Sorry, you need to enable JavaScript to visit this website.

2030 ല്‍ സൗദി സമ്പദ്‌വ്യവസ്ഥ 6.4 ട്രില്യണിലെത്തും

റിയാദ് - സൗദി സമ്പദ്‌വ്യവസ്ഥ 2030 ഓടെ 6.4 ട്രില്യണ്‍ റിയാലിലേക്ക് വളരുമെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. ഇത് ലക്ഷ്യമിട്ടതിലും കൂടുതലാണ്. 2030 ല്‍ സമ്പദ്‌വ്യവസ്ഥയുടെ 65 ശതമാനം സ്വകാര്യ മേഖലാ പങ്കാളിത്തമാകുമെന്നും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, സ്വകാര്യ മേഖലാ ഫോറത്തില്‍ പങ്കെടുത്ത് ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു.
ടൂറിസം മേഖലയിലെ ലക്ഷ്യം ഉയര്‍ത്തിയിട്ടുണ്ടെന്ന് വകുപ്പ് മന്ത്രി അഹ്മദ് അല്‍ഖതീബ് പറഞ്ഞു. നേരത്തെ 2030 ഓടെ പത്തു കോടി വിനോദസഞ്ചാരികളെയാണ് ലക്ഷ്യമിട്ടിരുന്നത്. ഇപ്പോള്‍ 2030 ഓടെ വിനോദസഞ്ചാരികളുടെ എണ്ണം പതിനഞ്ചു കോടിയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ആഗോള തലത്തില്‍ സാമ്പത്തിക വ്യവസ്ഥയിലും തൊഴിലുകളിലും പത്തു ശതമാനം ടൂറിസം മേഖലയുടെ സംഭാവനയാണ്. ചില രാജ്യങ്ങളില്‍ ഇത് പതിനഞ്ചു ശതമാനമാണ്. 2019 ല്‍ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ ടൂറിസം മേഖലയുടെ സംഭാവന മൂന്നു ശതമാനമായി ഉയര്‍ത്താനാണ് ലക്ഷ്യമിട്ടിരുന്നത്. 2030 ഓടെ ഇത് പത്തു ശതമാനമായി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നു. 2019 ല്‍ ദേശീയ ടൂറിസം തന്ത്രവും ടൂറിസ്റ്റ് വിസയും പ്രഖ്യാപിച്ചതായും അഹ്മദ് അല്‍ഖതീബ് പറഞ്ഞു.
വിസാ നടപടികള്‍ എളുപ്പമാക്കിയതും വിനോദ, സ്‌പോര്‍ട്‌സ് പരിപാടികള്‍ സംഘടിപ്പിക്കുന്നതും ടൂറിസം മേഖലാ ശാക്തീകരണത്തിന് നടപ്പാക്കിയ പദ്ധതികളും ടൂറിസം, വിനോദ മേഖലകളില്‍ പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നടത്തിയ വന്‍തോതിലുള്ള നിക്ഷേപങ്ങളുമാണ് വിനോദസഞ്ചാരികളുടെ എണ്ണം കഴിഞ്ഞ വര്‍ഷം പത്തു കോടിയായി ഉയര്‍ത്താനും 2030 ല്‍ കൈവരിക്കാന്‍ പദ്ധതിയിട്ട ലക്ഷ്യം കഴിഞ്ഞ കൊല്ലം തന്നെ കൈവരിക്കാന്‍ പ്രാപ്തമാക്കിയതെന്നും ടൂറിസം മേഖലാ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. സൗദിയില്‍ ടൂറിസം മേഖല വലിയ വിപ്ലവത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ലോകത്ത് ടൂറിസം മേഖല സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ വിപ്ലവമാകും സൗദിയിലെത്. വിഷന്‍ 2030 ആരംഭിച്ചതോടെയാണ് സൗദിയില്‍ വിനോദസഞ്ചാര വ്യവസായ മേഖലയില്‍ വലിയ വളര്‍ച്ച ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ജി-20 രാജ്യങ്ങളില്‍ ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തിയത് സൗദിയിലാണ്. വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ആഗോള തലത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ വളര്‍ച്ച സൗദിയിലായിരുന്നു.

 

Latest News