മൂന്നു കിലോ കഞ്ചാവുമായി പിടിയിലായ പ്രതികള്‍ എക്‌സൈസ് കസ്റ്റഡിയില്‍നിന്ന് ചാടിപ്പോയി

കൊച്ചി- എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍നിന്നും കഞ്ചാവുമായി റെയില്‍വേ പോലീസ് പിടികൂടിയ പ്രതികള്‍ എക്‌സൈസ് കസ്റ്റഡിയില്‍ നിന്നു ചാടിപ്പോയതായി പരാതി. ഇന്നലെ വൈകിട്ടാണ് സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും 3.240 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ റെയില്‍വേ പോലീസ് പിടികൂടിയത്. തുടര്‍ന്ന് പ്രതികളെ എക്‌സൈസിന് കൈമാറി.

കൊല്ലം ഇരവിപുരം പെരുമാതുളി നൗഷാദിന്റെ മകന്‍ സയിദ് അലി (22), കൊല്ലം തട്ടമല വടക്കേ പാലുകള സുധീറിന്റെ മകന്‍ യാസീന്‍ (21) എന്നിവരെയായിരുന്നു ഇന്നലെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് കഞ്ചാവുമായി പിടികൂടിയത്. ഷാലിമാര്‍-തിരുവനന്തപുരം ട്രെയിന്‍ എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ വന്നു നിന്ന സമയം സംശയാസ്പദമായി കണ്ടെത്തിയതിനെ തുടര്‍ന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

എക്‌സൈസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്ന പ്രതികള്‍ ഇന്ന് രാവിലെ കൊച്ചിയിലെ കച്ചേരിപ്പടിയിലുള്ള എക്‌സൈസ് കമ്മീഷണര്‍ ഓഫീസില്‍ നിന്നും ചാടിപ്പോയതായാണ് പറയപ്പെടുന്നത്. രാവിലെ ആറുമണിയോടെയാണ് ഇവരെ കാണാതായത്. ലോക്കപ്പില്‍ പാര്‍പ്പിച്ചിരുന്ന പ്രതികള്‍ എങ്ങനെയാണ് പുറത്ത് കടന്നത് എന്ന് വ്യക്തമല്ല.

 

Latest News