അമ്പലവും പള്ളിയുമടക്കം അനധികൃത നിര്‍മാണങ്ങള്‍ നീക്കം ചെയ്യാന്‍ തെലങ്കാന കോടതി ഉത്തരവിട്ടു

ഹൈദരാബാദ് - ക്ഷേത്രവും മുസ്‌ലിം പള്ളിയും ഉള്‍പ്പെടുന്ന രജിസ്റ്റര്‍ ചെയ്യാത്ത ആരാധനാലയങ്ങളും ജി.വി.എം റോഡ് മുതല്‍ മുഷീറാബാദ് റോഡ് വരെയുള്ള അനധികൃത നിര്‍മാണങ്ങളും നീക്കം ചെയ്യാന്‍ റവന്യൂ ഉദ്യോഗസ്ഥരോട് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടു. മൂന്നാഴ്ചയ്ക്കുള്ളില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കാനും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇരുവശങ്ങളിലെയും കയ്യേറ്റങ്ങള്‍ നീക്കാന്‍ കോടതി ഉത്തരവിട്ടിട്ടും ഉദ്യോഗസ്ഥര്‍ നിഷ്‌ക്രിയരെന്ന് ആരോപിച്ച് ശതാബ്ദി നിലയം ഫഌറ്റ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷനിലെ കെ. ശ്രീധര്‍ റെഡ്ഡി നല്‍കിയ കോടതിയലക്ഷ്യക്കേസില്‍ ജസ്റ്റിസ് അഭിനന്ദ് കുമാര്‍ ഷാവിലി, ജസ്റ്റിസ് നാമവരപ്പു രാജേശ്വര റാവു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്.

അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ ശ്രീധര്‍ റെഡ്ഡി 2022ല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കൈയേറ്റങ്ങള്‍ നീക്കാന്‍ കലക്ടര്‍ക്കും ജി.എച്ച്.എം.സി അധികാരികള്‍ക്കും കോടതി നിര്‍ദേശം നല്‍കിയിരുന്നു.

2023 ലെ കോടതി ഉത്തരവ് പാലിക്കപ്പെട്ടില്ല, അന്നത്തെ എംഎയുഡി പ്രിന്‍സിപ്പല്‍ സെക്രട്ടറി അരവിന്ദ് കുമാര്‍, ജിഎച്ച്എംസി മേധാവി ലോകേഷ് കുമാര്‍, അന്നത്തെ കലക്ടര്‍ അമോയ് കുമാര്‍ എന്നിവരെ പ്രതികളാക്കി കോടതിയലക്ഷ്യക്കേസ് നല്‍കിയിരുന്നു.

തുടര്‍ന്ന് ജി.എച്ച്.എം.സി കമ്മീഷണര്‍ റൊണാള്‍ഡ് റോസിനും കലക്ടര്‍ അനുദീപ് ദുരിസെറ്റിക്കും കോടതി സമന്‍സ് അയച്ചു. രണ്ട് ഉദ്യോഗസ്ഥരും കോടതിയില്‍ ഹാജരായി, നാലാഴ്ചക്കുള്ളില്‍ കോടതി ഉത്തരവ് പാലിക്കുമെന്ന് അറിയിച്ചു.

ക്ഷേത്രമായാലും മസ്ജിദായാലും ഏത് നിര്‍മ്മാണവും റോഡ് കൈയേറിയാണെങ്കില്‍ അത് മാറ്റാന്‍ ബാധ്യസ്ഥമാണെന്ന് കോടതി പറഞ്ഞു.

 

Latest News