Sorry, you need to enable JavaScript to visit this website.

'ബ്രാഹ്മണരുടെ മതവികാരം വ്രണപ്പെടും'; ഗുജറാത്തില്‍ മത്സ്യത്തൊഴിലാളികളുടെ മീന്‍പിടുത്ത അനുമതി റദ്ദാക്കി

അഹ്മദാബാദ്- ബ്രാഹ്മണരുടെ മതവികാരം വ്രണപ്പെടുമെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്തിലെ സബര്‍കന്ധ ജില്ലാ ഭരണകൂടം മത്സ്യത്തൊഴിലാളികളുടെ മീന്‍പിടിക്കാനുള്ള ലൈസന്‍സ് റദ്ദാക്കി നടപടിയില്‍ ഹൈക്കോടതി ഗുജറാത്ത് സര്‍ക്കാരിന് നോട്ടീസയച്ചു. തങ്ങളുടെ മതവികാരം വ്രണപ്പെടുമെന്നു പരാതിയുമായി ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ടവര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതാപ്‌സാഗര്‍ തടാകത്തില്‍ മത്സ്യബന്ധനം നടത്താനുള്ള മത്സ്യത്തൊഴിലാകളികളുടെ അനുമതി ഫെബ്രുവരിയില്‍ ജില്ലാ ഭരണകൂടം റദ്ദാക്കിയത്. ഇതിനെതിരെ മത്സത്തൊഴിലാളികളാണ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. ഈ നടപടി സംബന്ധിച്ച് സര്‍ക്കാര്‍ സെപ്തംബര്‍ ഒമ്പതിനകം മറുപടി നല്‍കണമെന്ന് ജസ്റ്റിസുമാരായ അനന്ത് എസ്. ദവെ, ബൈരന്‍ വൈഷ്ണവ് എന്നിവരടങ്ങുന്ന ഡിവഷന്‍ ബെഞ്ച് ബുധനാഴ്ചയാണ് ഉത്തരവിട്ടത്.

പ്രതാപ്‌സാഗര്‍ തടാകത്തില്‍ നിന്നും മീന്‍പിടിക്കാന്‍ നേരത്തെ സര്‍ക്കാര്‍ ടെണ്ടര്‍ വിളിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2017 ഒക്ടോബറില്‍ തങ്ങള്‍ക്ക് മീന്‍പിടിക്കാനുള്ള ടെണ്ടര്‍ ലഭിച്ചത്. 2017 ജൂലൈ മുതല്‍ 2022 ജൂണ്‍ വരെ അഞ്ചു വര്‍ഷത്തേക്കാണ് മത്സ്യബന്ധന അനുമതി ലഭിച്ചതെന്ന് ഹര്‍ജിക്കാരായ ആശ മത്സ്യ വികാസ് ഖെദുത് മംഗളം മണ്ഡല്‍ എന്ന മത്സ്യത്തൊഴിലാളി സംഘടന ഹരജിയില്‍ പറയുന്നു. ഇതിനിടെ ഹിരലാല്‍ പുനംലാല്‍ ജോഷി എന്നയാള്‍ തടാകത്തിലെ മത്സ്യബന്ധനം ബ്രാഹ്മണ സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തുമെന്ന പരാതിയുമായി ഹൈക്കോടതിയില്‍ ഒരു പൊതു താല്‍പര്യ ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ മാസം ഇയാള്‍ ഈ ഹര്‍ജി പിന്‍വലിച്ചു. ്മത്സ്യബന്ധനത്തിന് തനക്ക് എതിര്‍പ്പില്ലെന്നു ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടത്തിന് ഇയാള്‍ കത്തെഴുതുകയും ചെയ്തിരുന്നു. എന്നിട്ടും ജില്ലാ ഭരണകൂടം മീന്‍പിടുത്ത വിലക്ക് നീക്കാന്‍ തയാറായിരുന്നില്ല.
 

Latest News