Sorry, you need to enable JavaScript to visit this website.

സൗദിയിൽ റസിഡൻഷ്യൽ വില്ലകളിൽ നിലകൾ വേർതിരിക്കാൻ അനുമതി 

ജിദ്ദ-സൗദിയിൽ താമസ വില്ലകളിൽ ഓരോ നിലയും പ്രത്യേകം വേർതിരിക്കാൻ സൗദി ഗ്രാമവികസന മുൻസിപ്പൽ,ആന്റ് ഹൗസിംഗ് മന്ത്രാലയം അനുമതി നൽകി. അതേസമയം, പന്ത്രണ്ടു മീറ്ററിൽ കുറയാത്ത ഭാഗം സ്ട്രീറ്റുകളോട് ചേർന്നു നിൽക്കുന്ന സ്വതന്ത്ര വില്ലകളോ പൂർണമായും ചേർന്നു നിൽക്കുന്നതോ അടുപ്പിച്ചുള്ളതോ ആയ വില്ലകൾക്കും പത്തു മീറ്ററെങ്കിലും റോഡ് സൈഡുള്ളതോ ആയ വില്ലകൾക്കും മാത്രമായിരിക്കും ഈ  അനുവാദം ലഭിക്കുക.

നിലകൾ വേർതിരിക്കാൻ അനുമതി ലഭിക്കുന്ന വില്ലകളുടെ  ഓരോ നിലയും ഒരു സ്വതന്ത്ര പ്രവേശന കവാടമുള്ള ഒരു പ്രത്യേക റസിഡൻഷ്യൽ യൂണിറ്റായായാണ് പരിഗണിക്കുക. ഇത്തരം വില്ലകൾക്ക് റോഡ് സൈഡിലെ മതിലുകൾ നീക്കം ചെയ്ത് വാഹന പാർക്കിംഗ് സൗകര്യമൊരുക്കുന്നതിനു വിരോധമില്ല. വില്ല നിർമാണത്തിനുപയോഗിക്കുന്ന വസ്തുക്കൾ, സ്ഥലം,എഞ്ചിനീയറിംഗ് മേന്മ എന്നിവയെല്ലാം പരിഗണിച്ചുകൊണ്ട് മാത്രമേ അനുമതി നൽകുകയുള്ളൂ. വില്ല നിർമ്മിക്കാനുദ്ദേശിക്കുന്ന പ്രദേശത്തിന്റെ നിർമാണ കോഡ് വ്യവസ്ഥ ചെയ്യുന്ന രൂപത്തിൽ 
പ്രദേശത്തിന്റെ പൊതു ഭംഗിയും അന്താരാഷ്ട്ര നിർമാണ മാനദണ്ഢങ്ങളും പാലിച്ചു മാത്രമേ ഓരോ വില്ലകളും നിർമ്മിച്ചിരിക്കാവൂ. ഓരോ യൂണിറ്റിനും പ്രത്യേകം സ്‌കെച്ചും പ്ലാനുകളും സമർപ്പിച്ചായിരിക്കണം നിർമാണ അനുമതി പത്രം നേടേണ്ടത്.

വ്യാപാര സ്ട്രീറ്റുകളിൽ റസിഡൻഷ്യൽ കെട്ടിടങ്ങൾക്കും അഡ്മിനിസ്‌ട്രേറ്റീവ് റെസിഡൻഷ്യൽ കെട്ടിടങ്ങൾക്കും മതിലുകൾ നിർമ്മിക്കാൻ അനുവാദമുണ്ടായിരിക്കില്ല.  സൈഡുകളിലേക്കുള്ള റോഡിന്റെ ഭാഗത്തേക്ക് കെട്ടിടങ്ങളുടെ നീളത്തിനപ്പുറത്തേക്ക് മതിലുകൾ പണിയുന്നതിനും അനുമതിയില്ല. മുനിസിപ്പാലിറ്റികളുടെയും അനുബന്ധ മന്ത്രാലയങ്ങളുടെയും അനുമതിയോടെ സ്വന്തം വസ്തുവിൽ മൂന്ന് മീറ്ററിൽ ഉയരമില്ലാത്ത മതിലുകൾ പണിയുന്നതിന് താമസ വില്ലകൾ നിർമ്മിക്കുന്നവർക്ക് വാണിജ്യ സ്ട്രീറ്റുകളോട് ചേർന്നും അനുമതിയുണ്ടായിരിക്കും. മതിലുകൾക്ക് മുകളിൽ അനുവദിച്ച ഉയരത്തിനപ്പുറത്തേക്ക് ഒരുവിധ മറകളും അനുവദിക്കില്ല. മതിലുകൾ പണിയുന്നത് കെട്ടിടങ്ങളുടെ പൊതുഭംഗിക്കും നിർമാണ വ്യവസ്ഥകൾക്കും അനുസരിച്ചുമായിരിക്കണം.

കെട്ടിടങ്ങളുടെ ബാൽക്കണികളിൽ ഡിഷുകൾ സ്ഥാപിക്കാനോ ഇരുമ്പ് നെറ്റുകൾ  പിടിപ്പിക്കാനോ പാടില്ല. റെസിഡൻഷ്യൽ/കൊമേഴ്‌സ്യൽ റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ  താഴത്തെ നിലയിലെ നിർമ്മാണം നിർമാണ പ്ലോട്ടിന്റെ 60% കവിയാൻ പാടില്ല, കൂടാതെ ഒന്നാം നിലയിലെയും ആവർത്തിച്ചു വരുന്ന നിലകളിലെയും നിർമ്മാണത്തിന്റെ ശതമാനം പ്ലോട്ട് ഏരിയയുടെ 70% കൂടാൻ പാടില്ല. ഓരോ 45 ചതുരശ്ര മീറ്റർ ഷോപ്പ് ഏരിയയ്ക്കും പ്രോപ്പർട്ടി പരിധിക്കുള്ളിൽ ഒരു കാർ പാർക്കിംഗ് സ്ഥലം നിശ്ചയിച്ചിരിക്കണം. നിരവധി പേർ താമസിക്കുന്ന കെട്ടിടങ്ങൾക്ക് മുൻസിപ്പൽ ഗ്രാമവികസന പാർപ്പിട മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള സുരക്ഷ നിബന്ധനകൾ പാലിക്കുകയും വേണം. നിബന്ധനകളിലെ ഏതെങ്കിലും തരത്തിലുള്ള ലംഘനം പിഴയും ലഭിക്കാൻ കാരണമാകും.

Latest News