് കമ്പനിയും തമ്മിലുള്ള സഹകരണത്തിന്റെ അടിസ്ഥാനത്തിൽ 2022 നവംബറിൽ സ്ഥാപിച്ച സൗദി-ബഹ്റൈൻ കമ്പനിയുടെ ആദ്യ ഓഫീസ് തുറക്കാൻ തീരുമാനിച്ചു. ബഹ്‌റൈനിൽ കിംഗ് അബ്ദുല്ല സിറ്റി ഹോസ്പിറ്റലിന്റെ നിർമ്മാണം ഈ വർഷം പകുതിയോടെ പൂർത്തിയാക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നെറ്റ്വർക്കിംഗ്, ഇലക്ട്രോണിക് ഡാറ്റ പങ്കിടൽ എന്നിവയുമായി ബന്ധപ്പെട്ട പരിശീലനങ്ങളും ഒരുക്കും. 

ഊർജ്ജം, സമ്പദ്വ്യവസ്ഥ, ധനകാര്യം, സാമ്പത്തിക വിപണികൾ, നിയമം, സംസ്‌കാരം, വിദ്യാഭ്യാസം, ഭരണപരമായ വികസനം, ആരോഗ്യം, ടെലിവിഷൻ, റേഡിയോ, വാർത്ത എന്നീ മേഖലകളിൽ നിരവധി കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവച്ചു. സൗദി-ബഹ്റൈൻ കോർഡിനേഷൻ കൗൺസിലിന്റെ (നാലാമത്) യോഗം ബഹ്റൈനിൽ നടത്താൻ ധാരണയായി.

റിയാദിൽ നടന്ന സൗദി-ബഹ്റൈൻ കോർഡിനേഷൻ കൗൺസിലിന്റെ മൂന്നാമത്തെ യോഗത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും സംയുക്തമായാണ് അധ്യക്ഷത വഹിച്ചത്.
 

Latest News