ഗാസ- ഇസ്രായില്‍ എന്ന തെമ്മാടി രാഷ്ട്രം എന്തും ചെയ്യും, ചോദിക്കാനും പറയാനും ആളില്ലാത്ത ഈ ലോകത്ത് ബെഞ്ചമിന്‍ നെതന്യാഹുവിനും സംഘത്തിനും വെച്ച നിലയാണ്. ഫലസ്തീന്‍ പ്രദേശത്തെ ഇസ്രായില്‍ ആക്രമണം മാസങ്ങളായി തുടരുന്നതിനിടെ ക്രൂരകൃത്യങ്ങളില്‍ അയവു വരുത്താതെ ഇസ്രയേല്‍. തിങ്കളാഴ്ച ഇസ്രായില്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച ഫലസ്തീന്‍ ബാലന്റെ മൃതദേഹം തട്ടിക്കൊണ്ടുപോയി. വദീഅ് ഷാദി സഅദ് ഇല്‍യാന്‍ എന്ന 14കാരന്റെ മൃതദേഹമാണ് ഇസ്രായില്‍ സൈന്യം തട്ടിക്കൊണ്ടുപോയത്. തിങ്കളാഴ്ച ഉച്ചക്ക് 12.30ന് കിഴക്കന്‍ ജറുസലേമിലെ കുടിയേറ്റ കേന്ദ്രമായ മആലെ അദുമിയിലാണ് സംഭവം. ഇസ്രായില്‍ സേന വദീഇനെ പിന്തുടര്‍ന്ന് വെടിവക്കുകയായിരുന്നു. ആദ്യം വെടിയേറ്റപ്പോള്‍ അഞ്ചു മീറ്ററോളം പരിക്കുകളോടെ ഓടിയ വദീഇനെ പിന്തുടര്‍ന്ന് തുരുതുരെ വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം തട്ടിക്കൊണ്ടുപോയി.
കഴിഞ്ഞ ദിവസം ഇസ്രായില്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ ബാലന്റെ പിതാവിനെ സൈനിക ചെക്ക് പോസ്റ്റിലേക്ക് വിളിച്ചു വരുത്തി മരണവിവരമറിയിച്ചു. എന്നാല്‍ മൃതദേഹം കാണാനോ കൊണ്ടുപോകാനോ സമ്മതിക്കില്ലെന്ന് അറിയിച്ച് തിരിച്ചയച്ചു.
ഇതാദ്യമായല്ല ഇസ്രായില്‍ സൈന്യം മൃതദേഹങ്ങള്‍ കടത്തിക്കൊണ്ടു പോകുന്നതെന്ന് ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍സ് ഇന്റര്‍നാഷണല്‍ എന്ന സംഘടന അറിയിച്ചു. കുട്ടികളുടെ മൃതദേഹങ്ങള്‍ പോലും വെറുതെ വിടാനൊരുക്കമല്ല. ബന്ധുമിത്രാദികള്‍ക്ക് മൃതദേഹങ്ങള്‍ വിട്ടുനല്‍കാതെ മോഷ്ടിച്ച് കൊണ്ടു പോകുന്നൊരു സൈന്യം മറ്റെവിടെയും ഉണ്ടാകില്ല. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണ് ഇസ്രായില്‍ നടത്തുന്നതെന്നും ഡി.സി.ഐ.പി കുറ്റപ്പെടുത്തി.