ഊട്ടിയിൽ കെട്ടിടം തകർന്ന് ആറ് മരണം; ഏഴുപേർ കെട്ടിട അവശിഷ്ടങ്ങൾക്കടിയിൽ, തിരച്ചിൽ തുടരുന്നു

ഗൂഡല്ലൂര്‍-ഊട്ടിക്കു സമീപം ഗാന്ധി നഗറില്‍ വീടിന്റെ ചുറ്റമതില്‍  നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ്  ആറ് സ്ത്രീ തൊഴിലാളികള്‍ മരിച്ചു. നാല് തൊഴിലാളികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഗാന്ധിനഗര്‍ സ്വദേശികളായ ഷക്കീല(36), മുത്തുലക്ഷ്മി(36), ഉമ(35),രാധ(38),ഭാഗ്യം(36),സംഗീത(30)എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മഹേശ്(23), ശാന്തി(45),ജയന്തി(56),തോമസ്(24)എന്നിവരെ ഊട്ടി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്കാണ് അപകടം. 13 പേരാണ് സംഭവസമയം ജോലിയില്‍ ഏര്‍പ്പെട്ടിരുന്നത്.  വീടിനു സമീപം മുകള്‍ഭാഗത്തെ ഉപയോഗശൂന്യമായ ടോയ്‌ലെറ്റ് ബ്ലോക്ക് തകര്‍ന്നതാണ് ദുരന്തത്തിനു കാരണമായത്. തകര്‍ന്ന ടോയ്‌ലെറ്റ് ബ്ലോക്ക് പതിച്ച കുന്നിലെ മണ്ണാണ്  തൊഴിലാളികളുടെ ദേഹത്തു വീണത്. മണ്ണില്‍ പുതഞ്ഞവരെ അഗ്നി-രക്ഷാസേന എത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തത്. അപ്പോഴേക്കും ആറു പേരുടെ ജീവന്‍ നഷ്ടമായിരുന്നു. ലൗഡേല്‍ പോലീസ്  കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Latest News