റിയാദ് - ക്യാന്‍സറിനുള്ള മരുന്നുകള്‍ അടക്കം വളരെ പ്രധാനപ്പെട്ട മരുന്നുകള്‍ സൗദിയിലെങ്ങും രോഗികളുടെ വീടുകളില്‍ എത്തിച്ച് നല്‍കുന്ന സേവനം കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍ ആരംഭിച്ചതായി ആശുപത്രിയിലെ പ്രൈമറി കെയര്‍ ഫാര്‍മസി ഡയറക്ടര്‍ ഡോ. നിദാ സൈനി വെളിപ്പെടുത്തി. നിയന്ത്രിത മരുന്നുകള്‍ ഒഴികെയുള്ള മുഴുവന്‍ മരുന്നുകളും രോഗികളുടെ വീടുകളിലേക്ക് പാഴ്‌സലായി അയക്കാന്‍ സാധിക്കും. ആയിരക്കണക്കിന് റിയാല്‍ വിലവരുന്ന മരുന്നുകളാണിവ. ബാഹ്യഘടകങ്ങളൊന്നും ബാധിക്കാതെ രോഗികള്‍ക്ക് ഈ മരുന്നുകള്‍ എത്തിക്കുന്നതിന് അനുയോജ്യമായ സാഹചര്യങ്ങള്‍ ലഭ്യമാക്കേണ്ടത് പ്രധാനമാണ്.
ആശുപത്രിയില്‍ നേരിട്ട് എത്താന്‍ സാധിക്കാത്ത രോഗികള്‍ക്ക് മുടങ്ങാതെ മരുന്ന് ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് അനുയോജ്യമായ അന്തരീക്ഷത്തില്‍ പ്രതിവര്‍ഷം 1,25,000 മരുന്ന് പാഴ്‌സലുകള്‍ രോഗികളുടെ വീടുകളില്‍ എത്തിച്ച് നല്‍കാനാണ് പുതിയ സേവനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ഡോ. നിദാ സൈനി പറഞ്ഞു. സൗദിയില്‍ ആദ്യമായാണ് മരുന്നുകള്‍ രോഗികളുടെ വീടുകളില്‍ എത്തിച്ച് നല്‍കുന്ന സേവനം ഒരു ആശുപത്രി ആരംഭിക്കുന്നത്.