കോട്ടയത്തെ ആകാശ പാതക്ക് വീണ്ടും ജീവന്‍വെക്കുന്നു, വിദഗ്ധ സംഘം പരിശോധിച്ചു

കോട്ടയം - നിര്‍മാണം സ്തംഭിച്ച ആകാശപാതയുടെ തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ സാധ്യതകള്‍ തേടി കലക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം പരിശോധിച്ചു. നിലവില്‍ നാറ്റ് പാക്ക് തയാറാക്കിയിരിക്കുന്ന രൂപകല്‍പന പ്രകാരമുള്ള നിര്‍മ്മാണ സാധ്യതകളാണ് കോട്ടയം ജില്ലാ കലക്ടര്‍ വി. വിഗ്‌നേശ്വരിയുടെ നേതൃത്വത്തില്‍ കേരള റോഡ് സേഫ്റ്റി അതോറിറ്റി, നാറ്റ്പാക് കിറ്റ്‌കോ, റവന്യൂ, മോട്ടോര്‍ വെഹിക്കിള്‍, പിഡബ്ല്യുഡി , പോലീസ് തുടങ്ങിയ വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍  പരിശോധിച്ചത്.

നാറ്റ് പാക് തയാറാക്കിയ രൂപകല്‍പ്പന പ്രകാരം 6 ലിഫ്റ്റുകളും 3 ഗോവണികളുമാണ് ഉള്ളത്. ഇവ നിര്‍മ്മിക്കുമ്പോള്‍ നിലവിലുള്ള റോഡിന്റെ ഘടനക്ക് ഉണ്ടാകുന്ന മാറ്റമാണ് സംഘം പ്രധാനമായും വിലയിരുത്തിയത്. റവന്യൂ വകുപ്പിന്റെ പുറമ്പോക്ക് ഭൂമിയില്‍ ഉള്‍പ്പെടുന്ന തരത്തില്‍ നിര്‍മ്മാണങ്ങള്‍ ഒതുങ്ങുമോ എന്നതും, കൂടാത അധികമായി സ്ഥലം വേണ്ടിവന്നാല്‍ അത് തിരക്കേറിയ റോഡിന്റെ ഗതാഗതത്തെ ഏങ്ങനെ ബാധിക്കുമെന്നതും സംഘം പരിഗണിക്കുന്നുണ്ട്.

ആകാശപാതയുടെ തുടര്‍ നിര്‍മ്മാണ സാധ്യതകള്‍ ഹൈക്കോടതി, കോട്ടയം ജില്ലാ ഭരണകൂടത്തോട് തേടിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് കോട്ടയം ജില്ലാ കലക്ടര്‍ അറിയിച്ചു.സ്ഥല പരിശോധനയെ തുടര്‍ന്ന് കോട്ടയം കളക്ടറേറ്റില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് നടപടിക്രമങ്ങള്‍ വിലയിരുത്തി.തഹസീല്‍ദാര്‍ യാസീന്‍ ഖാന്‍, കെ ആര്‍ എസ് എ ഡയറക്ടര്‍മാരായ ലിജു അഴകേശന്‍, കല, നാറ്റ് പാക് പ്രതിനിധി അരുണ്‍, മോട്ടോര്‍ വെഹിക്കിള്‍, പോലീസ്, പ്രതിനിധികള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ വീണ്ടും ഭൂമി പരിശോധന നടത്തിയ ശേഷം കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും

 

Latest News